ഉർവ്വശി മലയാളത്തിന്റെ അൽ പച്ചീനോ, നായികാപ്രാധാന്യമുള്ള ചിത്രം പ്രേക്ഷകർ സ്വീകരിക്കുമ്പോൾ സന്തോഷം -എം.എ നിഷാദ്

ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തിയ 'ആശ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. ഇതിനിടെ ഉർവ്വശിയെക്കുറിച്ച് സംവിധായകൻ എം.എ. നിഷാദ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. 'ഉർവ്വശിയെ മലയാളത്തിന്‍റെ അൽ പച്ചീനോ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.
എം.എ. നിഷാദിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്
ഉർവ്വശി മലയാളത്തിന്റെ അൽ പച്ചീനോ...
അൽഫ്രെദോ ജയിംസ് അൽ പച്ചീനോ എന്ന വിശ്വ വിഖ്യാതനായ നടനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു...
ലോക പ്രശസ്തനായ അമേരിക്കൻ ആക്റ്റർ...ദ ഗോഡ് ഫാദർ, സ്കാർഫേസ്, സെന്റെ ഓഫ് എ വുമൺ, ഏഞ്ചൽസ് ഇൻ അമേരിക്ക പോലെയുളള ചിത്രങ്ങളിലെ പ്രകടനത്തിന് ഒരേ സമയം പ്രേക്ഷക പ്രശംസയും പുരസ്ക്കാരങ്ങളും നേടിയ അഭിനേതാവ്...
സൂക്ഷ്മാഭിനയത്തിന്റെ താളലയങ്ങളിൽ ലോകത്തെ വിസ്മയിപ്പിച്ച നടൻ..
ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തിൽ സ്വാഭാവിക അഭിനയത്തിലൂടെ നമ്മേ വിസ്മയിപ്പിക്കുന്ന നമ്മുടെ മാത്രം ഉർവ്വശി, അൽ പച്ചീനയുടെ വെളളിത്തിരയിലെ പ്രകടനത്തെ ഓർമ്മപ്പെടുത്തുന്നു ''ആശ'' എന്ന ചിത്രത്തിലൂടെ.. എല്ലാ വാദ്യങ്ങളും ചെണ്ടക്ക് താഴെ എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന പ്രകടനം... അതെ ഉർവ്വശിയോളം, ഉർവ്വശി മാത്രം.. അഭിനയമോഹിയായ ഏതൊരാൾക്കും പഠിക്കാൻ
ഒരു അക്കാഡമിയിലോ, ആക്റ്റിംഗ് സ്ക്കൂളിലോ പോകണ്ട...സ്ക്രീനിൽ ഉർവ്വശിയുടെ കഥാപാത്രങ്ങൾ കണ്ട് മനസ്സിലാക്കിയാൽ മാത്രം മതി...
ആശ പൂർണ്ണമായും ഒരു ഉർവ്വശി ചിത്രമാണ്. ജോജുവും, ഐശ്വര്യ ലക്ഷ്മിയും അവരവരുടെ ഭാഗം മികച്ചതാക്കി എന്നുളള സത്യം വിസ്മരിക്കുന്നില്ല... വിരസമാകുമെന്ന് തോന്നുന്ന നിമിഷങ്ങൾ പോലും സംവിധായകന്റെ ക്രാഫ്റ്റിലും ഉർവ്വശിയുടെ പ്രകടനത്തിലും പ്രേക്ഷകരുടെ ശ്രദ്ധ സിനിമയിൽ നിന്നും മാറാതെ അവരെ അതിൽ ലയിപ്പിച്ചു. സഫർ സനൽ എന്ന സംവിധായകനും അജിത് വിനായക എന്ന നിർമാതാവിനും അഭിമാനിക്കാവുന്ന ചിത്രം.
ആശ നൽകുന്ന സന്ദേശം മലയാളത്തിന് മാത്രമല്ല ലോകമെമ്പാടുമുളള പ്രേക്ഷർക്കാണ്. ഒരു നായികാ പ്രാധാന്യമുളള ചിത്രം പ്രേക്ഷകർ സ്വീകരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി... അത് ലേഡീ സൂപ്പർ സ്റ്റാർ എന്ന പദവിയല്ല, മറിച്ച് മികച്ച അഭിനേത്രിയെന്ന ഒറ്റ പേരിലാണ്. അതെ അത് ഉർവ്വശിയാണ്. അവരെ മലയാളത്തിന്റെ അൽ പച്ചീനോ, എന്ന് വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്...
നവാഗതനായ സഫർ സനലാണ് ആശ സംവിധാനം ചെയ്തിരിക്കുന്നത്. ജോജു ജോർജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അങ്ങേയറ്റം സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ഉർവശിയും ജോജുവും എത്തുന്നത്.
Also Read: ഇന്നേവരെ കാണാത്ത ഉർവശി, ഞെട്ടിച്ച് ജോജു ജോർജ്; ഡാർക്ക് ത്രില്ലർ | Podcast | Aasha Movie Review
അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ആകസ്മികമായുണ്ടാകുന്ന അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
Content Highlights: Film director MA Nishad showered high praise on legendary actress Urvashi for her stellar performance in the latest release Asha, comparing her nuanced acting skills to Hollywood icon Al Pacino and describing her screen presence as a complete acting school for aspiring artists