'പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവം ഇച്ചാക്ക'; മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി

മലയാളികളുടെ പ്രിയനടന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും സൗഹൃദം ഏവർക്കും അറിയുന്നതാണ്. ഇപ്പോഴിതാ, ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ചിരിക്കുകയാണ് മമ്മൂട്ടി. ഈ ചടങ്ങിന്റെ വീഡിയോ മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ചിത്രത്തിന്റെ കൊച്ചിയിലെ സെറ്റിൽവെച്ചാണ് മമ്മൂട്ടിയും സഹപ്രവർത്തകരും ചേർന്ന് മോഹൻലാലിനെ ആദരിച്ചത്. പൂക്കൂട നൽകിയ മമ്മൂട്ടി മോഹൻലാലിനെ ഷാൾ അണിയിക്കുകയും ചെയ്തു. ഫാൽക്കെ അവാർഡ് നേടിയതിനുശേഷം മോഹൻലാൽ ആദ്യമായാണ് മമ്മൂട്ടിയെ നേരിൽകാണുന്നത്. ശനിയാഴ്ച കൊച്ചിയിൽ 'പേട്രിയറ്റി'ന്റെ അവസാന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്ത ദിവസം തന്നെ അദ്ദേഹത്തിന് മമ്മൂട്ടിയുടെ അഭിനന്ദനമെത്തുകയും ചെയ്തു.
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം' എന്നാണ് വീഡിയോക്കൊപ്പം മമ്മൂട്ടി എഴുതിയിരിക്കുന്നത്. സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, സി.ആർ.സലിം, ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, എസ്.എൻ.സ്വാമി, കന്നഡ നടൻ പ്രതീഷ് ബലവാടി, ക്യാമറാമാൻ മാനുഷ് നന്ദൻ തുടങ്ങിയവർ മമ്മൂട്ടി-മോഹൻലാൽ അഭിനന്ദനസംഗമത്തിന് സാക്ഷികളായി.
മമ്മൂട്ടിയും മോഹൻലാലും പതിനേഴ് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ പാട്രിയറ്റില്‍ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
പാട്രിയറ്റ് സിനിമയുടെ ടൈറ്റില്‍ ടീസര്‍ ഒക്ടോബര്‍ 2-ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്,യു.കെ. എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.
ചിത്രത്തിലെ മമ്മൂട്ടി - മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങളാണ് കൊച്ചിയിൽ ചിത്രീകരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Mammootty Honors Mohanlal with Golden Shawl Post Dadasaheb Phalke Award Win