പുതുമോടിയോടെ കോക്കേഴ്‌സ് എന്ന ബ്രാന്‍ഡ് വീണ്ടും

മലയാള സിനിമയുടെ പ്രേക്ഷകരുടെ മനസ്സില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഒരുപറ്റം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയാണ് സിയാദ് കോക്കര്‍ സാരഥ്യം വഹിച്ച കൊക്കേഴ്‌സ് ഫിലിംസ്. 'കൂടും തേടി'യില്‍ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവര്‍ക്ക് സമാധാനം, പട്ടണപ്രവേശം, മഴവില്‍ക്കാവടി, ഒരു മറവത്തൂര്‍ കനവ്, സമ്മര്‍ ഇന്‍ ബത്‌ലഹേം, ദേവദൂതന്‍ തുടങ്ങി മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച കോക്കേഴ്‌സ്; 2022ല്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകവേഷത്തിലെത്തിയ 'കുറി'യിലൂടെ നവയുഗ മലയാള സിനിമാ രംഗത്തെ തങ്ങളുടെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പുക്കുകയായിരുന്നു.
നിര്‍മ്മാണ രംഗത്തും, ഡിസ്ട്രിബൂഷന്‍ മേഖലയിലും തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനായി മുഖം മിനുക്കിയ കോക്കേഴ്‌സ്, 'കോക്കേഴ്‌സ് മീഡിയ എന്റര്‍ടെന്‍മെന്റ്‌സ്' എന്ന പുതിയ നാമത്തില്‍ സിയാദ് കോക്കറിന്റെ മകളായ ഷെര്‍മ്മീന്‍ സിയാദിന്റെ നേതൃത്വത്തില്‍ വേറിട്ട രൂപത്തിലും ഭാവത്തിലുമാണ് പുതിയ കാലത്തിന്റെ ചരിത്രമെഴുതാന്‍ കൊക്കേഴ്‌സ് എന്ന ബ്രാന്‍ഡ് തയ്യാറെടുക്കുന്നത്. വമ്പന്‍ താരനിരയില്‍ ഒരുക്കുന്ന ചിത്രമടക്കം; മൂന്നില്‍ കൂടുതല്‍ ബിഗ് ബഡ്ജറ്റ് സിനിമകളുടെ നിര്‍മ്മാണവും, സ്വന്തം ചിത്രങ്ങളോടൊപ്പം, വലിയ ചില വമ്പന്‍ പടങ്ങളുടെ വിതരണവും ചെയ്തു കൊണ്ടായിരിക്കും കോക്കേഴ്‌സ് 2023ല്‍ മലയാളികള്‍ക്ക് വിരുന്നൊരുക്കുക.
38 വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍; സിനിമാ നിര്‍മ്മാണം മാത്രമായി ചുരുങ്ങാതെ സിനിമ ഡിസ്ട്രിബ്യൂഷന്‍, സിനിമാ മാര്‍ക്കറ്റിംങ്ങ്, പ്രൊഡക്ഷന്‍ കണ്‍സള്‍ട്ടേഷന്‍ & സെയില്‍സ് തുടങ്ങി മലയാള സിനിമയ്ക്ക് സഹായകരമാകുന്ന പല പുതിയ തലങ്ങളിലേക്കും കോക്കേഴ്സിന്റെ പുതുതലമുറ ഊന്നല്‍ നല്‍കുന്നുണ്ട്. അതിനായി ഏറെ പ്രാഗല്‍ഭ്യമുള്ളൊരു ടീം തന്നെ ഇതിനോടകം കോക്കേഴ്‌സിന്റെ കീഴില്‍ സജ്ജമായി കഴിഞ്ഞു. സിനിമയുടെ വിതരണത്തിനോ, പരസ്യത്തിനോ, കച്ചവടത്തിനോ, നിര്‍മ്മാണ സംബന്ധമായ വിദഗ്‌ദ്ധോപദേശത്തിനോ, തുടങ്ങി.. സിനിമാ സംബന്ധമായ പല സഹായങ്ങള്‍ക്കും 'www.kokers.in' എന്ന വെബ്‌സൈറ്റിലൂടെ കോക്കേഴ്‌സിനെ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്
Content Highlights: kokers films siyad koker