ബോക്സോഫീസിലും അവാര്‍ഡുകളിലും ‘ഇൻഡസ്ട്രി ഹിറ്റ്’; നേട്ടങ്ങളുടെ നെറുകയിൽ 'മഞ്ഞുമ്മൽ ബോയ്സ്'

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: facebook
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: facebook

യാതൊരു ബഹളങ്ങളുമില്ലാതെ തിയേറ്ററുകളിലെത്തുക, മലയാളസിനിമ അന്നേവരെ കാണാത്ത ബോക്സോഫീസ് റെക്കോർഡ് സ്വന്തമാക്കുക. കേരളത്തിനപ്പുറമുള്ള മറ്റ് ഇൻഡസ്ട്രികളിൽ, അവിടത്തെ നടീനടന്മാരുടെ ചിത്രങ്ങളെ മലർത്തിയടിച്ച് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുക. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനുമാത്രമാവും ഇങ്ങനെയൊരുനേട്ടം അവകാശപ്പെടാനാവുക. ചിദംബരം മലയാള സിനിമയ്ക്ക് സമ്മാനിച്ച സർവൈവൽ ത്രില്ലർ 2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ വാരിക്കൂട്ടിയത് ഒന്നും രണ്ടുമല്ല, പത്ത് അവാർഡുകളാണ്.

മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ, ഗാനരചന, സ്വഭാവ നടൻ, ശബ്ദരൂപകല്പന, കലാ സംവിധാനം, ഛായാഗ്രഹണം തുടങ്ങി പത്ത് വിഭാഗങ്ങളിലാണ് മഞ്ഞുമ്മൽ ബോയ്സ് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ഇതിൽ ഗാനരചയിതാവായി വേടൻ തിരഞ്ഞെടുക്കപ്പെട്ടത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. അദ്ദേഹത്തിന് ഇതാദ്യമായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. കുതന്ത്രം എന്ന റാപ് ഗാനത്തിനാണ് അവാർഡ് എന്നതും എടുത്തുപറയേണ്ടതാണ്. സംവിധായകൻ ചിദംബരത്തിനും ഇത് ആദ്യത്തെ സംസ്ഥാന പുരസ്കാരമാണ്.

2006-ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ഒരുസംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് പോയ സംഭവമാണ് ചിത്രത്തിനാധാരം. സ്ഥലം കണ്ട് തിരികെ പോരണമെന്ന് കരുതിയെങ്കിലും ഗുണ കേവും കണ്ടിട്ട് മടങ്ങാമെന്ന കൂട്ടത്തിലൊരാളുടെ വാക്കുകളാണ് അവരുടെ ജീവിതം മാറ്റിമറിക്കുന്നത്. ഗുണ കേവ് സന്ദർശിക്കുന്നതിനിടെ സുഭാഷ് എന്ന ചെറുപ്പക്കാരൻ ഗുണ കേവിനകത്തെ അഗാധ ഗർത്തത്തിലേക്ക് വീഴുന്നു. ഇയാളെ രക്ഷിക്കാനുള്ള സുഹൃത്തുക്കളുടേയും അധികാരികളുടേയും ശ്രമമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ സാരം.

റിലീസിന് പിന്നാലെ അക്ഷരാർത്ഥത്തിൽ ട്രെൻഡ് സെറ്ററാവുകയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനുപുറമേ ചിത്രം തമിഴ്നാട്ടിലും വലിയരീതിയിൽ സ്വീകരിക്കപ്പെട്ടു. തമിഴിലെ ക്ലാസിക് ചിത്രം ഗുണയിലെ കണ്മണി അൻപോട് കാതലൻ എന്ന ഗാനം മഞ്ഞുമ്മൽ ബോയ്സിൽ ഉൾപ്പെടുത്തിയിരുന്നു എന്നതാണ് അതിന് കാരണം. ചിത്രത്തിന്റെ ക്ലൈമാക്സിനടക്കം പല രംഗങ്ങൾക്കും ഈ ഗാനം നൽകിയ ഊർജം ഏറെ വലുതായിരുന്നു. ചിത്രം കണ്ട കമൽഹാസനും രജനീകാന്തുമുൾപ്പെടെയുള്ളവർ മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിട്ടുവിളിച്ച് അഭിനന്ദിച്ചത് വാർത്തകളിലും ഇടംപിടിച്ചു.

മലയാളസിനിമയിൽ ഇൻഡസ്ട്രി ഹിറ്റ് എന്ന പദത്തിന് പുതിയ തലം കൊണ്ടുവരാനും മഞ്ഞുമ്മൽ ബോയ്സിന് സാധിച്ചു. 242 കോടിയാണ് ചിത്രം ആഗോളതലത്തിൽ ആകെ നേടിയത്. മുൻനിര താരങ്ങൾ ആരുമില്ലാതെ ഒരു ചിത്രം ഇങ്ങനെയൊരു നേട്ടം കൈവരിച്ചതും ആദ്യമായാണ്.

2024 ഫെബ്രുവരി 22-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മഞ്ഞുമ്മൽ ബോയ്സ്' കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്‌. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമ്മാതാക്കൾ.

Content Highlights: Explore the phenomenal success of Manjummel Boys! This survival thriller shattered box office records and won 10 Kerala State Film Awards. Discover its inspiring story and achievements.