‘മലയാള സിനിമ കഴിവുകളുടെ ഖനി’; പദ്മഭൂഷൺ തിളക്കത്തോടെ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി, ചാത്തൻ എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി നടത്തിയ മാസ്മരിക പ്രകടനമാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. മമ്മൂട്ടിക്ക് പദ്മഭൂഷൺ ബഹുമതി പ്രഖ്യാപിക്കപ്പെട്ട സാഹാഹ്നത്തിൽ നടന്ന പുരസ്കാരവിതരണം ഇരട്ടിമധുരമായി.
തന്നെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത ജൂറി അംഗങ്ങളോടും പുരസ്കാരം സമ്മാനിച്ച കേരള സർക്കാരിനോടും വേദിയിൽ മമ്മൂട്ടി നന്ദി പറഞ്ഞു. പുരസ്‌കാരങ്ങൾ എപ്പോഴും കലാകാരനെ സംബന്ധിച്ച് പ്രോത്സാഹനമാണ്. കഴിഞ്ഞ വർഷം ഒരുപാട് മികച്ച സിനിമകൾ സംഭവിച്ചു. ആസിഫ് അലിയും ടൊവിനോയും തന്നേക്കാൾ ഒരിഞ്ച് പോലും പിറകിലല്ല. പ്രായത്തിൽ മൂത്തത് ആയത് കൊണ്ട് തനിക്ക് പുരസ്‌കാരം ലഭിച്ചതാണെന്നും മമ്മൂട്ടി പറഞ്ഞു.
Don’t Miss: എട്ട് സംസ്ഥാന പുരസ്‌കാരങ്ങൾ, മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ, ഒടുവിൽ പദ്മഭൂഷൺ; മമ്മൂട്ടി വെട്ടിയ പുരസ്‌കാര വഴി
ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തെ കുറിച്ച് പ്രസംഗത്തിൽ മമ്മൂട്ടി എടുത്ത് പറഞ്ഞു. 'ഫെമിനിച്ചി ഫാത്തിമ പുരുഷാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ്. അതിലെ ഭർത്താവിന്റെ പ്രധാനജോലി ഭാര്യയോട് ഫാനിടാൻ പറയുന്നതാണ്. നമ്മളിൽ പലരും ഭാര്യയോട് അതുപോലെ ഫാനിടാൻ പറഞ്ഞുകാണും. ഫെമിനിച്ചി ഫാത്തിമ പോലുള്ള സിനിമകൾ മലയാളത്തിൽ മാത്രമേ ഉണ്ടാകൂ. മലയാളികൾക്ക് മാത്രമേ ഇത്തരം സിനിമ ചിന്തിക്കാനും ഉൾക്കൊള്ളാനും പറ്റൂ. മലയാള സിനിമയിൽ മാത്രം എങ്ങനെ ഇത്ര നല്ല കഥകൾ കിട്ടുന്നുവെന്നും ഇത്ര നല്ല സിനിമകൾ ചെയ്യാൻ കഴിയുന്നുവെന്നും മറ്റ് ഭാഷയിലെ സാങ്കേതികപ്രവർത്തകർ ചോദിക്കാറുണ്ട്. ഇവിടെ അത് കാണാൻ ആളുണ്ട് എന്നതാണ് ഉത്തരം. സന്ദേശം പകരാനുള്ള മാധ്യമം കൂടിയാണ് സിനിമ എന്ന് നമ്മൾ ചിന്തിക്കുന്നു.' -മമ്മൂട്ടി പറഞ്ഞു.
'സിനിമയ്‌ക്കൊരു കഥ വേണം എന്നാഗ്രഹിക്കുന്നവരാണ്. നായികാനായകന്മാർ സാധാരണ മനുഷ്യരെ പോലെയാകണം എന്നാഗ്രഹിക്കുന്നവരാണ്. അതുകൊണ്ടാണ് സിനിമയിലെ നമ്മുടെ കഥാപാത്രങ്ങൾ മനുഷ്യരാകുന്നത്. മറ്റുഭാഷകളിലെ ചിത്രങ്ങളിൽ എല്ലാവരും അമാനുഷരാണ്. നമ്മുടെ സിനിമകളിലെ നായകന്മാർ സാധാരണ മനുഷ്യരാണ്.'
'ഞാൻ എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള സിനിമകളാണ് ചെയ്തിരുന്നത്. അത് ഈ അടുത്തകാലത്തായിട്ടാണെന്നാണ് നിങ്ങൾ പറയുന്നത്. എന്നാൽ ഞാൻ അതിന് മുമ്പും അങ്ങനെയൊക്കെ തന്നെയായിരുന്നു, പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. അതുപോലെ, ഇവിടെ ഓരോരുത്തരും അവർക്ക് ആഗ്രഹമുള്ള സിനിമകളാണ് എടുക്കുന്നത്. ആ ആഗ്രഹത്തിനോട് പ്രേക്ഷകരും ഒത്തുപോകുന്നു എന്നതാണ് മലയാള സിനിമയുടെ ഏറ്റവും വലിയ വിജയം. അതിന് ഇത്രയും നല്ല പ്രേക്ഷകരുണ്ടായ ഈ ഭാഷയോടും പ്രേക്ഷകരോടും എന്നും നന്ദിയുള്ളവരായിരിക്കണം.'
'കഴിവുകളുടെ ഖനിയാണ് മലയാള സിനിമ. ഈ ഖനിയിൽനിന്ന് ഒരുപാട് നിധികൾ കോരിയെടുക്കാനുണ്ട്. അതെല്ലാം നല്ല സിനിമകളായി, നല്ല അഭിനയമായി, നല്ല സംഗീതമായി, നല്ല കഥയും കഥാപാത്രങ്ങളുമായി നിങ്ങളുടെ മുന്നിൽ വരട്ടെ എന്നാഗ്രഹിക്കുന്നു. അതിലൊരു ഭാഗമാകാൻ എനിക്കും സാധിക്കട്ടെയെന്നും ആഗ്രഹിക്കുന്നു.' -മമ്മൂട്ടി പറഞ്ഞു.
Content Highlights: Mammootty received the Best Actor State Award from CM for Bramayugam. He called Malayalam cinema a mine of talent and praised co-actors Asif Ali and Tovino. The actor accepted the honor while basking in the glory of the Padma Bhushan. His speech about realistic cinema is now viral.