‘ലൈഗർ’ ചിത്രീകരിക്കുമ്പോൾ വെള്ളത്തിനുപകരം ഐസ് കട്ട നക്കി, വെള്ളത്തിനായി ശരീരം കൊതിച്ചു-വിജയ് ദേവരകൊണ്ട

#മൂവി ഡെസ്ക്
വിജയ് ദേവരകൊണ്ട | ഫോട്ടോ: Facebook
വിജയ് ദേവരകൊണ്ട | ഫോട്ടോ: Facebook

ലൈഗർ എന്ന സിനിമയ്ക്കായി താൻ നടത്തിയ കഠിനവും ആരോഗ്യകരമല്ലാത്തതുമായ ഡയറ്റ് ക്രമീകരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടൻ വിജയ് ദേവരകൊണ്ട. ഈ ചിത്രത്തിൽ തെരുവുകളിൽ നിന്ന് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നുവരുന്ന ഒരു മിക്സഡ് മാർഷ്യൽ ആർട്സ് (MMA) പോരാളിയുടെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. തന്റെ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ ശരീരം രൂപപ്പെടുത്തുന്നതിനായി വളരെ കഠിനമായ ശരീരമാറ്റത്തിലൂടെയാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു.

താൻ മുൻപ് നടത്തിയ പലതരം ശരീരമാറ്റങ്ങളെക്കാളും ഏറെ ഹാനികരമായ രീതികളായിരുന്നു ലൈഗറിന്റെ ചിത്രീകരണ സമയത്ത് പിന്തുടർന്നതെന്ന് രണബാലി എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ വിജയ് ദേവരകൊണ്ട വ്യക്തമാക്കി. ചിത്രീകരണത്തിന് മുന്നോടിയായി കുടിക്കുന്ന വെള്ളത്തിന്റെ അളവ് ക്രമേണ കുറച്ചിരുന്നു. ദിവസേന വെറും 300 മില്ലിലിറ്റർ വെള്ളം മാത്രം കുടിച്ചിരുന്ന ഘട്ടങ്ങൾ വരെ ഉണ്ടായിരുന്നു. ഷൂട്ടിംഗിന് തൊട്ടുമുമ്പുള്ള അവസാന 10 മണിക്കൂറുകളിൽ വെള്ളം കുടിക്കുന്നതിന് പൂർണ്ണമായ വിലക്കുണ്ടായിരുന്നു. ആ സമയങ്ങളിൽ വെള്ളത്തിന് പകരം ഐസ് ക്യൂബ് നക്കുക മാത്രമാണ് ചെയ്തിരുന്നതെന്ന് വിജയ് വെളിപ്പെടുത്തി. ഓരോ നിമിഷവും വെള്ളത്തിനായി ശരീരം കൊതിക്കുന്ന അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഠിനമായ നിർജ്ജലീകരണം കാരണം ഉറങ്ങാൻ പോലും കഴിയാത്ത വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് വിജയ് അനുഭവിച്ചത്. ഉറങ്ങുമ്പോൾ പോലും വെള്ളത്തെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നതെന്നും സാധാരണ രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം ഓർത്തെടുത്തു. "ഞാൻ ആ ഐസ് ക്യൂബ് നക്കുമ്പോൾ എനിക്ക് വെള്ളം കുടിക്കാൻ അനുവാദമില്ലായിരുന്നു. വെള്ളത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഞാൻ ഉറങ്ങിയിരുന്നത്. 'എനിക്ക് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ല' എന്ന് ഞാൻ കരുതി ഞാൻ അവരോട് നാലുലിറ്റർ തണുത്ത ഇളനീർ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എനിക്ക് ഭക്ഷണമായിരുന്നില്ല വേണ്ടിയിരുന്നത്, തണുത്ത കരിക്കിൻ വെള്ളമായിരുന്നു... മൂന്ന് മണിക്കൂറിനു ശേഷം ഞാൻ വീണ്ടും അസ്വസ്ഥനാവുകയും തണുത്ത കരിക്കിൻ വെള്ളം കൊണ്ടുവരാൻ എന്റെ ടീമിനോട് ആവശ്യപ്പെടുകയും ചെയ്യും... അതിനുശേഷവും സിനിമ വിജയിക്കാതെ വരുമ്പോൾ അത് വേദനിപ്പിക്കും, കാരണം നിങ്ങൾ അതിനായി നിങ്ങളുടെ സർവ്വസ്വവും നൽകിയിട്ടുണ്ടാകും.” വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ.

അതേസമയം, തന്റെ പുതിയ ചിത്രമായ 'രണബാലി'ക്ക് വേണ്ടിയും ശരീരമാറ്റം നടത്തിയിട്ടുണ്ടെങ്കിലും അത് ലൈഗറിനെപ്പോലെ ഹാനികരമായ രീതിയിലായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത 'ലൈഗർ' വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു. അനന്യ പാണ്ഡെ നായികയായ ഈ ചിത്രത്തിൽ രമ്യാ കൃഷ്ണൻ, റോണിത് റോയ് എന്നിവരും ബോക്സിംഗ് താരം മൈക്ക് ടൈസൺ അതിഥി വേഷത്തിലും എത്തിയിരുന്നു. ഹിന്ദിയിലും തെലുങ്കിലുമായി ഒരേസമയം നിർമ്മിച്ച ഈ ചിത്രം 125 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. എന്നാൽ തിയേറ്ററുകളിൽ വലിയ പരാജയമായി മാറിയ ചിത്രം വെറും 60 കോടി രൂപ മാത്രമാണ് നേടിയത്.

Content Highlights: Ahead of his upcoming historical action film Ranabaali, actor Vijay Deverakonda opened up about the unhealthy and extreme physical transformation he underwent for Liger, revealing how he was restricted from drinking water and reduced to licking ice cubes before shoots.