കീർത്തിചക്രയുടേയും ജില്ലയുടേയും നിർമാതാവ്, അവസാനചിത്രം ഫഹദിനൊപ്പം; അനുശോചിച്ച് സിനിമാ ലോകം

#Movies Desk
ആര്‍.ബി. ചൗധരി | Photo: X/ Watta Movie
ആര്‍.ബി. ചൗധരി | Photo: X/ Watta Movie

നിർമാതാവ് ആർ.ബി. ചൗധരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സിനിമാ ലോകം. സൂപ്പർതാരങ്ങളായ രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ ഉൾപ്പെടെയുള്ളവർ ആർ.ബി. ചൗധരിക്ക് അന്ത്യാഞ്ജലി നേർന്നു. ഇന്ത്യൻ സിനിമയ്ക്ക് നികത്താവാത്ത നഷ്ടമാണ് ചൗധരിയുടെ വിയോഗമെന്ന് മോഹൻലാൽ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

'പ്രിയസുഹൃത്തും മികച്ച നിർമാതാവുമായ സൂപ്പർ ഗുഡ് ഫിലിംസ് ആർ.ബി. ചൗധരിയുടെ വിയോഗവാർത്ത എന്നെ അതീവ ദുഃഖിതനാക്കുന്നു. അദ്ദേഹം നല്ല മനുഷ്യനായിരുന്നു നിരവധി സംവിധായകർക്ക് അവസരം നൽകി സിനിമാ ലോകത്തെ പുഷ്ടിപ്പെടുത്തി. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ഞെട്ടലും ദുഃഖവുമുളവാക്കുന്നു. കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുന്നു, ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ', രജനീകാന്ത് എക്‌സിൽ കുറിച്ചു.

'ദക്ഷിണേന്ത്യൻ സിനിമാ നിർമാതാക്കളിൽ പ്രമുഖനായിരുന്ന ആർ.ബി. ചൗധരിയുടെ നിര്യാണവാർത്ത ഞെട്ടലും ദുഃഖവും ഉളവാക്കുന്നു. സിനിമയിൽ നൂതനമായ കാര്യങ്ങൾ ചെയ്യാൻ മടിയില്ലാത്ത ധൈര്യശാലിയായിരുന്നു അദ്ദേഹം. പലരെയും സിനിമ രംഗത്തേക്ക് കൊണ്ടുവരികയും പലരുടെയും സിനിമ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുകയും ചെയ്തയാൾ. കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന യുവ പ്രതിഭകൾക്ക് ആശ്രയമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാവാത്ത ദുഃഖമാണ്. സ്‌നേഹനിധിയായ പിതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ കഴിയുന്ന ജീവ, രമേഷ് എന്നിവർക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു', എന്നായിരുന്നു കമൽഹാസന്റെ അനുശോചനക്കുറിപ്പ്.

ജില്ലയിലും കീർത്തിചക്രയിലും ചൗധരിക്കൊപ്പം പ്രവർത്തിച്ച് മോഹൻലാൽ ഓർത്തെടുത്തു. 'ലെജൻഡറി നിർമാതാവ് ആർ.ബി. ചൗധരി സാറിന്റെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യായങ്ങൾ സമ്മാനിച്ച ഒരു പ്രതിഭയായിരുന്നു അദ്ദേഹം. കീർത്തിചക്ര, ജില്ല എന്നീ സിനിമകളിലൂടെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. ആ ഓർമകൾ എന്നോടൊപ്പം എന്നുമുണ്ടാകും. അദ്ദേഹം കഥകളിലും മനുഷ്യരിലും വിശ്വസിച്ചു. ആ വിശ്വാസം എണ്ണമറ്റ ജീവിതങ്ങളെയും കരിയറുകളെയും മാറ്റിമറിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടം. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയം നിറഞ്ഞ അനുശോചനം. ഈ ദുഃഖത്തിൽ അവർക്ക് ശക്തി ലഭിക്കട്ടെ. ഓം ശാന്തി', എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി, ആന്ധ്ര ഉപമുഖ്യമന്ത്രി കൂടിയായ കല്യാൺ, വിശാൽ, വെങ്കടേഷ്, കെ.എസ്. രവികുമാർ, മേജർ രവി, ഖുശ്ബു, കാർത്തിക് സുബ്ബരാജ്, രാഘവ ലോറൻസ് എന്നിവരും ആർ.ബി. ചൗധരിക്ക് അനുശോചനം അറിയിച്ചു.

രാജസ്ഥാനിലെ ഉദയ്പുരിലുണ്ടായ വാഹനാപകടത്തിലാണ് ആർ.ബി. ചൗധരിയുടെ മരണം. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ജോധ്പുരിലേക്ക് പോകുന്നതിടെ അദ്ദേഹം സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചൗധരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നടൻ ജീവ മകനാണ്.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ തമിഴ്, തെലുഗു, മലയാളം, ഹിന്ദി ഭാഷകളായി 99 ചിത്രങ്ങൾ നിർമിച്ചു. ഇവയിൽ പലതും സൂപ്പർഹിറ്റുകളായി. കീർത്തിചക്രയാണ് മലയാളത്തിൽ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്ന്.

മോഹൻലാലും വിജയ്യും അഭിനയിച്ച ജില്ല, നാട്ടമൈ, സൂര്യവംശം, പുരിയാത്ത പുതിർ, ആനന്ദം, തുള്ളാത മനവും തുള്ളും, തിരുപ്പാച്ചി ഉൾപ്പെടെ 99 ചിത്രങ്ങൾ നിർമിച്ചു. വടിവേലുവും ഫഹദ് ഫാസിലും അഭിനയിച്ച മാരീസനാണ് അവസാനം നിർമിച്ച ചിത്രം.

രാജസ്ഥാനി കുടുംബത്തിലാണ് രത്തൻലാൽ ഭഗത്റാം ചൗധരിയെന്ന ആർ.ബി. ചൗധരിയുടെ ജനനം. ചലച്ചിത്ര നിർമാണത്തിലേക്ക് കടക്കുന്നതിനു മുൻപ് ഉരുക്ക്-ആഭരണ കയറ്റുമതിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. മലയാളചിത്രങ്ങളായ ആദിപാപവും ലയനവും നിർമിച്ചാണ് സിനിമാമേഖലയിലേക്ക് കടക്കുന്നത്. 1990-ൽ 'പുതുവസന്തം' നിർമിച്ച് തമിഴിലേക്കും കടന്നു.

സൂപ്പർ എന്നായിരുന്നു തുടക്കത്തിൽ ചൗധരിയുടെ നിർമാണക്കമ്പനിയുടെ പേര്. പിന്നീട് ഗുഡ്നൈറ്റ് മോഹനുമായി ചേർന്നാണ് ചിത്രങ്ങൾ നിർമിച്ചത്. ഇരുവരും പിരിയാൻ തീരുമാനിച്ചതോടെ ഗുഡ്നൈറ്റിന്റെ 'ഗുഡ്'കൂടി ചൗധരി തന്റെ നിർമാണക്കമ്പനിക്കൊപ്പം ചേർത്ത് സൂപ്പർ ഗുഡ് ആക്കി.

തമിഴ്നാട് സ്വദേശിയായ മെഹ്ജബിനാണ് ഭാര്യ. നിർമാതാവ് സുരേഷ് ചൗധരി, ജീവൻ ചൗധരി, ജിത്തൻ എന്നിവരാണ് മറ്റു മക്കൾ. മൃതദേഹം ബുധനാഴ്ച പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് കൊണ്ടുവരും. സംസ്‌കാരം ചെന്നൈയിൽ.

Content Highlights: Renowned producer R.B. Choudary passed away following a tragic road accident in Udaipur, Rajasthan. Founder of Super Good Films, he produced 99 films across multiple languages including Tamil, Telugu, and Malayalam. Notable contributions include Keerthichakra and Jilla, featuring Mohanlal. Industry icons including Mohanlal, Rajinikanth, and Kamal Haasan expressed deep condolences. His final production project was the film Maareesan starring Fahadh Faasil