'നാഗവല്ലിയെന്നായിരുന്നു പേര്, തെക്കിനീന്ന് ഇറങ്ങിയ ആ തമിഴത്തി വെറുതേ അങ്ങ് പോവില്ല' | Trailer

മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക് സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് ആധുനിക സാങ്കേതികവിദ്യയായ 4k ഡോൾബി അറ്റ്മോസിലൂടെ വീണ്ടും പ്രദർശനത്തിനെത്തുന്നു. ഈ മാസം 17-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സ്വർഗ ചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്. സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് മണിച്ചിത്രത്താഴ് പുതുരൂപത്തിൽ പുറത്തിറക്കുന്നത്.
1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു. മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക പാടവത്തില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.
കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു. എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്.
സംഗീതം : എം.ജി. രാധാകൃഷ്ണൻ. പശ്ചാത്തലസംഗീതം: ജോൺസൺ, ഗാനരചന : ബിച്ചു തിരുമല, മധു മുട്ടം, വാലി. ഛായാഗ്രഹണം : വേണു. ചിത്രസംയോജനം : ടി.ആർ. ശേഖർ, സ്റ്റുഡിയോ : സ്വർഗ്ഗചിത്ര. ബെന്നി ജോൺസൺ, ധനുഷ് നായനാർ, സോമൻ പിള്ള, അജിത്ത് രാജൻ, ശങ്കർ, പി എൻ മണി, സൂര്യ ജോൺ, മണി സുചിത്ര, വേലായുധൻ കീഴില്ലം, ജിനേഷ് ശശിധരൻ, ബാബു ഷാഹിർ, എം ആർ രാജാകൃഷ്ണൻ. പി ആർ ഒ : വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് : അരുൺ പൂക്കാടൻ ( 1000 ആരോസ്).
Content Highlights: manichithrathazhu 4k re release trailer released