ഫ്രണ്ട് ക്യാമറയില്ലാത്ത കാലത്തെ സെൽഫി; മമ്മൂട്ടിയുടെ അപൂർവ്വ ചിത്രം പങ്കുവെച്ച് ആഷിഖ് അബു

നടൻ മമ്മൂട്ടിയുടെ അപൂർവ ചിത്രം പങ്കുവെച്ച് സംവിധായകൻ ആഷിഖ് അബു. മമ്മൂട്ടിയുടെ ഒരു സെൽഫി ചിത്രമാണ് ആഷിഖ് അബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായെത്തിയ ധനഞ്ജയ്‌യെയും ചിത്രത്തിൽ കാണാം.
ചിത്രത്തിന് ആഷിഖ് അബു പങ്കുവെച്ച അടിക്കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 'എങ്ങനെയെന്ന് ഫോണുകളും അറിയുന്നതിന് മുമ്പേ എടുത്ത സെൽഫി. 2009-ൽ ഫ്രണ്ട് ക്യാമറയില്ല, പ്രിവ്യൂ ഇല്ല', എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. 'ഒ.ജി. സെൽഫി', 'മമ്മൂക്ക' എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്.
കറുത്ത ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച മമ്മൂട്ടിയാണ് ഫോട്ടോയിലുള്ളത്. ചൈനീസ് ഭാഷയിൽ പേരെഴുതിയ ഒരു കടയ്ക്ക് മുന്നിലാണ് അദ്ദേഹം നിൽക്കുന്നത്. മമ്മൂട്ടിയുടെ പിന്നിലായി ധനഞ്ജയ്‌യെ കാണാം.
മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ ഗാഡ്ജറ്റുകളോടുള്ള പ്രിയം സിനിമാ മേഖലയ്ക്ക് പുറത്തും പാട്ടാണ്. പുതിയ പല ഗാഡ്ജറ്റുകളും മിക്കവാറും ആദ്യ അവസരത്തിൽ തന്നെ അദ്ദേഹം സ്വന്തമാക്കാറുണ്ട്. ക്യാമറകളോട് ഏറെ പ്രിയമുള്ള അദ്ദേഹത്തിന്റെ ഫ്രെയ്മിൽ പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ട്.
ഫ്രണ്ട് ക്യാമറയുള്ള ആദ്യ ഫോൺ പുറത്തിറങ്ങിയത് 1999-ലാണ്. ക്യോസെറ വിഷ്വൽ ഫോണിലാണിത്. 2010-ൽ ഐഫോൺ 4 പുറത്തിറങ്ങിയതോടെയാണ് സെൽഫികൾ ജനകീയമായത്.
ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകൻ. 2009-ൽ പുറത്തിറങ്ങിയ 'ഡാഡി കൂൾ' എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിച്ചത്. ധനഞ്ജയ് മമ്മൂട്ടിയുടെ മകനായി വേഷമിട്ടു. പിന്നീട് 2014-ൽ 'ഗ്യാങ്സ്റ്ററി'ൽ ആഷിഖും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചു. 'അജ സുന്ദരി'യാണ് ആഷിഖ് അബുവിന്റെ നിർമാണത്തിലിരിക്കുന്ന ചിത്രം.
അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ 'പദയാത്ര'യാണ് മമ്മൂട്ടി നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പ്രകാശ് വർമയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആൻഡ് ഓർഡറി'ൽ അതിഥി വേഷത്തിലും മമ്മൂട്ടിയുണ്ട്. 2004-ൽ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രം 'ബ്ലാക്കി'ലെ കാരിക്കാമുറി ഷണ്മുഖൻ എന്ന കഥാപാത്രമായാണ് 'ലോ ആൻഡ് ഓർഡറി'ൽ മമ്മൂട്ടി എത്തുക.
Content Highlights: Aashiq Abu reveals a 2009 selfie of Mammootty taken before front-facing cameras existed. The photo features Mammootty and child actor Dhananjay. Highlighting Mammootty's well-known passion for new gadgets and photography. Contextualizes the evolution of selfies from early mobile tech to the iPhone 4 era