ഒരു പാർട്ടിയുമായും ബന്ധമില്ല, വൈറലായ ആ വീഡിയോ വ്യാജം, വഞ്ചിതരാകരുത് -മനോജ് ബാജ്പേയി

താൻ ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നുവെന്ന് കാണിക്കുന്ന വീഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ മനോജ് ബാജ്പേയി. ഈ വീഡിയോ വ്യാജമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രൈം വീഡിയോയ്ക്ക് വേണ്ടി താരം ചിത്രീകരിച്ച ഒരു പഴയ പരസ്യത്തിന്റെ എഡിറ്റ് ചെയ്ത രൂപമാണ് ഈ ക്ലിപ്പ്. തെറ്റിദ്ധാരണാജനകമായ വീഡിയോ പ്രചരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച നടൻ അതിൽ വഞ്ചിതരാകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് മനോജ് ബാജ്പേയിയുടെ വ്യാജ വീഡിയോ പ്രചരിച്ചത്. പഴയ ഒരു പരസ്യത്തിലെ ദൃശ്യങ്ങളും ശബ്ദവും ഉപയോഗിച്ച്, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് ബാജ്‌പേയിയുടെ പിന്തുണയുണ്ടെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. ഈ വീഡിയോ കാഴ്ചക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ്, തന്റെ രാഷ്ട്രീയ ബന്ധങ്ങൾ നിഷേധിച്ചുകൊണ്ട് പൊതുപ്രസ്താവന നടത്താൻ മനോജ് ബാജ്പേയിയെ പ്രേരിപ്പിച്ചത്.
"എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമോ കൂറോ ഇല്ലെന്ന് പരസ്യമായി പ്രസ്താവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ, ഞാൻ പ്രൈം വീഡിയോക്കുവേണ്ടി ചെയ്ത ഒരു പരസ്യത്തിന്റെ എഡിറ്റ് ചെയ്ത വ്യാജ പതിപ്പാണ്. ഇത് പങ്കുവെക്കുന്ന എല്ലാവരോടും ഇത്തരം വളച്ചൊടിച്ച ഉള്ളടക്കം പ്രചരിപ്പിക്കുന്നത് നിർത്താൻ ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. കൂടാതെ, ഇത്തരം തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു." അദ്ദേഹം എക്സിൽ കുറിച്ചു.
നിരവധി പ്രമുഖ നടന്മാർ അടുത്തിടെ അവരുടെ വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹൃത്വിക് റോഷൻ തൻ്റെ ചിത്രം അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ നിയമപരമായ സംരക്ഷണം നേടിയിട്ടുണ്ട്. തങ്ങളുടെ പൊതു പ്രതിച്ഛായ സംരക്ഷിക്കാൻ സമാനമായ രീതിയിൽ നടപടി സ്വീകരിച്ചവരിൽ കരൺ ജോഹർ, സുനിൽ ഷെട്ടി, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, അക്ഷയ് കുമാർ എന്നിവരും ഉൾപ്പെടുന്നു.
Content Highlights: Manoj Bajpayee clarifies a doctored video falsely linking him to a political party ahead of Bihar elections. Actor urges public to ignore misleading content.