മധുസാറിന്റെ ഡയലോഗ് പറഞ്ഞുനടന്നവരുടെ കൂട്ടത്തിൽപ്പെട്ട കുട്ടികളിലൊരാളാണ് ഞാൻ- വി.ഡി. സതീശൻ

#മൂവീസ് ഡെസ്‌ക്
മധു, വി.ഡി. സതീശൻ | ഫോട്ടോ: മാതൃഭൂമി, പി.ടി.ഐ.
മധു, വി.ഡി. സതീശൻ | ഫോട്ടോ: മാതൃഭൂമി, പി.ടി.ഐ.

തിരുവനന്തപുരം: പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം നടൻ മധുവിന് സമ്മാനിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരുലക്ഷത്തി ഒന്ന് രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി സി.പി. ജോണിന്റെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി മധുവിന് പുരസ്‌കാരം സമ്മാനിച്ചത്. തന്റെ തലമുറ ആരാധനയോടും അത്ഭുതത്തോടെയും നോക്കിക്കണ്ട നടനാണ് മധുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'സ്‌കൂളിൽ പഠിക്കുമ്പോൾ മധുസാറിന്റെ ഡയലോഗ് പറഞ്ഞുനടന്ന കൂട്ടത്തിൽപ്പെട്ട കുട്ടികളിൽ ഒരാളാണ് ഞാൻ. ഞങ്ങളുടെ തലമുറ ആരാധനയോടെയും അത്ഭുതത്തോടെയും നോക്കിക്കണ്ട വലിയ മനുഷ്യന് അവാർഡ് സമ്മാനിക്കാനുള്ള ഭാഗ്യമാണ് എനിക്കുണ്ടായിരിക്കുന്നത്. എന്നും മലയാളികളുടെ മനസിൽ ജീവിക്കുന്ന ഒരാളാണ്. അത്രമാത്രം ഹൃദയത്തിൽ ചേർത്തുവെച്ചിരിക്കുന്ന ഒരാളാണ്', മുഖ്യമന്ത്രിയുടെ വാക്കുകൾ.

'അവാർഡുകൾ അദ്ദേഹത്തിന് പുത്തരിയായ കാര്യമല്ല. ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും അധികം അവാർഡുകൾ വാങ്ങിയ ആൾ അദ്ദേഹമായിരിക്കും എന്നാണ് എന്റെ വിശ്വാസം. റെക്കോർഡ് ആയിരിക്കും. അദ്ദേഹം ഇപ്പോഴും കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിലുണ്ട് എന്നതിന്റെ സൂചനയാണ് അവാർഡുകൾ', വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം.ആർ. തമ്പാൻ എന്നിവരടങ്ങുന്ന ജൂറിയാണ് മധുവിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

Content Highlights: Actor Madhu was presented with the inaugural Bichu Thirumala Award by V.D. Satheesan in Thiruvananthapuram in the presence of Minister C.P. John. The award includes Rs 1,00,001, a ponnada, and a memento designed by Artist Namboothiri. V.D. Satheesan recalled saying Madhu's dialogues during his school days and noted that Madhu remains close to people's hearts and has won numerous awards. The jury selecting Madhu comprised Dr. George Onakkoor, Balu Kiriyath, and Dr. M.R. Thampan.