'ഇന്ത്യന്‍ 2' നെ പ്രശംസിച്ച് ലോകേഷ് കനകരാജ്; സംവിധായകന് ട്രോളോട് ട്രോള്‍

കമൽഹാസനൊപ്പം ലോകേഷ് കനകരാജ്, ഇന്ത്യൻ 2 ലെ രം​ഗം
കമൽഹാസനൊപ്പം ലോകേഷ് കനകരാജ്, ഇന്ത്യൻ 2 ലെ രം​ഗം

കമല്‍ഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 ജൂലൈ 12 നാണ് റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ 135 കോടി പിന്നിട്ട ചിത്രത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് എക്‌സില്‍ പങ്കുവച്ച ഒരു കുറിപ്പ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

നമ്മുടെ ഉലകനായകന്‍ സാറിന്റെ ക്രാഫ്റ്റിനോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഇന്ത്യന്‍ 2. മഹത്തായ ദര്‍ശനങ്ങള്‍ വലിയ തോതില്‍  ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് ശങ്കര്‍ സാറിന് അഭിനന്ദനങ്ങള്‍ അതോടൊപ്പം ഉജ്ജ്വലമായ പശ്ചാത്തല സംഗീതം ഒരുക്കിയ അനിരുദ്ധിനും എന്നതായിരുന്നു ലോകേഷ് കനകരാജിന്റെ ട്വീറ്റ്. 

ഈ ട്വീറ്റ് വൈറലായതോടെ ഒട്ടേറെയാളുകള്‍ പ്രതികരണവുമായി രംഗത്ത് വന്നു. ലോകേഷ് കനകരാജിനെ ഇന്ത്യന്‍ ആദ്യഭാഗം കാണിച്ച് ഇന്ത്യന്‍ 2-ന്റെ ക്രെഡിറ്റ് എഴുതി പറ്റിച്ചതായിരിക്കാമെന്ന് ഒരാള്‍ കുറിച്ചു. ലോകി, എങ്ങിനെ ഇത്തരത്തിലുള്ള റിവ്യൂ നല്‍കാന്‍ കഴിഞ്ഞതെന്ന് മറ്റൊരാള്‍ ചോദിച്ചു. സിനിമയില്‍ അതിജീവിക്കാനുള്ള ശ്രമമാണ് ലോകേഷിന്റേതെന്നും വിമര്‍ശനങ്ങളുണ്ട്. ഒട്ടേറെയാളുകളാണ് ഈ ട്വീറ്റ് റീ ട്വീറ്റ് ചെയത് ലോകേഷിനെ ട്രോള്‍ ചെയ്തിരിക്കുന്നത്. 

ലൈക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകര്‍ പ്രസാദാണ്.  കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ്ജെ. സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഇന്ത്യന്‍ 2 ല്‍ ഒരുമിക്കുന്നത്.  അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങളെ ഉള്‍പ്പെടെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യന്‍ 2-ല്‍ കൊണ്ടുവന്നിട്ടുണ്ട്. 1996-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ഒന്നാം ഭാഗത്തില്‍ കൃഷ്ണസ്വാമി ഐപിഎസ് എന്ന ശ്രദ്ധേയ വേഷമായിരുന്നു നെടുമുടി വേണുവിന് ഉണ്ടായിരുന്നത്. ആദ്യഭാഗത്തില്‍ വിവേക് ഉണ്ടായിരുന്നില്ല. രണ്ടാം ഭാഗത്തില്‍ സിബിഐ ഓഫീസറുടെ വേഷമായിരുന്നു അദ്ദേഹത്തിന് എന്നാല്‍ സിനിമ പൂര്‍ത്തിയാകുന്നതിനും മുന്‍പേ ഇരുവരും വിടപറഞ്ഞു. 

തിരക്കഥ, സംവിധാനം: ഷങ്കര്‍, സംഭാഷണം: ബി ജയമോഹന്‍, കപിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍, ആക്ഷന്‍ അന്‍ബറിവ്, പീറ്റര്‍ ഹെയിന്‍, സ്റ്റണ്ട് സില്‍വ.

Content Highlights: Lokesh Kanagaraj criticized By The Internet Over His Review Of Kamal Haasan's Indian 2