റെയിൽവേ ട്രാക്കിൽ തലവെച്ചുകിടന്നു: നടൻ മൻസൂർ അലി ഖാന്റെ പേരിൽ കേസ്

ചെന്നൈ: തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ പാളത്തിൽ തലവെച്ചുകിടന്നതിന് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർഥിയുമായ മൻസൂർ അലിഖാന്റെ പേരിൽ പോലീസ് കേസെടുത്തു. പാളത്തിൽ അതിക്രമിച്ചുകടന്ന് തടസ്സമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്.
ചൊവ്വാഴ്ച തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെയാണ് കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനടുത്തുള്ള പാളത്തിൽ തലവെച്ചത്. പോലീസെത്തി നടനെ പാളത്തിൽനിന്ന് മാറ്റുകയായിരുന്നു.
തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 1953-ൽ മുൻമുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടി പാളത്തിൽ തലവെച്ചത് വലിയ സംഭവമായിരുന്നു. കല്ലക്കുടിയിൽ എത്തിയപ്പോൾ കരുണാനിധിയുടെ പ്രതിഷേധം മനസ്സിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നും മൻസൂർ അലിഖാൻ ന്യായീകരിച്ചു.
ഇന്ത്യ ജനനായക പുലികൾ കക്ഷി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയ മൻസൂർ അലിഖാൻ തിങ്കളാഴ്ചയാണ് ലാൽഗുഡിയിൽ നാമനിർദേശപത്രിക സമർപ്പിച്ചത്. പ്രദേശത്ത് താമസിച്ചുകൊണ്ട് വീടുകൾതോറും പ്രചാരണം തുടരുകയാണ് അദ്ദേഹം.
Content Highlights: Actor-politician Mansoor Alikhan, contesting as an independent candidate from Lalgudi, enacted a dramatic scene on Tuesday by lying on railway tracks at Kallakudi Palanganatham station during his campaign.