'മമ്മൂട്ടിയെ കാണണം, വേഗം തിരിച്ചുവരാൻ ഞാൻ ഈശ്വരനോട് പ്രാർഥിച്ചിരുന്നു'; ലീലാവതി ടീച്ചറുടെ വിളികേട്ട് താരം

പ്രൊഫ. എം. ലീലാവതി, മമ്മൂട്ടി | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ\ മാതൃഭൂമി, Facebook
പ്രൊഫ. എം. ലീലാവതി, മമ്മൂട്ടി | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ\ മാതൃഭൂമി, Facebook

കൊച്ചി: "മമ്മൂട്ടി സിനിമയിൽ നിന്ന് അവധിയെടുത്ത് വിശ്രമത്തിലാണെന്ന വാർത്ത അറിഞ്ഞപ്പോൾ വലിയ വിഷമം തോന്നി. വേഗം തിരിച്ചുവരാൻ ഞാൻ ഈശ്വരനോട് പ്രാർഥിച്ചിരുന്നു. ഇപ്പോൾ സന്തോഷമായി..." "നല്ലെഴുത്ത്' എന്ന തന്റെ പുസ്തകംവെച്ച മേശയ്ക്കരികിൽനിന്ന് സംസാരിക്കുമ്പോൾ നല്ലൊരു വാർത്തയുടെ ആശ്വാസത്തിലും സന്തോഷത്തിലുമായിരുന്നു ലീലാവതി ടീച്ചർ.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം നാട്ടിൽ തിരിച്ചെത്തിയെന്ന കാര്യം അറിഞ്ഞപ്പോൾ ടീച്ചർ ഒരാഗ്രഹം കൂടി പറഞ്ഞു, "എനിക്ക് മമ്മൂട്ടിയെ ഒന്നു കാണണമെന്നുണ്ട്. പക്ഷേ, വയ്യാത്ത എനിക്ക് അവിടെപ്പോയി കാണാൻ പറ്റില്ലല്ലോ..."

മലയാളത്തിന്റെ എഴുത്തമ്മ ലീലാവതി ടീച്ചറുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ അതിനുമുൻപേ മമ്മൂട്ടി റെഡിയായിരുന്നെന്ന കാര്യം ആനേരം ടീച്ചറുടെ കാതോരമെത്തി. മാതൃഭൂമി അക്ഷരോത്സവത്തിന്റെ വിളംബരമായി നടത്തിയ പ്രതിഭാപ്രണാമത്തിൽ ലീലാവതി ടീച്ചറെ കാണാനെത്തിയ മാതൃഭൂമി ജനറൽ മാനേജർ- പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദാണ് ഈ വാർത്ത ടീച്ചറെ അറിയിച്ചത്.

"ഇന്നലെ പ്രതിഭാപ്രണാമത്തിന്റെ കാര്യം മമ്മുക്കയോട് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ടീച്ചറെ വന്നുകാണണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്നു. ഉടനെതന്നെ ടീച്ചറെ കാണാനെത്തണമെന്നാണ് മമ്മുക്ക പറഞ്ഞത്." ഇതു കേട്ട് ടീച്ചർ സന്തോഷത്തോടെ കൈകൂപ്പി.

വർഷങ്ങൾക്കുമുൻപ് മഹാരാജാസ് കോളേജിൽ തന്റെ ഗുരുവായിരുന്ന ടീച്ചറുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്ന ആഗ്രഹത്തിലാണ് മമ്മൂട്ടി. ടീച്ചറെ കാണാൻ ഉടനെ എത്തുമെന്ന മമ്മൂട്ടിയുടെ ആഗ്രഹം പ്രമോദ് ടീച്ചറെ അറിയിച്ചു.

കുറച്ചുകാലം സിനിമയിൽനിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ചെന്നൈയിലായിരുന്നു. സിനിമയിലേക്ക് തിരിച്ചുവന്ന അദ്ദേഹം മഹേഷ് നാരായണൻ ചിത്രമായ പാട്രിയറ്റിന്റെ യുകെ ഷെഡ്യൂൾ പൂർത്തിയാക്കി കഴിഞ്ഞദിവസം കൊച്ചിയിൽ തിരിച്ചെത്തിയിരുന്നു.

Content Highlights: Mammootty fulfills Leelavathi Teacher`s wish to meet him after his break. Discover the touching story behind this special encounter and Mammootty`s return to Malayalam cinema.