തിഷയുടെ മരണം; കൃഷന്‍ കുമാറിന്റെ മടിയില്‍ കിടന്ന് പൊട്ടിക്കരഞ്ഞ് സോനു നിഗം

മുംബൈ: രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ തിഷാ കുമാര്‍ അന്തരിച്ചത്. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുപത് വയസ്സുകാരിയായ തൃഷയുടെ വിയോഗം.
കഴിഞ്ഞ ദിവസമാണ് തിഷയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സിനിമാമേഖലയിലെ ഒട്ടേറെയാളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഗായകന്‍ സോനു നിഗം പ്രാർഥനാ യോഗത്തിൽ പങ്കെടുത്തിരുന്നു. കൃഷന്‍ കുമാറിനെ ആശ്വസിപ്പിക്കാനെത്തിയ സോനു നിഗം എന്നാല്‍ അദ്ദേഹത്തെ കണ്ടയുടന്‍ വികാരാധീനനായി. കൃഷന്‍ കുമാറിന്റെ മടിയില്‍ കിടന്ന് ഗായകന്‍ പൊട്ടിക്കരയുന്ന രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ചലച്ചിത്ര നിര്‍മാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ അന്തരിച്ചു
മൂപ്പത് വര്‍ഷങ്ങളായി കൃഷന്‍ കുമാറിന്റെ അടുത്ത സുഹൃത്താണ് സോനു നിഗം. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് കമ്പനിയായ ടി സീരീസിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ് കൃഷന്‍ കുമാര്‍. സിനിമയിലെ തുടക്കക്കാലത്ത് സോനു നിഗമിന് വലിയ പിന്തുണയാണ് കൃഷന്‍ കുമാര്‍ നല്‍കിയത്.
ടി സീരിസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ സഹോദരനാണ് കൃഷന്‍ കുമാര്‍. ഗുല്‍ഷന്‍ കുമാര്‍ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മകന്‍ ഭൂഷണ്‍ കുമാറിനൊപ്പം നില്‍ക്കുകയും ടി സീരീസിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകരുകയും ചെയ്ത വ്യക്തിയാണദ്ദേഹം.
കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന ദീര്‍ഘനാളായി ചികിത്സയിലായിരുന്നു തിഷാ. ജര്‍മനിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍ സിനിമയുടെ പ്രീമിയറിന് തിഷ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. അതിന് ശേഷം പൊതുവേദികളിലെത്തിയിരുന്നില്ല. കൃഷന്‍ കുമാറിന്റെയും നടിയായിരുന്ന ടാന്യ സിംഗിന്റെയും ഏക മകളായിരുന്നു തിഷ.
Content Highlights: Sonu Nigam breaks down in Krishan Kumar's Lap, Tishaa Kumar's Prayer