'ഫാമിലി സ്റ്റോറീസ്' ആന്തോളജി ചിത്രം നിർമാണത്തിനൊരുങ്ങി മലയാള സിനിമ; സിനിമ വിദ്യാർത്ഥികൾക്ക് അവസരം

മോഹൻലാൽ, രവീന്ദ്രൻ| ഫോട്ടോ: facebook/ @KochiMetroShortFilmFest
മോഹൻലാൽ, രവീന്ദ്രൻ| ഫോട്ടോ: facebook/ @KochiMetroShortFilmFest

കൊച്ചി: സ്വതന്ത്ര ആന്തോളജി ചിത്രം ‘ഫാമിലി സ്റ്റോറീസ്’  നിർമിക്കാനൊരുങ്ങി മലയാള സിനിമ. മോഹൻലാൽ ചെയർമാനും രവീന്ദ്രൻ സി.ഇ.ഒയുമായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ‘ഫാമിലി സ്റ്റോറീസ്’ നിർമിക്കുന്നത്. മലയാള സിനിമ മേഖലയിലെ സംഘടനകളായ അമ്മ, ഫിലിം ചേമ്പർ, പ്രൊഡ്യൂസഴ്സ് അസോസിയേഷൻ, ഫെഫ്ക, മാക്ട എന്നിവരുടെ സഹരണത്തോടെയാണ് നിർമാണം.

പുതിയ എഴുത്തുകാരുടെ കഥകൾ ഉൾപ്പെടുത്തുക, ചലച്ചിത്ര വിദ്യാർഥികൾക്ക് പുതിയ അവസരങ്ങൾ നൽകുക എന്നത് കൂടിയാണ് ആന്തോളജി ചിത്ര നിർമാണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. അഞ്ച് കുടുംബ കഥകളെ ആസ്പദമാക്കിയുള്ള മൂന്ന് സിനിമകളാണ് നിർമിക്കുന്നത്. ഇതിലൂടെ നിരവധി പേർക്കാണ് അവസരം കിട്ടുകയെന്ന് കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ സിഇഒ രവീന്ദ്രൻ പറഞ്ഞു. 

മെക്കാർട്ടിൻ, എം. പത്മകുമാർ, ജി.എസ് വിജയൻ, രമേശ് പിഷാരടി, ജിബു ജേക്കബ് തുടങ്ങിയവരായിരിക്കും അഞ്ച് കുടംബകഥകളെ ആസ്പദമാക്കിയുള്ള ആന്തോളജി സിനിമയുടെ സംവിധായകർ. അമ്മയിൽ അംഗങ്ങളായവരെ മാത്രം ഉൾപ്പെടുത്തിയാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ പ്രമുഖ ഛായഗ്രഹൻമാരായ അളഗപ്പൻ, പി. സുകുമാർ എന്നിവരാണ് ക്യാമറ ചലിപ്പിക്കുന്നത്. 

പട്ടണം റഷീദ് മേക്കപ്പും അരുൺ വർമ്മ സൗണ്ട് ഡിസൈനിംഗും ദീപക് വിഎഫ്എക്‌സും സന്തോഷ് വർമ്മ ഗാനരചനയും നിർവ്വഹിക്കും. ഈ സംരംഭത്തിൽ, പ്രതിഭകളായ പുതിയ എഴുത്തുകാരുടെ കഥകൾ ഉപ്പെടുത്തും. പ്രശസ്തരായവർക്കൊപ്പം പ്രവർത്തിക്കാൻ പ്രതിഭകളായ സിനിമാ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും.  

സിബി മലയിൽ, കമൽ, രൺജി പണിക്കർ, പി. ചന്ദ്രകുമാർ, ജി. സുരേഷ് കുമാർ എന്നിവരാണ് ചിത്രത്തിന്റെ അഡ്വൈസർമാരായി പ്രവർത്തിക്കുന്നത്

Content Highlights: Kochi Metro Short Film Fest announces`Family Stories`,Malayalam anthology film featuring new writers