ദൃശ്യം ചെയ്യുന്നില്ലെന്ന് ഉറപ്പിച്ചതായിരുന്നു, മമ്മൂക്കയാണ് നല്ല വേഷമാണെന്നുപറഞ്ഞ് നിർബന്ധിച്ചത്-മീന

#മൂവി ഡെസ്ക്
മീന, മമ്മൂട്ടി | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, Facebook
മീന, മമ്മൂട്ടി | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, Facebook

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3. ഈ മാസം 21-ന് തിയേറ്ററുകളിലെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് നടി മീന. ദൃശ്യം ആദ്യഭാഗത്തിന്റെ തിരക്കഥ കേട്ടപ്പോൾ ചെയ്യുന്നില്ല എന്നായിരുന്നു തന്റെ ആദ്യ മറുപടിയെന്ന് അവർ പറഞ്ഞു. ദൃശ്യം 3 റിലീസിനോടനുബന്ധിച്ച് ആശീർവാദ് സിനിമാസ് പുറത്തിറക്കിയ ചാറ്റ് ഷോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

"ദൃശ്യം ആദ്യഭാഗത്തിൽ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞതാണ്. എന്ത് വിഢിത്തമാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ തോന്നുന്നു. എന്റെ മകൾക്കപ്പോൾ രണ്ട് വയസുമാത്രമായിരുന്നു ഉണ്ടായിരുന്നത്. അവളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്. നല്ല തിരക്കഥയും കഥാപാത്രവുമൊക്കെയാണെങ്കിലും മകളെക്കുറിച്ചോർത്ത് വരാൻ പറ്റില്ലെന്ന് ആന്റണിയോട് പറ‍ഞ്ഞു.

ജീത്തു എന്നെ വന്ന് കാണുന്നതിനും മുൻപ് ചിത്രത്തേക്കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു. നല്ല കഥാപാത്രമാണ്. നിനക്ക് നന്നായി ചേരും. ജീത്തു വന്ന് കഥ പറയും എന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷേ എനിക്ക് അപ്പോഴും ഉറപ്പില്ലായിരുന്നു. ആ കഥാപാത്രത്തെ പരിപൂർണതയിൽ അവതരിപ്പിക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. കുറേ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. എങ്കിലും എനിക്കുവേണ്ടി എന്ത് സൗകര്യവും ചെയ്തുതരാമെന്ന് ആന്റണി പറഞ്ഞിരുന്നു. അങ്ങനെ ‍ഞാൻ റാണി എന്ന കഥാപാത്രത്തോട് യെസ് പറഞ്ഞു." മീനയുടെ വാക്കുകൾ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.

2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് മൂർധന്യാവസ്ഥയിൽ നിന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 ആസ്വാദകർക്ക് മുന്നിലെത്തിയത്.

റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.

Content Highlights: Meena initially declined the role in the first Drishyam film due to personal reasons., Mammootty played a pivotal role in encouraging Meena to accept the character of Rani., Drishyam 3 is produced by Antony Perumbavoor under Aashirvad Cinemas., The film features the original cast including Mohanlal, Meena, Esther Anil, and Ansiba Hassan., The highly anticipated third installment is set for a 2026 theatrical release.