നരവീണ മുടി, മേക്കപ്പില്ലാതെ മനീഷ കൊയ്രാള; ‘ട്രൂ ബ്യൂട്ടി’യെന്ന് ആരാധകര്‍

നരവീണ മുടിയും മേക്കപ്പില്ലാത്ത മുഖവുമായി പൊതുയിടത്ത് പ്രത്യക്ഷപ്പെട്ട നടി മനീഷ കൊയ്‌രാളയെ പ്രശംസകൊണ്ട് ചൊരിഞ്ഞ് ആരാധകരും സോഷ്യല്‍ മീഡിയയും. താരം മുംബൈ വിമാനത്താവളത്തിലെത്തിയ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോടികളില്ലാതെ പൊതുയിടത്ത് വരാനുള്ള താരത്തിന്റെ ആത്മവിശ്വാസത്തെ ആരാധകര്‍ പ്രശംസിച്ചു.
കറുപ്പ് ഹൂഡിയും അതേ നിറത്തിലുള്ള പാന്റ്‌സുമാണ് താരം ധരിച്ചത്. കറുപ്പ് കൂളിങ് ഗ്ലാസും നടി ധരിച്ചിരുന്നു. ആരാധകര്‍ ആവശ്യപ്പെട്ടപ്പോള്‍ താരം ചിത്രമെടുക്കാനായി അവസരം നല്‍കി. 'ടൈംലെസ് ബ്യൂട്ടി', 'ട്രൂ ബ്യൂട്ടി' എന്നീ വിശേഷണങ്ങളുമായി ആരാധകരെത്തി.
കഴിഞ്ഞയാഴ്ച മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ മുംബൈ ഗേറ്റ്‌വേയില്‍ നടന്ന പരിപാടിയില്‍ നടി പങ്കെടുത്തിരുന്നു. നവംബര്‍ 28-ന് 'ഗുഷ്താഖ് ഇഷ്ഖ്' എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിനും താരമെത്തിയിരുന്നു. ഫാത്തിമ സന ഷെയ്ഖും വിജയ് വര്‍മയും നസറുദ്ദീന്‍ഷായും പ്രധാനവേഷങ്ങളിലെത്തിയ 'ഗുഷ്താഖ് ഇഷ്ഖ്', നിര്‍മാതാവെന്ന നിലയില്‍ മനീഷയുടെ ആദ്യചിത്രമാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ 'ഹീരാമണ്ഡി'യിലാണ് താരം ഒടുവില്‍ അഭിനയിച്ചത്.
Content Highlights: Manisha Koirala spotted makeup-free with grey hair, winning hearts. Fans call her `true beauty` for her confidence