50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

#മൂവി ഡെസ്ക്
മാജിക് ഫ്രെയിംസിന്റെ കാക്കനാട്ടെ പുതിയ തിയേറ്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു | ഫോട്ടോ: അറേഞ്ച്ഡ്
മാജിക് ഫ്രെയിംസിന്റെ കാക്കനാട്ടെ പുതിയ തിയേറ്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു | ഫോട്ടോ: അറേഞ്ച്ഡ്

കേരളത്തിലെ തിയറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്. 50-ാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ് മാറി.

കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. നാല് സ്ക്രീനുകളാണ് പുതിയ തിയേറ്റർ സമുച്ചയത്തിലുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീൻ എന്ന പ്രത്യേകതയാണ് കാക്കനാട്ടെ തിയേറ്ററിനെ വേറിട്ടുനിർത്തുന്നത്.

ഉദ്ഘാടന ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മാജിക് ഫ്രെയിംസിന്റെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലുമായി 8,000-ത്തിലധികം സീറ്റുകളാണുള്ളത്.

“പ്രേക്ഷകർക്ക് മികച്ച സംവിധാനങ്ങളോടെ സിനിമ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കുകയാണ് മാജിക് ഫ്രെയിംസിന്റെ ലക്ഷ്യം. ശബ്ദമായാലും ദൃശ്യമായാലും പ്രേക്ഷകർ ആഗ്രഹിക്കുന്ന പെർഫെക്ഷൻ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മികച്ച ഫുഡ് കോർട്ട്, പാർക്കിങ് സൗകര്യം, വൃത്തിയുള്ള വാഷ്‌റൂമുകൾ തുടങ്ങി സമഗ്രമായ സൗകര്യങ്ങൾ ഒരുക്കുമ്പോഴാണ് തിയേറ്ററുകൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത്,” മാജിക് ഫ്രെയിംസ് സാരഥി ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

പുതിയ തിയേറ്ററിന്റെ ഉദ്ഘാടനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് കാക്കനാട്ടെ തിയറ്റർ പരിസരത്ത് എത്തിയത്. ഉദ്ഘാടനത്തിന് ശേഷം സ്ക്രീൻ ഒന്നിൽ താരങ്ങൾക്കും സിനിമാ പ്രവർത്തകർക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി പ്രത്യേക പ്രദർശനവും നടന്നു. സാധാരണ 2D ട്രെയിലറുകളെ 3D ട്രെയിലറുകളാക്കി അവതരിപ്പിച്ച പ്രത്യേക പ്രദർശനം വേറിട്ട ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.

ഓണച്ചിത്രമായ ‘ഖലീഫ’യുടെ പ്രദർശനത്തോടെ ഓഗസ്റ്റ് 20 മുതൽ കാക്കനാട് മാജിക് ഫ്രെയിംസിലെ ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീനിൽ സിനിമ ആസ്വദിക്കാം. District App വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Content Highlights: Magic Frames has officially become Kerala's largest theatre chain with over 8,000 seats after Chief Minister V. D. Satheesan inaugurated its 50th screen at the new 4-screen multiplex in Kakkanad featuring India's first High-LED Transparent Screen.