എന്റെ കഷ്ടപ്പാടിന്റെ 10 ശതമാനം മാത്രമേ സിനിമയിലുള്ളൂ, ആ ചിത്രം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല -മേരി കോം

തന്റെ പേരിലുള്ള ബയോപിക് സിനിമയ്ക്കെതിരെ വിമർശനവുമായി ബോക്സിങ് താരം മേരി കോം. പ്രിയങ്ക ചോപ്ര അഭിനയിച്ച ആ ചിത്രം തന്റെ ജീവിതത്തിലെ മുഴുവൻ യാഥാർത്ഥ്യങ്ങളും അവതരിപ്പിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. തന്റെ കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റെയും 10 ശതമാനം മാത്രമാണ് സിനിമ കാണിച്ചതെന്നും അവർ പറഞ്ഞു. ചിത്രം പുറത്തിറങ്ങി പന്ത്രണ്ടുവർഷമാകുന്ന അവസരത്തിലാണ് മേരി കോമിന്റെ പ്രതികരണം.
തന്റെ കരിയറും യാത്രയും സിനിമയിലും 'അൺബ്രേക്കബിൾ' എന്ന പുസ്തകത്തിലും ഇതിനോടകം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ മേരി, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ആവശ്യകത തള്ളിക്കളഞ്ഞു. തന്റെ പുസ്തകം വായിച്ചാൽ മാത്രമേ വായനക്കാർക്ക് തന്റെ കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റെയും വ്യാപ്തി മനസ്സിലാക്കാൻ സാധിക്കൂ എന്ന് മേരി പറഞ്ഞു. ഭാവി എങ്ങനെയുമായിരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും തന്റെ വ്യക്തിജീവിതത്തിലുള്ള പൊതുജനങ്ങളുടെ താല്പര്യത്തെക്കുറിച്ചും അവർ സംസാരിച്ചു.
"സിനിമയ്ക്ക് ഇനി ഒരു രണ്ടാം ഭാഗം ഉണ്ടാകേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല; എല്ലാവർക്കും എന്റെ കഥ അറിയാം. എന്റെ കരിയറും യാത്രയും സിനിമയിലും എന്റെ 'അൺബ്രേക്കബിൾ' എന്ന പുസ്തകത്തിലും ഇതിനോടകം കാണിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും, ആ ബയോപിക് യഥാർത്ഥമായിരുന്നില്ല. കഥയുടെ ചില ഭാഗങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് എനിക്ക് തോന്നി. എന്റെ കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റെയും 10 ശതമാനം മാത്രമാണ് അതിൽ കാണിച്ചത്. നിങ്ങൾ പുസ്തകം വായിച്ചാൽ മാത്രമേ എന്റെ കഷ്ടപ്പാടുകളും കഠിനാധ്വാനവും കാണാൻ കഴിയൂ. ബാക്കി ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, എങ്കിലും ഭാവി സുഗമവും സന്തോഷകരവുമായിരിക്കുമെന്ന് ഞാൻ കരുതുന്നു. എന്റെ ജീവിതത്തിൽ പ്രണയത്തിന് ഇടമുണ്ടാകുമോ എന്നറിയാൻ ആളുകൾ ആഗ്രഹിക്കുന്നുണ്ട്. ഭാവിയിൽ അങ്ങനെ സംഭവിച്ചാൽ അപ്പോൾ ഞാൻ അതനുസരിച്ചുള്ള തീരുമാനമെടുക്കും." മേരി കോമിന്റെ വാക്കുകൾ.
താൻ ഒരു ജീവനുള്ള കായിക ഐക്കൺ ആണെന്നും നിരവധി വനിതാ അത്ലറ്റുകൾക്ക് ഇടം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയാണെന്നുമുള്ളതിനാൽ, മേരി കോമിന്റെ വേഷം സ്വീകരിക്കുന്നതിൽ തനിക്ക് ആദ്യം സംശയമുണ്ടായിരുന്നതായി 2022-ൽ നൽകിയ ഒരു അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. മേരിയോടുള്ള തന്റെ ആരാധനയാണ്, ആ വേഷം ചെയ്യാൻ അണിയറപ്രവർത്തകർ നിർബന്ധിച്ചപ്പോൾ ചിത്രം സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചത്. തനിക്ക് അവരുമായി യാതൊരു സാദൃശ്യവുമില്ലെന്നും ആ വേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആർക്കെങ്കിലും നൽകേണ്ടതായിരുന്നുവെന്നും അന്ന് പ്രിയങ്കാ ചോപ്ര തുറന്നുപറഞ്ഞിരുന്നു.
ഒമുങ് കുമാർ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രിയങ്കയായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും പ്രിയങ്കയെ തേടിയെത്തി.
2025-ൽ ഭർത്താവ് ഒൻലർ കോമുമായുള്ള വേർപിരിയൽ പരസ്യമായതിനെത്തുടർന്ന് മേരിയുടെ വ്യക്തിജീവിതം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താൻ സാമ്പത്തികമായി വഞ്ചിക്കപ്പെട്ടുവെന്നും തനിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മേരി പിന്നീട് ആരോപിച്ചു. എന്നാൽ ഒൻലർ ഈ ആരോപണങ്ങൾ നിഷേധിക്കുകയും മേരിയുടെ ബന്ധങ്ങളെക്കുറിച്ച് പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. അടുത്തിടെ 'ബിഗ് ബോസ് 20' ഷോയിലും 2012 ലെ ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ താരം പങ്കെടുത്തിരുന്നു.
Content Highlights: Following her eviction from Bigg Boss 20, Olympic champion Mary Kom criticized her 2014 Priyanka Chopra-starrer biopic as "not real," stating it captured merely 10 percent of her actual hardship and ruled out any possibility of a sequel.