മൂന്നുവർഷത്തെ പ്രണയം; കാമുകിക്കൊപ്പം ഓസ്കർ ചടങ്ങിനെത്തി ഡി കാപ്രിയോ

ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോ ഇത്തവണത്തെ ഓസ്കർ പുരസ്കാര ചടങ്ങുകൾക്കെത്തിയത് കാമുകി വിറ്റോറിയ സെറേറ്റിക്കൊപ്പം. 2023-ൽ ഡേറ്റിംഗ് ആരംഭിച്ചതിന് ശേഷം ഇരുവരും ആദ്യമായാണ് ഓസ്കാർ ചടങ്ങിൽ ഒരുമിച്ച് പങ്കെടുക്കുന്നത്. തങ്ങളുടെ സ്വകാര്യ ജീവിതം ലോകത്തിന് മുന്നിൽ അധികം വെളിപ്പെടുത്താത്ത ഇരുവരുടെയും ഈ പരസ്യമായ സാന്നിധ്യം ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ കൗതുകമുണർത്തി.
ലോസ് ആഞ്ചലിസിലെ ഡോൾബി തിയേറ്ററിൽ മാർച്ച് 15-നാണ് ഓസ്കർ പ്രഖ്യാപന ചടങ്ങ് നടന്നത്. റെഡ് കാർപ്പറ്റിൽ ഡികാപ്രിയോ ഒറ്റയ്ക്കാണ് എത്തിയത്. പിന്നീട് തിയേറ്ററിനുള്ളിലാണ് ഇരുവരും ഒരുമിച്ചിരുന്നത്. ചടങ്ങിനിടെ ടിവി ക്യാമറകൾ ഇരുവരും ഒന്നിച്ച് ഇരിക്കുന്നത് പകർത്തിയിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഇത്തരത്തിൽ ഒരു വലിയ അന്താരാഷ്ട്ര ചടങ്ങിൽ ഒരുമിച്ച് പങ്കെടുക്കുന്നത്.
വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡി കാപ്രിയോക്ക് മികച്ച നടനുള്ള നാമനിർദേശം ലഭിച്ചിരുന്നു. കയ്യെത്തും ദൂരത്താണ് അദ്ദേഹത്തിന് പുരസ്കാരം നഷ്ടമായത്. സിന്നേഴ്സ് എന്ന ചിത്രത്തിലൂടെ മൈക്കിൾ ബി. ജോർദൻ ആണ് മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കിയത്.
2023 ഓഗസ്റ്റിൽ ഐബിസയിലെ ഒരു നൈറ്റ് ക്ലബ്ബിൽ വെച്ച് 51 കാരനായ ഡി കാപ്രിയോയും 27-കാരിയായ വിറ്റോറിയയും ഒരുമിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവരുന്നത്. പിന്നീട് ഇറ്റലിയിലെ സന്ദർശനവേളയിലും 2025-ലെ മെറ്റ് ഗാലയിലും ഇവർ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. മുൻകാലങ്ങളിൽ ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ തുടങ്ങിയ വലിയ ചടങ്ങുകളിൽ ഡി കാപ്രിയോ തന്റെ അമ്മയായ ഇർമെലിൻ ഇൻഡൻബിർക്കനെയാണ് ഒപ്പം കൂട്ടിയിരുന്നത്.
ലിയോനാർഡോ ഡികാപ്രിയോ നായകനായ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രം 2026-ലെ ഓസ്കാറിൽ വലിയ നേട്ടങ്ങളാണ് കൊയ്തത്. ആകെ 13 നോമിനേഷനുകൾ ലഭിച്ച ചിത്രം മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ ആറ് വിഭാഗങ്ങളിൽ പുരസ്കാരം നേടി. തോമസ് പിൻചോണിന്റെ നോവലിനെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിൽ ബോബ് ഫെർഗൂസൺ എന്ന രാഷ്ട്രീയ പോരാളിയുടെ വേഷമാണ് ഡി കാപ്രിയോ അവതരിപ്പിച്ചത്.
Content Highlights: Leonardo DiCaprio and Vittoria Ceretti made their first joint Oscars appearance., DiCaprio's film 'One Battle After Another' won six Academy Awards., The couple has been dating since 2023 and maintains a private relationship., The film adaptation of Vineland earned critical acclaim and multiple wins.