‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും, ഏതുരൂപത്തിലായാലും ശരീരത്തെ ബഹുമാനിക്കും-കിയാര

#Movies Desk
വാർ-2 പോസ്റ്റർ, കിയാരയുടെ ബിക്കിനി രംഗം | Photos: facebook.com/hrithikroshan, Screen grab from youtube video
വാർ-2 പോസ്റ്റർ, കിയാരയുടെ ബിക്കിനി രംഗം | Photos: facebook.com/hrithikroshan, Screen grab from youtube video

കഴിഞ്ഞ ജൂലായിലാണ് ബോളിവുഡ് താരദമ്പതിമാരായ കിയാര അദ്വാനിക്കും സിദ്ധാർഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞ് പിറന്നത്. സരായ മൽഹോത്ര എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്. സിദ്ധാർഥിന്റേയും കിയാരയുടേയും പേരുകൾ കൂട്ടിച്ചേർത്താണ് കുഞ്ഞിന് പേരിട്ടത് എന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഹീബ്രൂ ഭാഷയിലെ രാജകുമാരി എന്നർഥം വരുന്ന സരായയിൽനിന്നാണ് കുഞ്ഞിന് പേരിട്ടതെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു. അതേസമയം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകളിൽവന്ന മാറ്റത്തെക്കുറിച്ച് പറയുകയാണ് നടിയിപ്പോൾ.  

ജൂലായിൽ അമ്മയായ കിയാര ഹൃത്വിക് റോഷന്റെ നായികയായെത്തിയ 'വാർ 2' ഓഗസ്റ്റിലായിരുന്നു തിയേറ്ററിലെത്തിയത്. ചിത്രത്തിലെ കിയാരയുടെ ബിക്കിനി രംഗം ചർച്ചയായിരുന്നു. പുറത്തുവന്ന പാട്ടുസീനിൽ ഉൾപ്പെട്ട രംഗം ചിത്രത്തിൽനിന്ന് നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അമ്മയായ ശേഷം തിരിഞ്ഞുനോക്കുമ്പോൾ ആ വേഷത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ആ രംഗത്തിനായി താൻ അച്ചടക്കത്തോടെയുള്ള വലിയ തയ്യാറെടുപ്പുകളായിരുന്നു നടത്തിയതെന്ന് കിയാര വോഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രസവശേഷം ശരീരത്തിന് വലിയ മാറ്റങ്ങളുണ്ടായി. താൻ ഇത്തരം വേഷങ്ങൾ മുമ്പും ചെയ്തിട്ടുണ്ടെന്നും ഇനിയും ചെയ്യുമെന്ന് ഓർത്തുവെന്നും നടി പറഞ്ഞു.

ശരീരത്തെ ബഹുമാനിക്കാനും വിലമതിക്കാനും മാതൃത്വം തന്നെ പഠിപ്പിച്ചതായും നടി അഭിപ്രായപ്പെട്ടു. ഒരു കുഞ്ഞിന് ജന്മം നൽകുന്നതുമായി താരതമ്യംചെയ്യുമ്പോൾ, ഒരു കിലോ കുറയ്ക്കുന്നതോ കൂട്ടുന്നതോ വലിയ കാര്യമല്ല. ഏതുരൂപത്തിലായാലും എപ്പോഴും ശരീരത്തെ ബഹുമാനിക്കുമെന്നും കിയാര കൂട്ടിച്ചേർത്തു.

Content Highlights: Kiara Advani discusses her `War 2` bikini scene and body image after motherhood. She emphasizes body positivity and respect, stating she`s done and will do such roles