'മുന്നോട്ടുനയിക്കുന്നത് നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹം'; ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് താരം തനിക്ക് ലഭിച്ച ആശംസകൾക്ക് നന്ദി അറിയിച്ചത്. ആരാധകരുടെ ഉപാധികളില്ലാത്ത സ്‌നേഹവും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മമ്മൂട്ടി കുറിച്ചു.
'നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകളെല്ലാം വായിച്ചറിഞ്ഞ് ഹൃദയം നിറഞ്ഞു, ഹൃദയംഗമമായ നന്ദി പറയുന്നു. വർഷങ്ങളായി നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളിൽ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി', മമ്മൂട്ടിയുടെ വാക്കുകൾ.
സിനിമയിൽ 55-ാം വർഷത്തിലെത്തിനിൽക്കുന്ന മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആയിരുന്നു തിങ്കളാഴ്ച. മോഹൻലാൽ ഉൾപ്പെടെയുള്ളവർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായെത്തി. സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ ലോകത്തെ പ്രമുഖർ മമ്മൂട്ടിക്ക് ആശംസ അറിയിച്ചു. കേരളത്തിന് പുറത്തുനിന്നുള്ളവരും മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്നു.
വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായ മമ്മൂട്ടിയുടെ ജനനം. യഥാർഥ പേര് പി.ഐ. മുഹമ്മദ് കുട്ടി. ചെമ്പ്, ചന്തിരൂർ കുലശേഖരമംഗലം സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രട്ട് ഹാർട്ടിലും എറണാകുളം മഹാരാജാസിലും ലോ കോളേജിലുമായി ഉന്നതവിദ്യാഭ്യാസം. കുറച്ചുകാലം മഞ്ചേരിയിൽ ക്രിമിനൽ അഭിഭാഷകനായി ജോലി നോക്കി. അഞ്ചുപതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ചലച്ചിത്രസപര്യയിൽ 425-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
1998-ൽ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, മികച്ച നടൻ- മികച്ച രണ്ടാമത്തെ നടൻ- പ്രത്യേക പരാമർശം ഉൾപ്പെടെ ഒൻപതു സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിവയ്ക്കും അർഹനായി. കേരള, കാലിക്കറ്റ്, എം.ജി. യൂണിവേഴ്‌സിറ്റികൾ ഡി.ലിറ്റ് നൽകി ആദരിച്ചു. കേരളാ സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ കേരള പ്രഭ പുരസ്‌കാരത്തിനും അർഹനായി.
Content Highlights: Mammootty shared a heartfelt note on social media thanking everyone for their birthday wishes. He credited the unconditional love and support of his fans for keeping him moving forward. The legendary actor celebrated his 75th birthday as he reaches his 55th year in the film industry. Prominent personalities across film, socio-cultural, and political sectors wished the actor. Born in Chempu on September 7, 1951, he has acted in over 425 films and holds numerous top national and state honors.