ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്ചപ്പാട് അനിവാര്യം- സംവിധായകൻ കമൽ

കൊച്ചി: ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്ചപ്പാട് അനിവാര്യമാണെന്ന് സംവിധായകൻ കമൽ. രണ്ടാമത് മാക്ട- രാജഗിരി ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദർശിപ്പിക്കുന്ന സിനിമകളുടെ നിലവാരമാണ് മേളയുടെ വിജയത്തിന് ആധാരം. പുരോഗമന കാഴ്ചപ്പാടുള്ള സിനിമകൾ കണ്ടു ശീലിച്ച പുതിയ തലമുറയാണ് ഇന്ന് മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നത്. പരീക്ഷണ ചിത്രങ്ങൾ ഒരുക്കുന്ന പുതിയ കാലത്തെ സംവിധായകർ ഇത്തരം സിനിമാ മേളകളുടെ സ്വാധീനത്തിൽനിന്ന് ഉയർന്നു വന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഷോർട്ട് ഫിലിം പുരസ്കാരങ്ങൾ വിതരണം ചെയ്തു. അൻസൽ മുഹമ്മദ് സംവിധാനം ചെയ്ത 'മട്ടാഞ്ചേരി മാഫിയ'യാണ് മികച്ച ഷോർട്ട് ഫിലിം. ചിത്രത്തിലൂടെ അൻസൽ മുഹമ്മദ് മികച്ച സംവിധായകനുള്ള പുരസ്കാരവും ക്രിസ്റ്റി ജോബി മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി.
രഘുനാഥ് പലേരി ( ഗോൾഡൻ ലവ്) മികച്ച നടനായും ഇന്ദുമതി മണികണ്ഠൻ ( കാതലുക്ക് മര്യാദൈ) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നിജോ എബ്രഹാം (മികച്ച ഛായാഗ്രാഹകൻ- ഗോൾഡൻ ലവ്), ടിജോ തങ്കച്ചൻ (മികച്ച എഡിറ്റർ- ബ്ലാക്ക് ക്യാറ്റ്), അനാദി അത്താലി (മികച്ച കലാസംവിധായകൻ- ദ ഫസ്റ്റ് ഫിലിം), ക്രിസ്റ്റോ മോൻ (മികച്ച ഹാസ്യതാരം- കാതലുക്ക് മര്യാദൈ) എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ. മാസ്റ്റർ ദ്രുപദ് കൃഷ്ണയ്ക്ക് (ബൂ) മികച്ച ബാലതാരത്തിനുള്ള പ്രത്യേക ജൂറി പരാമർശവും ആശാ രാജന് ( ഫൈൻഡിങ് യു) അനിമേഷൻ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ് ഡയറക്ടർ റവ. ഫാ. അജീഷ് പുതുശേരി സി.എം.ഐ. അധ്യക്ഷത വഹിച്ച ചടങ്ങിൽ 'സൂക്ഷ്മദർശനി' സംവിധായകൻ എം.സി. ജിതിൻ, മാക്ട ചെയർമാൻ ജോഷി മാത്യു, മാക്ട ട്രഷറർ സജിൻലാൽ, കോളജ് പ്രിൻസിപ്പാൾ ഡോ. ലാലി മാത്യു, ഫെസ്റ്റിവൽ കൺവീനർമാരായ രഞ്ജു എ.സി, ബാബു പള്ളാശേരി, സ്റ്റുഡന്റ് കോർഡിനേറ്റർ റമീസ കാസിം എന്നിവർ പങ്കെടുത്തു.
Content Highlights: Veteran director Kamal inaugurated the valedictory session of the 2nd MACTA-Rajagiri Film Festival, emphasizing the need for progressive viewpoints in film festivals. He highlighted that the new generation of Malayalam filmmakers, known for experimental cinema, is heavily influenced by quality film festivals. Ansal Muhammad's Mattancherry Mafia won the Best Short Film award, with Ansal also securing the Best Director honor. Renowned writer-actor Raghunath Paleri won Best Actor for Golden Love, while Indumathi Manikandan won Best Actress for Kathalukku Maryadhai. Prominent industry personalities including Sookshmadarsini director M.C. Jithin and MACTA Chairman Joshi Mathew attended the closing ceremony.