പിന്തള്ളപ്പെട്ടത് ധുരന്ധറും ബോർഡർ 2-ഉം; നെറ്റ്ഫ്ലിക്സിൽ തരംഗമായി പ്രിയങ്കാ മോഹന്റെ 'മെയ്ഡ് ഇൻ കൊറിയ'

നെറ്റ്ഫ്ലിക്സിൽ ആഗോളതലത്തിൽ തരംഗമായി തമിഴ് ചിത്രമായ 'മെയ്ഡ് ഇൻ കൊറിയ'. നോൺ-ഇംഗ്ലീഷ് സിനിമകളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വാരവും ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചിത്രം. പ്രിയങ്ക മോഹൻ നായികയായെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാ കാർത്തിക് ആണ്. ഒരു ദക്ഷിണേന്ത്യൻ സിനിമ ഇത്തരത്തിൽ ആഗോളതലത്തിൽ ഇത്രയും വലിയ വിജയം നേടുന്നത് ആദ്യമായാണെന്ന് സംവിധായകൻ പറഞ്ഞു.
മാർച്ച് 12-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'മെയ്ഡ് ഇൻ കൊറിയ' ഇതിനോടകം 67 ലക്ഷത്തിലധികം വ്യൂസ് നേടിയിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങളായ 'ബോർഡർ 2' (33 ലക്ഷം വ്യൂസ്), 'ധുരന്ധർ' (23 ലക്ഷം വ്യൂസ്) എന്നിവയെ പിന്തള്ളിയാണ് 'മെയ്ഡ് ഇൻ കൊറിയ' ഒന്നാം സ്ഥാനത്തെത്തിയത്. അന്താരാഷ്ട്ര തലത്തിലുള്ള മറ്റ് നിരവധി ചിത്രങ്ങളെയും പിന്നിലാക്കിയാണ് ഈ തമിഴ് സിനിമ ആധിപത്യം ഉറപ്പിച്ചത്.
തമിഴ്‌നാട്ടിലെ കൊളപ്പൂർ എന്ന ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഷെൺബഗം എന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കൊറിയ സന്ദർശിക്കണമെന്ന വലിയ ആഗ്രഹമുള്ള ഷെൺബഗം, തന്റെ കാമുകനുമായുള്ള പ്ലാനുകൾ പാളിയതിനെത്തുടർന്ന് ദക്ഷിണ കൊറിയയിലെ സോളിൽ ഒറ്റപ്പെട്ടുപോകുന്നതും അവിടെ അതിജീവിക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പ്രിയങ്ക മോഹൻ അവതരിപ്പിച്ച ഈ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ വിജയത്തിൽ സംവിധായകൻ രാ കാർത്തിക് പ്രിയങ്ക മോഹനെ പ്രത്യേകം പ്രശംസിച്ചു. ഷൂട്ടിംഗ് വേളയിൽ പ്രതികൂല കാലാവസ്ഥയിലും പ്രതിദിനം 12 മണിക്കൂറിലധികം കഠിനാധ്വാനം ചെയ്ത പ്രിയങ്കയുടെ അർപ്പണബോധം സിനിമയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൊറിയൻ താരങ്ങളായ ബാക്ക് സി-ഹൂൺ, പാർക്ക് ഹൈ-ജിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്ക് ആഗോളതലത്തിൽ ഇത്രയും വലിയ സ്വീകാര്യത ലഭിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് രാ കാർത്തിക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തന്റെ ടീമിൽ അർപ്പിച്ച വിശ്വാസത്തിന് പ്രിയങ്കയോട് നന്ദി പറഞ്ഞ അദ്ദേഹം, ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ഈ വിജയം വലിയൊരു നാഴികക്കല്ലാണെന്നും കൂട്ടിച്ചേർത്തു.
Content Highlights: Directed by Ra. Karthik, the Tamil survival drama Made in Korea has emerged as the most-watched non-English film globally on Netflix for two weeks, clocking 6.7 million views and proving the worldwide appeal of South Indian female-centric stories.