അഭിമുഖം സ്‌ക്രിപ്റ്റഡ് അല്ല; ഗതികേട് കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ എണീറ്റു പോകാതെ വഴിയില്ല- മെറീന

Mareena Michael | Photo: https://www.instagram.com/mareenamichaelkurisingal/?hl=en
Mareena Michael | Photo: https://www.instagram.com/mareenamichaelkurisingal/?hl=en

ഷൈന്‍ ടോം ചാക്കോയുമൊത്തുള്ള അഭിമുഖത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അഭിമുഖത്തിന്റെ പകുതിക്കുവച്ച് ഇറങ്ങിപ്പോയതില്‍ വിശദീകരണവുമായി നടി മെറീന  മൈക്കിള്‍. ആ അഭിമുഖം ഒരിക്കലും സ്‌ക്രിപ്റ്റഡ് അല്ലെന്നും തനിക്കുണ്ടായ ഒരു അനുഭവം അവിടെ തുറന്നു പറഞ്ഞതാണെന്നും നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെ വെളിപ്പെടുത്തി. ഗതികേട് കൊണ്ട് പറയുമ്പോള്‍ അത് കേള്‍ക്കാന്‍ പോലും തയാറാകുന്നില്ലെങ്കില്‍ മറ്റു നിവൃത്തിയില്ലെന്നും മെറീന  പറയുന്നു. 

'വിവേകനാന്ദന്‍ വൈറലാ'ണ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പുരുഷന്മാര്‍ക്ക് സിനിമ സെറ്റില്‍ കാരവനും താന്‍ അടക്കമുള്ളവര്‍ക്ക് ബാത്ത്റൂം പോലുമില്ലാത്തതിനെ കുറിച്ച് മറീന പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ഷൈന്‍ ടോം ചാക്കോ അത് ഏതു നടനാണെന്ന് വെളിപ്പെടുത്തണമെന്നും പുരുഷന്മാരെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്നും പറഞ്ഞു. തുടര്‍ന്ന് ഷൈനുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ മറീന ക്ഷുഭിതയായി ഇറങ്ങിപ്പോവുകയായിരുന്നു.

മെറീനയുടെ വാക്കുകള്‍

വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഞാന്‍ കൊടുത്ത ഒരു അഭിമുഖത്തിന്റെ ക്ലിപ്പാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ കാണിച്ചുതന്നത്. ഈ അഭിമുഖം ഓണ്‍ എയര്‍ വന്ന ശേഷം ഒരുപാട് കമന്റുകള്‍ വന്നിരുന്നു. എന്താണ് സംഭവമെന്ന് അറിയാനായി ഒത്തിരി പേര്‍ വിളിക്കുന്നുണ്ട്. മിക്ക ആളുകളും കരുതിയിരിക്കുന്നത് ഇത് സ്‌ക്രിപ്റ്റഡ് ആണെന്നാണ്. ആദ്യം തന്നെ പറയട്ടെ, ഇതൊരിക്കലും സ്‌ക്രിപ്റ്റഡ് അല്ല. ഞാന്‍ ഇത് പ്രത്യേകിച്ച് എടുത്തുപറയുകയാണ്. ഇത് എനിക്ക് ഉണ്ടായൊരു അനുഭവം, എന്റെയൊരു പ്രശ്‌നം ഞാന്‍ സംസാരിച്ചതാണ്. 

സിനിമ പത്തൊന്‍പതാം തീയതി റിലീസാണ്. അപ്പോള്‍ സിനിമയെ പറ്റിയുള്ള ചര്‍ച്ചയെക്കാള്‍ കൂടുതല്‍ വിവാദപരമായ ചര്‍ച്ചകള്‍ വരുമ്പോള്‍ അത് സിനിമയെ ബാധിക്കരുതെന്ന് കരുതിയാണ് ഞാന്‍ ഈ വിഡിയോ ചെയ്യുന്നത്.  എനിക്ക് ഒരുപാട് വിഷമം നേരിടുകയും പ്രതികരിക്കാന്‍ പോലും പറ്റാതെ ഇറങ്ങിപ്പോയ ഒരു ഇന്റര്‍വ്യൂ ആണത്. നിങ്ങള്‍ക്ക് അത് കണ്ടാല്‍ മനസ്സിലാകും. ഞാന്‍ എന്താണ് പറയാന്‍ വന്നതെന്നു പോലും അംഗീകരിക്കുന്നില്ലെന്ന് എനിക്കു തോന്നി.  അത് പറയുമ്പോള്‍ തന്നെ എനിക്ക് ബുദ്ധിമുട്ടു തോന്നുന്നുണ്ട്.  ഈ അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന കമന്റ്‌സ് ഞാന്‍ ആണുങ്ങള്‍ക്ക് എതിരെ പറഞ്ഞു, ഇവള്‍ ഫെമിനിസ്റ്റ് ആണ്, വിക്ടിം കാര്‍ഡ് പ്ലെ ചെയ്യുകയാണ് എന്നൊക്കെയാണ്.  എല്ലാ ആണുങ്ങളും അങ്ങനെയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഷൈന്‍ ടോം ചാക്കോ എന്റെ സുഹൃത്താണ്, ഞാന്‍ അദ്ദേഹത്തെപ്പോലുമില്ല പറഞ്ഞത്. ചില ആളുകള്‍, ആ ചില ആളുകള്‍ എന്ന വിഭാഗത്തില്‍ വരുന്നത് ആണുങ്ങള്‍ ആയത് കൊണ്ട് ആണുങ്ങള്‍ എന്ന് പറഞ്ഞെന്നെ ഉള്ളൂ. ഞാന്‍ പറഞ്ഞത് വ്യക്തിപരമായി ഏതെങ്കിലും അഭിനേതാവിനെയോ നിങ്ങള്‍ക്കോ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണ്. എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഒരുപാട് സംഭവങ്ങളില്‍ ഒന്നോ രണ്ടോ സംഭവം ഇങ്ങനെയാണ് എന്ന് പറഞ്ഞതാണ്. 

ഞാന്‍ അന്ന് പറയാന്‍ വന്ന വിഷയം ഇതാണ്. അന്ന് തിരുവനന്തപുരത്ത് ഒരു സിനിമയില്‍ അഭിനയിക്കുകയാണ്.  ഞാന്‍ തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ടിന് ചെന്ന സമയത്ത് എനിക്ക് പീരിയഡ്‌സായി. സ്വാഭാവികമായും നല്ലൊരു മുറി ഉണ്ടെങ്കില്‍ പോലും നല്ലൊരു ബാത്‌റൂം കൂടി വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുമല്ലോ. ശാരീരികമായി അത്രയും ബുദ്ധിമുട്ടുന്ന സമയം. ആദ്യ ദിവസം മുറിയില്‍ കത്യമായ ബാത് റൂം പോലുമില്ല. പക്ഷേ ലീഡ് ആയിട്ടുള്ള പുരുഷ അഭിനേതാക്കള്‍ക്ക് അവര്‍ കാരവാന്‍ കൊടുത്തു. ഒരുവേള അവരോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ കാരവാന്‍ ഉപയോഗിക്കാന്‍ പറഞ്ഞു. പക്ഷേ എനിക്കത് കണ്‍ഫര്‍ട്ടബിളായി തോന്നിയില്ല. കാരണം അവര്‍ക്ക് കൊടുത്തതാണല്ലോ.


ഒരു സംഭവം മാത്രമല്ല ഞാന്‍ പറയുന്നത്. 'വിവേകാനന്ദന്‍ വൈറലാണ്' എന്ന സിനിമയുടെ സെറ്റില്‍ തന്നെ ഷൈന്‍ അന്വേഷിച്ചു, ഇവര്‍ക്ക് നല്ല കാരവന്‍ കൊടുത്തിട്ടില്ലേ എന്ന്. അങ്ങനെ ചോദിക്കേണ്ട അവസ്ഥ തന്നെ ഉണ്ടാവുകയാണ്. അപ്പൊ തന്നെ മനസ്സിലാകും അത് അവര്‍ക്ക് കൊടുത്തിട്ടുണ്ടോ ഇല്ലേ എന്നുള്ളത് സംശയമാണ്. പക്ഷേ ഞാന്‍ ഒരു സെറ്റില്‍ ചെന്നാല്‍ ഷൈന് ടോമിനോ മറ്റു പുരുഷന്മാര്‍ക്കോ നല്ലൊരു കാരവന്‍ ആണോ കൊടുത്തത് എന്ന് ചോദിക്കേണ്ടി വരില്ല. ഈ സിനിമയുടെ സെറ്റ് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു.  ഭക്ഷണവും താമസവും എല്ലാം വളരെ നല്ലതായിരുന്നു. എപ്പോഴും സേഫ് ആയി ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്.

തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് നടന്ന ആ സമയത്ത് ഒരു ബാര്‍ ഹോട്ടലില്‍ ആണ് താമസസൗകര്യം തന്നത്. എന്നും ഷൂട്ട് കഴിഞ്ഞു വരുമ്പോള്‍ ഹോട്ടലിന് താഴെ മുഴുവന്‍ കള്ള് കുടിച്ച ആളുകളാണ്. അസിസ്റ്റന്റ് വേറെ ഹോട്ടലില്‍ ആണ് താമസിക്കുന്നത്. ഹോട്ടലിനു മുന്നിലെത്തിയാല്‍ ഞാന്‍ ഇറങ്ങി ഓടുമെന്നാണ് ഡ്രൈവര്‍ ചേട്ടനോട് പറഞ്ഞത്.  അശ്വിന്‍ എന്റെ അസിസ്റ്റന്റ് ആണ്. ഞാന്‍ അവനോടു പറഞ്ഞു ഞാന്‍ ഓടി അകത്തു കയറും എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചു പറഞ്ഞാല്‍ മതി എന്ന്. പിന്നെ ഞാന്‍ പുറത്ത് ഇറങ്ങിയിട്ടെ ഇല്ല. കാരണം താഴെ നിറച്ച് ആളുകളാണ്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തോന്നിയാല്‍ അതിന് താഴെ പോകാന്‍ പോലും സാധിക്കില്ലായിരുന്നു. 

ഒടുവില്‍ ഞാന്‍ ക്രൂവിനോട് ബാര്‍ അടുത്തില്ലാത്ത ഒരു ഹോട്ടലിലേക്ക് താമസം മാറ്റിത്തരുമോ എന്ന് ചോദിച്ചു.  ബ്രേക്കിന് ഞാന്‍ കൊച്ചിയില്‍ വന്നു തിരിച്ച് പോയപ്പോഴും ഇത് തന്നെ അവസ്ഥ. റൂമില്ലെന്നാണ് അവര്‍ പറയുന്നത്. അവസാനം ഞാന്‍ തന്നെ നല്ലൊരു ഹോട്ടലില്‍ വിളിച്ച് അത് മേടിച്ചെടുത്തു. ഞാന്‍ ഇങ്ങനെ ഒരിടത്തു താമസിച്ചിട്ട് നാളെ ആരെങ്കിലും കയറി പിടിച്ചുവെന്ന് ഒരു പരാതി പറഞ്ഞാല്‍ അവരെന്താ ചോദിക്കുക, നിങ്ങള്‍ വേണമെങ്കില്‍ ചോദിച്ച് മേടിക്കണമായിരുന്നു എന്നായിരിക്കും. അതിനു വേണ്ടിയാണ് ഞാന്‍ ഫൈറ്റ് ചെയ്തത്.  ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരുന്നതിന്റെ ഗതികേടും ബുദ്ധിമുട്ടും ഒക്കെയാണ് ഞാന്‍ സംസാരിച്ചത്. 

അല്ലാതെ ആണുങ്ങള്‍ എല്ലാവരും എന്നോട് ഇങ്ങനെ പെരുമാറി എന്നല്ല. എന്നോട് മാന്യമായും നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേരുണ്ട് സിനിമില്‍ തന്നെ. ഞാനും സ്വാസികയും കൊടുത്ത ഒരു അഭിമുഖത്തില്‍ സ്വാസിക അവരുടെ ഒരു അനുഭവം പറഞ്ഞിരുന്നു ഒരു ഫീമെയില്‍  ആര്‍ട്ടിസ്റ്റ് കാരവന്‍ യൂസ് ചെയ്യാന്‍ സമ്മതിച്ചില്ല അന്നൊരു പുരുഷ താരമാണ് കാരവന്‍ ഉപയോഗിക്കാന്‍ കൊടുത്തതെന്ന്. ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ട് ഇതൊന്നും പുറത്തുവരുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ ഫെമിനിസ്റ്റ് ആണെന്ന് പറയും. ഇത് ഫെമിനിസം അല്ല ഒരുതരം ഗതികെട്ട അവസ്ഥയാണ് എന്നാണ് എനിക്ക് പറയേണ്ടി വരുന്നത്. നമ്മള്‍ നമ്മുടെ ഗതികേട് പറയുമ്പോള്‍ അത് കേള്‍ക്കാന്‍ പോലും തയാറാകുന്നില്ലെങ്കില്‍ അവിടെനിന്ന് എഴുന്നേറ്റ് പോവുകയല്ലാതെ വേറെ നിവര്‍ത്തിയില്ല. 

ഞാന്‍ ഭയങ്കര ബോള്‍ഡ് ആണ് എന്ന് പറഞ്ഞ് ഫേയ്ക്ക് ചെയ്ത് മടുത്തൂ. ഞാന്‍ അത്ര ബോള്‍ഡൊന്നും അല്ല. ഭയങ്കര സെന്‍സിറ്റീവ് ആണ്. എന്റെ വീട്ടുകാരുടെ പ്രാര്‍ഥന കൊണ്ടോ എന്റെ ഒരു ധൈര്യം കൊണ്ടോ ആണ് ഞാന്‍ അതിജീവിച്ചു പോകുന്നത്. ആള്‍ക്കാരെന്നോട് മോശമായി സംസാരിക്കരുതെന്ന് കരുതി ഞാന്‍ തന്നെ ക്രിയേറ്റ് ചെയ്‌തെടുത്ത പേഴ്‌സണാലിറ്റിയാണത് ഞാന്‍ ജീവിക്കുന്നത്. അത് ഒത്തിരി എനിക്ക് സഹായമായിട്ടുണ്ട്.  

ആ അഭിമുഖം സ്‌ക്രിപ്റ്റഡ് അല്ല.  ഇപ്പോള്‍ ഞാന്‍ കരയുന്നത് എന്തിനെന്ന് ചോദിച്ചാല്‍ എനിക്ക് ഇതെവിടെ എങ്കിലും പറയണം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും ഞാന്‍ കരയും. ഇത് ഭയങ്കര വിവാദമാകുകയാണ്. ഒരുപാട് കോളുകളും. എനിക്കൊരു മറുപടി പറഞ്ഞേ പറ്റൂ എന്നുള്ളതുകൊണ്ടാണ് പറയുന്നത്. പണ്ടും കാരവനില്ലാതെ ഉര്‍വശി, ശോഭന ചേച്ചി തുടങ്ങിയവരൊക്കെ സെറ്റില്‍ നിന്നും ബെഡ്ഷീറ്റൊക്കെ വിരിച്ച് വസ്ത്രം മാറിയിട്ടുണ്ട് എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഏതെങ്കിലും സെറ്റില്‍ ഇന്ന് ഞാന്‍ അങ്ങനെ ചെയ്ത് കഴിഞ്ഞാല്‍, അടുത്ത സെറ്റില്‍ ചെല്ലുമ്പോള്‍ പറയും അതിനു റൂമൊന്നും കൊടുക്കണ്ട ബെഡ്ഷീറ്റ് വലിച്ചുകെട്ടി ആണെങ്കിലും ഡ്രസ്സ് മാറിക്കോളും.  അതുകൊണ്ടാണ് ചെറിയ കാര്യങ്ങള്‍ വരെ നമ്മള്‍ ചോദിച്ച് വാങ്ങിക്കുന്നത്. ഇതാണ് ഞാന്‍ അഭിമുഖത്തില്‍ പറയാന്‍ വന്നത്. 

പക്ഷേ, ഞാന്‍ ഉദേശിച്ചത് പോലെ അത് നടന്നില്ല. ഇത് വേറെ രീതിയിലേക്കുള്ള വിവാദങ്ങളിലേക്ക് കൊണ്ടുപോകരുത്. സിനിമയിലുള്ളവരോട് ഒക്കെ ഞാന്‍ സംസാരിച്ചിട്ടുണ്ട്.  കമല്‍ സാറിനോടും ഷൈനിനോട് ഒപ്പമുള്ളവരോടും ഞാന്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, ഇങ്ങനെയാണ് ഞാന്‍ ഉദേശിച്ചത് എന്ന്.  എട്ട് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്.  തോല്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം. എന്നെ ആശ്രയിച്ച് കഴിയുന്ന കുറച്ച് പേര്‍ വീട്ടിലുണ്ട്.  ഈ വിഡിയോ കാണുമ്പോള്‍ ഞാന്‍ ഇങ്ങനെ ഒരു അവസ്ഥയിലാണെന്ന് അവര്‍ക്ക് മനസ്സിലാകുമായിരിക്കും. ഞാന്‍ ഇതുവരെ അങ്ങനെ കാണിച്ചിട്ടില്ല. എന്റെ അപ്പന്‍ മരിച്ചപ്പോള്‍ പോലും ഞാന്‍ കരഞ്ഞിട്ടില്ല.  സിനിമയോട് പാഷന്‍ തോന്നി, ഒട്ടും സപ്പോര്‍ട്ട് ഇല്ലാതെ വരുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. എന്നെങ്കിലും നല്ല ഒരു കാലം വന്നാല്‍ ഞാന്‍ അത് ആസ്വദിക്കുമായിരിക്കും- മെറീന കൂട്ടിച്ചേര്‍ത്തു.

Content Highlights: mareena michael Instagram post, shine tom chacko, interview, controversy, women in cinema