നല്ലതാണെന്ന് പറയാൻ എന്തിന് പിശുക്കണം?, ധനുഷ് കസ്തൂരി രാജയുടെ മകൻ തന്നെ- മമ്മൂട്ടി

ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജയെ വാനോളം പുകഴ്ത്തി നടൻ മമ്മൂട്ടി. തമിഴ് ചിത്രമായ 'ഹബീബി'യിലെ അഭിനയത്തിന്റെ പേരിലാണ് പ്രശംസ. തമിഴിൽ അപൂർവമായി വരുന്ന മുസ്ലിം പശ്ചാത്തലമുള്ള ചിത്രത്തിൽ നടനെന്ന നിലയിൽ മികച്ച പ്രകടനമായിരുന്നു കസ്തൂരി രാജയുടേതെന്ന് മമ്മൂട്ടി പറഞ്ഞു. ധനുഷിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'ഓം: ഓപ്പറേഷൻ മോൾ' പ്രീ- റിലീസ് ഇവന്റിൽ കൊച്ചിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
'അദ്ദേഹത്തിന്റെ അച്ഛൻ വലിയ സംവിധായകനാണ്. അടുത്ത കാലത്ത് ഒരു സിനിമയിൽ അദ്ദേഹം അഭിനയിച്ചിരുന്നു. 'ഹബീബി'. തമിഴിൽ അപൂർവമായി വരുന്ന മുസ്ലിം പശ്ചാത്തലമുള്ള സിനിമയാണ്. യാദൃച്ഛികമായി കണ്ടതാണ്. അദ്ദേഹം നടൻ ആണെന്ന് ഞാൻ കരുതിയിരുന്നില്ല, ഞെട്ടിപ്പോയി. ധനുഷ് അങ്ങേരുടെ മോൻ തന്നെയാണ്, ഒരു തർക്കവുമില്ല. അത്ര നല്ല നടനാണ്. ഞാനത് ധനുഷിനോട് സൂചിപ്പിച്ചപ്പോൾ പുള്ളി ആവേശത്തോടെ സന്തോഷം എന്നൊക്കെ പറഞ്ഞു. ഒരാളോട് നല്ലത്, നല്ലതാണെന്ന് പറയാൻ എന്തിനാണ് പിശുക്കുന്നത്. നഷ്ടം ഒന്നുമില്ലല്ലോ. മോശമാണെന്ന് പറയാൻ മാത്രം സൂക്ഷിച്ചാൽ മതി', മമ്മൂട്ടി പറഞ്ഞു.
'ആദ്യം ധനുഷിന് എന്നെ കാണുമ്പോൾ കുറച്ച് ടെൻഷനുണ്ടായിരുന്നു. ടെൻഷൻ എന്നല്ല, അകൽച്ചയുണ്ടായിരുന്നു. ഞാൻ വിടുമോ? നമ്മൾ ശത്രുവിനെ മിത്രമാക്കുന്ന ആളല്ലേ. ഞാൻ അടപടലേ അങ്ങോട്ട് പിടിച്ചൂ. ഇപ്പോൾ മിത്രമാക്കി. പുള്ളിക്കാരന് ഇപ്പോഴെന്നെ കാണാതെ ഉറക്കം വരില്ല', തമാശരൂപേണ മമ്മൂട്ടി പറഞ്ഞു.
'ഓമി'ലെ കഥാപാത്രത്തെക്കുറിച്ചും മമ്മൂട്ടി ചടങ്ങിൽ സംസാരിച്ചു. ചിത്രത്തിൽ വില്ലൻ വേഷമാണല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് ''എന്റെ വില്ലൻ സ്വഭാവമൊന്നും അറിഞ്ഞുകൂടാ, ഞാൻ ഇപ്പോ വളരെ മര്യാദക്കാരനാ', എന്നായിരുന്നു ഉടൻ താരത്തിന്റെ മറുപടി.
'പടത്തിൽ ഞാൻ ഹീറോ ആണോ വില്ലനാണോ എന്ന് എനിക്കുതന്നെ മനസിലായില്ല. ഇന്ദ്രൻസൊക്കെ തകർപ്പൻ ക്യാരക്ടറാണ്. രാവിലെ രണ്ടരമണിക്കൂർ ദൂരമൊക്കെ പോയാണ് അഭിനയിച്ചത്. നന്നായി കഷ്ടപ്പെട്ടിട്ടുള്ള പടമാണ്. എങ്ങനെയെങ്കിലും പൊക്കിയെടുക്കണം കേട്ടോ!', മലയാളി പ്രേക്ഷകരോട് അദ്ദേഹം പറഞ്ഞു.
ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഓം' വെള്ളിയാഴ്ച തിയേറ്ററിലെത്തും. രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ, 'ജയിലർ 2'-നൊപ്പമായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇത്തവണ, ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം 'എ.ഒ.ടി'ക്കൊപ്പമാണ് 'ഓം' തിയേറ്ററിലെത്തുന്നത്.
Content Highlights: Mammootty praised director Kasthuri Raja's acting performance in the Tamil film Habeebi during the Om: Operation Mole pre-release event in Kochi. Mammootty shared lighthearted remarks about breaking the ice with co-star Dhanush and becoming close friends. Speaking about his character in Om, Mammootty humorously remarked that he himself wasn't sure if he plays a hero or a villain, while praising co-star Indrans. Directed by Rajkumar Periasamy, Om stars Dhanush, Mammootty, Sai Pallavi, and Sreeleela, and is set to release in theatres this Friday alongside Dulquer Salmaan's Telugu film AOT.