വിവാദങ്ങള്‍ക്ക് പിന്നാലെ മമത കുല്‍കര്‍ണിയെ മഹാമണ്ഡലേശ്വര്‍ സ്ഥാനത്തുനിന്ന് നീക്കി കിന്നര്‍ അഖാഡ

വിവാദങ്ങൾക്കൊടുവിൽ ബോളിവുഡ് താരം മമത കുൽകർണിയെ കിന്നർ അഖാഡയിലെ മഹാമണ്ഡലേശ്വർ സ്ഥാനത്ത് നിന്ന് പുറത്താക്കി. താരത്തെ അഖാഡയിൽ ചേർത്ത ആചാര്യ ലക്ഷ്മി നാരായൺ ത്രിപാഠിയേയും മഹാമണ്ഡലേശ്വർ സ്ഥാനത്ത് നിന്ന് നീക്കിയതായി കിന്നർ അഖാഡ സ്ഥാപകൻ റിഷി അജയ് ദാസ് പുറത്തിറക്കിയ കുറിപ്പിലൂടെ അറിയിച്ചു.
മമത കുൽക്കർണിയെ അഖാഡയിൽ ചേർത്തതിന് പിന്നാലെ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. താരത്തിന്റെ സിനിമാ പശ്ചാത്തലവും മുൻകാല ക്രിമിനൽ പശ്ചാത്തലങ്ങളും വിവാദങ്ങളും പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അഖാഡയ്ക്കുള്ളിൽ തന്നെ വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് താരത്തെ പുറത്താക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിന്നർ അഖാഡ സ്ഥാപകൻ റിഷി അജയ് ദാസ് ആണ് പത്രക്കുറിപ്പിൽ കൂടി ഇക്കാര്യം അറിയിച്ചത്. ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും അടിയന്തരമായി അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് നീക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
മഹാകുംഭത്തിലെ കിന്നർ അഖാഡയിലെത്തി മമത കുൽക്കർണി ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. രണ്ട് വര്‍ഷമായി അഖാഡയുടെ പ്രവര്‍ത്തനങ്ങളുമായി നടി സഹകരിക്കുന്നുണ്ടായിരുന്നതായി അവര്‍ വ്യക്തമാക്കി. ആരേയും അവരുടെ കല അവതരിപ്പിക്കുന്നതില്‍ നിന്ന് തങ്ങള്‍ വിലക്കാത്തതിനാല്‍ മമതാ കുല്‍ക്കര്‍ണിക്ക് വേണമെങ്കില്‍ ഏതെങ്കിലും ഭക്തി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനുവാദമുണ്ടെന്ന് ലക്ഷ്മി നാരായണ്‍ അന്നേരം പറഞ്ഞിരുന്നു. എന്നാൽ താരത്തെ അഖാഡയിൽ ചേർത്തതിന് പിന്നാലെ അകത്ത് നിന്നും പുറത്തു നിന്നും വൻതോതിലുള്ള വിമർശനങ്ങളുയർന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് വെള്ളിയാഴ്ച കിന്നർ അഖാഡയിൽ നിന്ന് മമത കുൽകർണിയെ പുറത്താക്കിയതായുള്ള അറിയിപ്പ് വരികയായിരുന്നു.
തൊണ്ണൂറുകളിൽ ബോളിവുഡിൽ നിറഞ്ഞു നിന്ന താരമാണ് മമ്ത കുൽകർണി. രണ്ടായിരത്തിന്റെ തുടക്കം വരെ ബോളിവുഡിൽ സജീവമായിരുന്നു. മലയാള ചിത്രം ചന്ദാമാമയിലും വേഷമിട്ടിട്ടുണ്ട്. വിവാഹത്തോടെ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2016-ൽ താനെയിൽ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മമത കുൽകർണിയും ഭർത്താവും അറസ്റ്റിലായതോടെയാണ് താരം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. 2000 കോടിയുടെ ലഹരിമരുന്ന് കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Content Highlights: mamta kulkarni laxmi narayan tripathi expelled kinnar akhara founder