‘അന്ന് സ്ക്രീനിൽ കണ്ട് ആരാധിച്ചു, ഇന്ന് അദ്ദേഹത്തിന്റെ ചിത്രത്തിലൊരു വേഷം’; കുറിപ്പുമായി കോട്ടയം നസീർ

'ജയിലർ 2'-ൽ രജനീകാന്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കുവെച്ച് നടൻ കോട്ടയം നസീർ. വർഷങ്ങൾക്ക് മുമ്പ് സ്ക്രീനിൽ കണ്ട് ആരാധിച്ച താരത്തിനൊപ്പം ഒരു വേഷംചെയ്യാൻ അവസരം കിട്ടിയതിലെ സന്തോഷം നസീർ പങ്കുവെച്ചു. ചിത്രത്തിന്റെ ലൊക്കേഷനിൽവെച്ച് രജനീകാന്തിനെ പരിചയപ്പെട്ടതിനെക്കുറിച്ച് വൈകാരികമായി താരം ഓർത്തെടുത്തു. സിനിമാ ഗ്രൂപ്പുകളിലാണ് താരം പോസ്റ്റ് പങ്കുവെച്ചത്.
രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലർ 2' വ്യാഴാഴ്ച തിയേറ്ററുകളിലെത്തി. അനിരുദ്ധ് സംഗീതം നിർവഹിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലുണ്ട്. കേരളത്തിൽ 800-ലേറെ സ്ക്രീനുകളിലാണ് ചിത്രം ആദ്യദിവസം റിലീസ് ചെയ്തത്. ചിത്രത്തിൽ ആമിർ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിച്ചത്.
കോട്ടയം നസീറിന്റെ കുറിപ്പ്:
ഒരു കഥ സൊല്ലട്ടുമാ...
വർഷങ്ങൾക്ക് മുൻപ് കറുകച്ചാലിലെ ഓല മേഞ്ഞ 'മോഡേൺ' സിനിമ ടാക്കീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളിൽ എത്രയോ ചുവരുകളിൽ ഈ 'സ്റ്റൈൽ മന്നന്റെ' എത്രയെത്ര സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ സ്റ്റൈലുകൾ അനുകരിച്ചു.
ഇന്ന് വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ സിനിമയിൽ ഒരു വേഷം ചെയ്യാൻ അവസരവും കിട്ടി. ലൊക്കേഷനിൽവെച്ചു പരിചയപ്പെട്ടപ്പോൾ തോളിൽ കൈയിട്ട് ചേർത്ത് നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ സ്വപ്നമാണോ, ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല. മനസ്സിൽ ഒരു പ്രാർഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി. അല്ലെങ്കിലും പടച്ചവന്റെ തിരക്കഥ അത് വല്ലാത്തൊരു തിരക്കഥയാ.
Content Highlights: Actor Kottayam Nazeer expressed his immense joy at sharing screen space with Superstar Rajinikanth in 'Jailer 2'. Nazeer emotionally recalled his journey from watching Rajinikanth in local theaters and painting his images to imitating him on stage. He described meeting Rajinikanth on the movie set and taking a picture together as a dreamlike moment. The actor expressed his deep gratitude to God, parents, teachers, and well-wishers for this milestone opportunity. Directed by Nelson Dilipkumar and featuring Mohanlal in a cameo, 'Jailer 2' released across more than 800 screens in Kerala.