മനീഷ കൊയ്‌രാള ബേക്കലിൽ, ഒപ്പം കുടുംബവും; ‘ബോംബെ’ 30-ാം വാർഷികാഘോഷം, മണിരത്നവും പങ്കെടുക്കും

കാസർകോട്: ഡിസംബറിന്റെ നനുത്ത രാവിൽ പ്രകൃതിസൗന്ദര്യത്തിന്റെ വശ്യമനോഹര ഭൂമികയിലേക്ക് മനീഷ കൊയ്‌രാള വീണ്ടും കാൽതൊട്ടു. തന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായ ‘ബോംബെ’യിലെ ‘ഉയിരേ...’യെന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനത്തിൽ ഷൈലാ ബാനുവിന്റെയും ശേഖറിന്റെയും പ്രണയാതുര രംഗങ്ങൾ അഭിനയിച്ചുതീർത്ത ബേക്കലിനെ അവർ വീണ്ടും അനുഭവിക്കുകയാണ്.
30 വർഷങ്ങൾക്കിപ്പുറം ഇവിടേക്കെത്തുമ്പോൾ ബേക്കലിന്റെ പടിഞ്ഞാറൻമേഖലയിൽ അറബിക്കടലിന്റെ ഓളങ്ങൾ പാറക്കെട്ടുകളിൽ പാൽനുര ചിതറിക്കുംപോലെ ഓർമ്മകളുടെ തിരയിളക്കം. ‘ബോംബെ’ സിനിമയുടെയും ബേക്കൽ റിസോർട്ട് ഡിവലപ്‌മെന്റ് കോർപ്പറേഷന്റെ(ബിആർഡിസി)യും 30-ാം വാർഷികാഘോഷങ്ങൾക്കായാണ് മനീഷാ കൊയ്‌രാള ബേക്കലിലെത്തിയത്. സംവിധായകൻ മണിരത്നവും ഛായാഗ്രഹകൻ രാജീവ് മേനോനുമൊപ്പമാണ് ശനിയാഴ്ച അവർ വാർഷികാഘോഷച്ചടങ്ങുകളിൽ പങ്കെടുക്കുക.
മനീഷയ്ക്കൊപ്പം കുടുംബാംഗങ്ങളുമുണ്ട്. മലാംകുന്നിലെ താജ് ഗേറ്റ്‌വേ റിസോർട്ടിൽ ബിആർഡിസി ഉദ്യോഗസ്ഥരും ഹോട്ടൽ അധികൃതരും ചേർന്ന‍് സ്നേഹോഷ്മള സ്വീകരണം നൽകി. നിറഞ്ഞ ചിരിയോടെ എല്ലാവരെയും കൈകൂപ്പി മനീഷ സ്വീകരണം ഏറ്റുവാങ്ങി. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതും മീറ്ററുകൾക്കപ്പുറം കായലും കടലും സംഗമിക്കുന്നതുമായ ഗേറ്റ്‌വേയുടെ സൗന്ദര്യം അവർ ആസ്വദിച്ചു. തുടർന്ന് ഗേറ്റ്‌വേയിലുള്ള കോട്ടക്കൽ ആര്യവൈദ്യശാലയിലെ വെൽനസ് കേന്ദ്രത്തിൽ ആയുർവേദ ചികിത്സ. രണ്ടുദിവസംകൂടി ബേക്കലിൽ തങ്ങിയ ശേഷമാകും മനീഷ കൊയ്‌രാളയും കുടുംബവും മടങ്ങുക.
ശനിയാഴ്ച രാവിലെ മനീഷ കൊയ്‌രാളയും ‘ബോംബെ’ സിനിമയുടെ സംവിധായകൻ മണിരത്നവും ഛായാഗ്രഹകൻ രാജീവ് മേനോനും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനോടൊപ്പം ബേക്കൽ കോട്ട സന്ദർശിക്കും. വൈകിട്ട് നാലിന് നടക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനച്ചടങ്ങിലും ഇവർ പങ്കെടുക്കും. ’ഉയിരേ...’ ഗാനത്തിന്റെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച ബേക്കൽ കോട്ടയെ സിനിമാപ്രേമികൾക്കിടയിൽ വീണ്ടും പരിചയപ്പെടുത്തുക, പ്രദേശത്തെ സിനി ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ബിആർഡിസിയും ടൂറിസം വകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബേക്കൽ മാറും, സിനി ടൂറിസം കേന്ദ്രമായി
കാസർകോട്: ഹിറ്റായ ഒട്ടേറെ സിനിമകളുടെ ലൊക്കേഷനായ ബേക്കലിനെ സിനിമാ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനൊരുങ്ങി ടൂറിസം വകുപ്പും ബേക്കൽ റിസോർട്സ് ഡിവലപ്മെന്റ് കോർപ്പറേഷ(ബിആർഡിസി)നും. 1995-ൽ പുറത്തിറങ്ങിയ ‘ബോംബെ’ സിനിമയുടെ സംവിധായകൻ മണിരത്നവും നായിക മനീഷാ കൊയ്‌രാളയും ഛായാഗ്രാഹകൻ രാജീവ് മേനോനും 30 വർഷത്തിനുശേഷം ശനിയാഴ്ച വീണ്ടും ബേക്കൽ കോട്ടയിലും ബീച്ചിലുമെത്തും. സിനിമയിലെ നായകനായ അരവിന്ദ് സ്വാമിയെയും ബേക്കലിലെത്തിക്കാൻ ടൂറിസം വകുപ്പ് ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ തിരക്കുകാരണം നടന്നില്ല.
വീണ്ടും ബേക്കലിൽ 30 വർഷം മുമ്പ് ഷൈലാ ബാനുവായി പകർന്നാടിയ കോട്ടകൊത്തളങ്ങളിൽ മനീഷാ കൊയ്‌രാള ശനിയാഴ്ച വീണ്ടുമെത്തും. അന്ന് ‘ഉയിരേ...’എന്ന നിത്യഹരിതഗാനത്തിനൊപ്പം അഭിനയിച്ചതിന്റെ ഒാർമ്മ പുതുക്കും അവർ. നായകനും നായികയ്ക്കും നിർദേശം നൽകി ‘ആക്ഷൻ... കട്ട്...’ പറഞ്ഞ മണിരത്നം ബേക്കലിന്റെ മാസ്മരികതയിൽ പുതിയൊരു സിനിമയ്ക്കുള്ള സാധ്യത തേടുകയാകും. ക്യാമറ ചലിപ്പിച്ച രാജീവ് മേനോൻ പുതിയൊരു ഫ്രെയിം കണ്ടെത്തുന്നതിനേക്കുറിച്ചാകും ചിന്തിക്കുക. ഇവരുടെ സംഗമത്തോടെ ബേക്കലിനെ സിനി ടൂറിസം കേന്ദ്രമാക്കുന്നതിന്റെ പുതിയൊരധ്യായത്തിന് തുടക്കം കുറിക്കും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും സ്ഥലത്തുണ്ടാകും.
‘ബോംബെ’ പോലെ ‘ഉറുമി’, ‘മായാനദി’, ‘മധുരനൊമ്പരക്കാറ്റ്’, ‘പ്രണയവിലാസം’ തുടങ്ങിയ ഹിറ്റ് സിനിമകളിലെ രംഗങ്ങളും ബേക്കലിൽ ചിത്രീകരിച്ചിരുന്നു. കാസർകോട് പശ്ചാത്തലമായി പുതിയ സിനിമകൾ വരുന്നുണ്ടെങ്കിലും അതിൽ പലതിലും ബേക്കൽ കോട്ടയും ബീച്ചും കടന്നുവരുന്നില്ല.
തളങ്കരയെ മറക്കരുത്
ബേക്കൽ മാത്രമല്ല, കാസർകോട് നഗരത്തോട് ചേർന്നുകിടക്കുന്ന തളങ്കരയുടെ സൗന്ദര്യവും മണിരത്നം ബോംബെയിൽ പ്രയോജനപ്പെടുത്തിയിരുന്നു. അരവിന്ദ് സ്വാമി അവതരിപ്പിച്ച ശേഖറിന്റെയും മനീഷ കൊയ്‌രാള അവതരിപ്പിച്ച ഷൈലാ ബാനുവിന്റെയും വീടും തീവണ്ടിയിറങ്ങിവരുന്ന നായകൻ തോണിയിറങ്ങിവരുന്ന നായികയെ ആദ്യം കാണുന്നതും ചിത്രീകരിച്ചത് തളങ്കരയിലാണ്.
ആദ്യം ‘കിരീടം പാലം’; പിന്നാലെ ‘ബേക്കൽ’
കാസർകോട്: സംസ്ഥാനത്ത് സിനിമാ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ വെള്ളായണിയിലുള്ള 'കിരീടം' പാലത്തിനായി 1.22 കോടി രൂപയുടെ പദ്ധതിയാണ് ടൂറിസം വകുപ്പ് നടപ്പാക്കിയത്. 2023-ലാണ് ഇതിന് അനുമതി നൽകിയത് സിനിമാ ടൂറിസത്തിന് അനുസൃതമായി പാലത്തെ ആകർഷകമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം.
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാലും പാർവതിയും തകർത്തഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ കിരീടം സിനിമയിലൂടെ പ്രശസ്തമായ ലൊക്കേഷനാണ് തിരുവനന്തപുരത്തെ വെള്ളായണിയിലുള്ള പാലം. സിനിമ പ്രശസ്തമായതോടെ ഈ പാലവും ശ്രദ്ധ നേടി. ഈ സിനിമ പുറത്തിറങ്ങി മൂന്നര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും സിനിമാപ്രേമികളും വിനോദസഞ്ചാരികളും പാലം കാണാൻ വെള്ളായണിയിൽ എത്തുന്നുണ്ട്. ഈ പ്രശസ്തി മുൻനിർത്തിയാണ് ടൂറിസം വകുപ്പ് വെള്ളായണി പാലം സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമാക്കിയത്.
മണിരത്നത്തിന്‍റെ ‘ബോംബെ’ സിനിമയിലെ പ്രശസ്തമായ ഗാനം 'ഉയിരേ...' ചിത്രീകരിച്ച ബേക്കൽ കോട്ടയും അന്ന് പദ്ധതിക്കായി തിരഞ്ഞെടുത്തതാണ്. മണിരത്നവുമായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൂടിക്കാഴ്ചയും നടത്തിയിരുന്നു. പക്ഷേ, പലകാരണങ്ങളാൽ നീണ്ടുപോയ താരസംഗമമാണ് ശനിയാഴ്ച നടക്കുന്നത്. മറ്റ് ചില പ്രധാന സിനിമാ ലൊക്കേഷനുകളും സിനിമാ ടൂറിസത്തിന്റെ ഭാഗമാക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്.
ബേക്കൽ ബീച്ച് ഫെസ്റ്റിന് ഇന്ന് തുടക്കം
ഉദുമ: ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിന്റെ മൂന്നാമത് എഡിഷന് ശനിയാഴ്ച തിരിതെളിയും. വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റ് സംഘാടകസമിതി ചെയർമാൻ കൂടിയായ സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. എംഎൽഎമാരായ എം. രാജഗോപാലൻ, ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ബി.വി. വിജയ് ഭാരത് റെഡ്ഡി, മുൻ എംഎൽഎമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ബോംബെ സിനിമയുടെ സംവിധായകൻ മണിരത്നം, സിനിമാനടി മനീഷ കൊയ്‌രാള, ഛായാഗ്രഹകൻ രാജീവ് മേനോൻ എന്നിവർ ചടങ്ങിൽ അതിഥികളാവും. ഉദ്ഘാടനച്ചടങ്ങിന് ശേഷം നടി രമ്യാ നമ്പീശനും സംഘവും കലാപ്രകടനങ്ങൾ അവതരിപ്പിക്കും.
മേളയുടെ സമാപനദിവസമായ 31-ന് രാത്രി 12-ന് പുതുവത്സരത്തെ വരവേൽക്കാൻ ഡിജിറ്റൽ വെടിക്കെട്ടുണ്ടാകും. ഉദ്ഘാടനദിവസം പ്രവേശനം സൗജന്യമായിരിക്കും. മറ്റ് ദിവസങ്ങളിൽ പ്രവേശനത്തിന് ടിക്കറ്റുണ്ട്.
പാർക്കിങ്ങിന് പ്രത്യേക സൗകര്യം
ബേക്കൽ ഫെസ്റ്റിനെത്തുന്നവരുടെ വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമൊരുക്കി. പള്ളിക്കര പിഎച്ച്‌സി പരിസരം, പള്ളിക്കര ജിഎച്ച്എസ്എസ് പരിസരം, സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും മറ്റു വാഹനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. വടക്ക് ഭാഗത്തായി ബേക്കൽ മിനി സ്റ്റേഡിയം, ബേക്കൽ ഫോർട്ടിന്റെ പാർക്കിങ് കേന്ദ്രം, പാർക്കിന്റെ പുറത്ത് ഇരുവശത്തായുള്ള സ്വകാര്യ ഭൂമി, പാർക്കിന്റെ തെക്കേയറ്റത്ത് പഴയ റെഡ്മൂൺ ബീച്ച് പരിസരം എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യമുണ്ട്.
Content Highlights: Manisha Koirala revisits Bekal Fort, the iconic location of `Bombay`s` `Uyire...` song, for the film`s 30th anniversary. Director Mani Ratnam joins the celebration.