തിയേറ്ററുകളിലെ തീവെട്ടിക്കൊള്ള: നിയമവകുപ്പുമായി ആലോചിച്ച് നടപടിയെന്ന് മന്ത്രി അനൂപ് ജേക്കബ്

#Movies Desk
പ്രതീകാത്മക ചിത്രം, അനൂപ് ജേക്കബ് | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം, അനൂപ് ജേക്കബ് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: മൾട്ടിപ്ലെക്‌സുകളിലെയും തിയേറ്ററുകളിലെയും ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിൽ നിയമവകുപ്പുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, വകുപ്പുതലത്തിൽ സ്വീകരിക്കാൻ കഴിയുന്ന പരമാവധി നടപടികൾ സാധ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

'പെട്ടെന്ന് ഒരുദിവസം ഉണ്ടായ പ്രശ്‌നമല്ല. കാലങ്ങളായി ഇവിടെയുള്ള വിഷയമാണ്. മറ്റ് പല സാഹചര്യങ്ങളിലും ഇടപെടലുകൾ ഉണ്ടായെങ്കിലും ഫലപ്രദമായില്ല. ഇന്ന് വിവിധ വകുപ്പുകൾ ചേർന്ന് പരിശോധന നടത്തിയപ്പോൾ, പലയിടത്തും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല എന്ന് കണ്ടെത്തി. അവർക്ക് നോട്ടീസ് കൊടുത്തു. വകുപ്പ് തലത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സ്വീകരിക്കും. ശാശ്വത പരിഹാരത്തിന് കൂടുതൽ ഇടപെടൽ ആവശ്യമാണ്', മാതൃഭൂമി ന്യൂസിന്റെ സൂപ്പർപ്രൈം ടൈം ചർച്ചയിൽ മന്ത്രി പറഞ്ഞു.

'സുപ്രീംകോടതിയുടെ വിധിയിൽ എന്തുചെയ്യാൻ കഴിയുമെന്ന് നിയമവകുപ്പുമായി കൂടിയാലോചിച്ച് ചെയ്യും. കേരളത്തിൽ മാത്രമല്ല, രാജ്യത്തൊട്ടാകെ പ്രശ്‌നമുണ്ട്. ഉപഭോക്തൃ അവകാശങ്ങൾക്ക് എതിരായി വരുന്ന കാര്യമാണിത്. കുടിവെള്ളത്തിന്റെ കാര്യം മനുഷ്യാവകാശ പ്രശ്‌നമാണ്. ചില തിയേറ്ററുകളിൽ കുടിവെള്ള സൗകര്യമുണ്ട്. ഉള്ളത് കാണാവുന്ന രീതിയിൽ അല്ല സ്ഥാപിച്ചിരിക്കുന്നത്', അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ എറണാകുളത്തെ തിയേറ്ററിലെ പരിശോധനയ്ക്ക് പിന്നാലെ ലീഗൽ മെട്രോളജി വകുപ്പ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കഫെയ്ക്ക് എതിരെയാണ് കേസ്. കൊച്ചിയിലെ പ്രധാന മൾട്ടിപ്ലെക്‌സ് തിയേറ്ററുകളിൽ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇവിടങ്ങളിൽ മാനേജർമാർക്ക് ഉദ്യോഗസ്ഥ സംഘം നോട്ടീസ് നൽകി.

രാവിലെ ഒൻപതുമണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് നാലുവരെ തുടർന്നു. ഭക്ഷ്യ- ലീഗൽ മെട്രോളജി- ഉപഭോക്തൃ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. അഞ്ചിരട്ടിയിലധികം വിലയ്ക്കാണ് ഭക്ഷണസാധനങ്ങൾ വിൽക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.

വിലക്കാൻ നിയമംവേണമെന്ന് സുപ്രീംകോടതിയും

ജമ്മുകശ്മീരിൽ തിയേറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരുന്നത് വിലക്കിയത് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരേ തിയേറ്റർ ഉടമ 2023-ൽ സുപ്രീംകോടതിയിൽ എത്തിയിരുന്നു. ഭക്ഷണസാധനങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്നത് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി.

എന്നാൽ തിയേറ്റർ സ്വകാര്യസ്വത്താണെന്നും സിനിമാപ്രദർശനത്തോടൊപ്പം വ്യാപാരം നടത്താനും പുറത്തുനിന്നുള്ള ഭക്ഷണം വിലക്കാനും ഉടമയ്ക്കു കഴിയുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിയമപരമായ നിയന്ത്രണമില്ലാത്ത സാഹചര്യത്തിൽ ഇത്തരം വിഷയത്തിൽ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു.

വെള്ളം കിട്ടിയത് ഉപഭോക്തൃകോടതി ഇടപെടലിലൂടെ

മൾട്ടിപ്ലെക്സ് തിയേറ്ററുകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്നാണ് തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിയത്.

Content Highlights: Food Minister Anoop Jacob announces government plans to address exorbitant food prices in cinema theatres and multiplexes. Joint inspections by Food, Legal Metrology, and Consumer Protection departments reveal food items sold at over five times the regular price. Notice issued to multiple food counters and cafes in Kochi multiplexes for failing to display price boards. Minister highlights limitations due to a Supreme Court ruling declaring theatres as private property with business rights. Legal consultation planned with the Law Department to find a permanent legal solution for consumer protection.