ബാബു ആന്റണിക്ക് കോമഡിയും വശമുണ്ടോ? മദനനായി തകര്‍ത്തു താരം

തൊണ്ണൂറുകളുടെ മധ്യത്തില്‍ ഒരുപക്ഷെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഇടയില്‍, പ്രത്യേകിച്ച് അന്നത്തെ യുവാക്കളുടെ മനസ്സില്‍ ഈ മനുഷ്യന്‍ നേടിയത്ര സ്വാധീനം വേറെയൊരാളും നേടിയിട്ടുണ്ടാകില്ല. പറയുന്നത് ബാബു ആന്റണിയെ കുറിച്ചാണ്. മലയാള സിനിമയുടെ ആക്ഷന്‍ കിങ് എന്ന അദ്ദേഹം നേടിയെടുത്ത പദവിക്ക് നാളിതുവരെ ആരും വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല എന്നത് സത്യമാണ്.
എന്നാല്‍ കാലക്രമത്തില്‍ ആക്ഷന്‍ സിനിമകളും വേഷങ്ങളും കുറഞ്ഞപ്പോള്‍ ബാബു ആന്റണി സിനിമകളില്‍ നിന്നു പിന്‍വലിഞ്ഞു നിന്നു. ഏറെ നാളുകള്‍ക്ക് ശേഷം അദ്ദേഹം അഭിനയിച്ച ഒരു ചിത്രം വിഷു റീലീസായി തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മദനോത്സവം എന്ന ചിത്രം തീയേറ്ററുകളില്‍ ഓളങ്ങള്‍ ഉയര്‍ത്തുകയാണ്.
പതിവ് കഥാപാത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി കോമിക്ക് / കാരിക്കേചര്‍ ടച്ച് ഉള്ള മദനന്‍ മഞ്ഞക്കാരന്‍ എന്ന ഒരു കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹാസ്യ രംഗങ്ങളിലടക്കം അദ്ദേഹം പുലര്‍ത്തിയ കൈയടക്കത്തിനെ പ്രശംസിക്കുകയാണ് പ്രേക്ഷകലോകമിപ്പോള്‍. മലയാള സിനിമ വളരെ പരിമിതമായി മാത്രം ഉപയോഗപ്പെടുത്തിയ ബാബു ആന്റണിയുടെ അഭിനയ മികവ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷു ചിത്രങ്ങളില്‍ വച്ചേറ്റവും മികച്ച അഭിപ്രായം നേടിയ മദനോത്സവം ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറാണ്. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. നവാഗതനായ സുധീഷ് മോഹന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസാണ്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: madanolsavam babu antony suraj venjaramoodu