ത്രസിപ്പിക്കുന്ന രംഗങ്ങളുണ്ടാകില്ല, ആണുങ്ങൾ മാത്രം പോരാ;സബ്സ്ക്രിപ്ഷൻ തുടങ്ങുന്നു- നടി മഞ്ജു പത്രോസ്

ഇൻസ്റ്റഗ്രാം വഴിയുള്ള സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ തന്റെ അക്കൗണ്ടിലും ആരംഭിച്ചതായി നടി മഞ്ജു പത്രോസ്. കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് നടി ഇക്കാര്യം അറിയിച്ചത്. 399 രൂപയാണ് നടിയുടെ സബ്‌സ്‌ക്രിപ്ഷൻ തുക. ഇതുവരെ പത്തുപേർ നടിയുടെ അക്കൗണ്ടിൽ സബ്‌സ്‌ക്രൈബ് ചെയ്തുകഴിഞ്ഞു.
'സത്യത്തിൽ എനിക്ക് പറയാൻ ചമ്മലാണ്. ഞാൻ പറയാൻ പോകുന്ന കാര്യത്തെ ദുരുപയോഗം ചെയ്ത് പുറത്തുപറയാൻ പറ്റാത്ത കാര്യമായി മാറിയിട്ടുണ്ട്', എന്ന മുഖവുരയോടെയാണ് നടി സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയ കാര്യം അറിയിച്ചത്.
'എനിക്ക് ഇൻസ്റ്റയിൽ സബ്‌സ്‌ക്രിപ്ഷന്റെ ആ സാധനം വന്നിട്ടുണ്ട്. അപ്പോൾ ഞാൻ ഓർത്തു എന്നാൽ സബ്‌സ്‌ക്രിപ്ഷൻ തുടങ്ങാം എന്ന്. സബ്‌സ്‌ക്രിപ്ഷൻ എന്ന വാക്ക് പറയുമ്പോൾ ഞാൻ എന്തോ മോശം കാര്യം പറയുന്നതുപോലെ എനിക്കുതന്നെ ഫീൽ ചെയ്യുന്നു. വളരേ കുറച്ചുപേർ ചെയ്യുന്ന തോന്നിവാസം കാരണം കുറച്ചുകൂടെ നന്നായി ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോമിനെ മോശമായി ഉപയോഗിക്കുന്ന നിലയിലേക്കായി', അവർ പറഞ്ഞു.
'ഞാനൊരു സബ്‌സ്‌ക്രിപ്ഷൻ തുടങ്ങുവാണ്. പറ്റുന്നവർ സബ്‌സ്‌ക്രൈബ് ചെയ്യണം. പക്ഷേ, ഇതേപോലെ ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും അതിലുണ്ടാവില്ല. അങ്ങനെ താത്പര്യമുള്ള ആരും സബ്‌സ്‌ക്രൈബ് ചെയ്യേണ്ട. ഫീൽഡിൽ ഉണ്ടായ അനുഭവങ്ങൾ, എന്റെ ജീവിത യാത്രകൾ, ചെറിയ യാത്ര പോയിട്ടുണ്ടെങ്കിൽ അത്. അങ്ങനെ വിഷമങ്ങൾ, സന്തോഷങ്ങൾ എല്ലാം എനിക്ക് പങ്കുവെക്കാനുള്ള ഒരു സ്ഥലം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. പറ്റുന്നവർ സബ്‌സ്‌ക്രിപ്ഷൻ എടുക്കണം. ഈ പറയുന്ന പോലെ, മറ്റേതില്ല. അത് ആദ്യമേ പറഞ്ഞേക്കാം. പെണ്ണുങ്ങളും വരണം എന്റെ സബ്‌സ്‌ക്രിപ്ഷനിൽ. ആണുങ്ങൾ മാത്രം പോരാ', അവർ കൂട്ടിച്ചേർത്തു.
Content Highlights: Actress Manju Pathrose officially launched her Instagram subscription feature. The monthly subscription fee is set at Rs 399. Content will focus on personal life experiences, travel, and emotional journeys rather than provocative content. The actress specifically invited female followers to join the subscription community