ആയുസ്സ് നീണ്ടപ്പോള്‍ ജ്യൗതിഷിയെ കണ്ടു; പിറന്നാള്‍ ഇന്നും ആഘോഷിക്കുന്നത് ചോതിയില്‍, 92-ന്റെ നിറവില്‍ മധു

തിരുവനന്തപുരം: ജനനത്തീയതിപ്രകാരം മലയാളത്തിലെ മഹാനടൻ മധുവിന് 92 തികഞ്ഞു. കന്നിയിലെ ചോതി നാളിൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മനാൾ 25-നാണ്.
ആയുസ്സ് നീണ്ടപ്പോൾ അദ്ദേഹം അച്ഛന്റെ നാട്ടുകാരനായ കന്യാകുമാരി ജില്ലയിലെ ഒരു ജ്യൗതിഷിയെക്കൊണ്ട് ജാതകം നോക്കി. വിശാഖമെന്നായിരുന്നു ജ്യൗതിഷിയുടെ കണ്ടെത്തൽ. പിന്നീട് വിശാഖത്തിന് പിറന്നാൾ ആഘോഷിച്ചെങ്കിലും പാരമ്പര്യമായി അറിയപ്പെടുന്ന ചോതിയിലാണ് പിറന്നാൾ ആഘോഷിക്കുന്നത്.
ഭാര്യയുടെ മരണശേഷം പിറന്നാൾ ആഘോഷിക്കാത്ത അദ്ദേഹത്തിന് എല്ലാ ദിവസവുംപോലെയായിരുന്നു 92-ലെ പിറന്നാൾ ദിനവും. അടുപ്പമുള്ളവർ വീട്ടിലെത്തി വണങ്ങി. കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങളും സിനിമാ പ്രവർത്തകരും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കണ്ണമ്മൂലയിലെ അദ്ദേഹത്തിന്റെ വസതിയായ ശിവസദനിലെത്തി ആശംസ നേർന്നു. അടുത്തിരുന്ന് ചിത്രമെടുക്കാൻ തിരക്കായിരുന്നു.
അദ്ദേഹം ചെറുചിരിയോടെ എല്ലാവർക്കും അനുവാദം നൽകി. എത്തിയവർക്കെല്ലാം പിറന്നാൾ മധുരമായി പായസവും ലഡുവും അദ്ദേഹത്തിന്റെ ഡ്രൈവർ ഇലങ്കം ശശിധരൻ നൽകുന്നുണ്ടായിരുന്നു. മകൾ ഉമ, മരുമകൻ കെ.കെ. കൃഷ്ണകുമാർ, ചെറുമകൻ വിശാഖ്, ഭാര്യ വർഷ, വിശാഖിന്റെ കൈക്കുഞ്ഞായ മകൻ ത്രിലോക് എന്നിവർ ആഘോഷത്തിൽ പങ്കുചേർന്നു.
നക്ഷത്രപ്രകാരമുള്ള പിറന്നാൾ നാളിൽ ക്ഷേത്രത്തിൽ അർച്ചനയും വഴിപാടും നടത്താറുണ്ട്. വീട്ടിൽ ഉച്ചയ്ക്ക് ബന്ധുക്കൾമാത്രം പങ്കെടുക്കുന്ന സദ്യയും പതിവുണ്ട്.
നടൻ ജഗദീഷ്, സംവിധായകൻ രാജസേനൻ, പന്ന്യൻ രവീന്ദ്രൻ, പാലോട് രവി തുടങ്ങിയവർ വീട്ടിലെത്തി ആശംസ അറിയിച്ചു. നിരവധി പ്രമുഖർ ഫോണിലൂടെയും മധുവിന് പിറന്നാൾ മംഗളം നേർന്നു.
Content Highlights: Veteran Malayalam actor Madhu celebrated his 92nd birthday at his residence with family and close friends.