സിനിമാ നയത്തിന് അംഗീകാരം; വിനോദനികുതി ഒഴിവാക്കാൻ ശുപാർശ, സ്ത്രീസുരക്ഷയ്ക്ക് മുൻഗണന

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ്, ജി.എസ്.ടി. കൗൺസിൽ എന്നിവയുമായി കൂടിയാലോചിച്ച് സിനിമാ ടിക്കറ്റിന്റെ വിനോദനികുതി പൂർണമായും ഒഴിവാക്കാൻ സർക്കാർ അംഗീകരിച്ച സിനിമാനയത്തിൽ ശുപാർശ. സിനിമാ സംഘടനകൾ കാലങ്ങളായി ആവശ്യപ്പെടുന്നതാണിത്. ജി.എസ്.ടി. വിഹിതം തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ടുനൽകി ഇരട്ടനികുതി ഒഴിവാക്കണം.
സിനിമയിലെ വനിതാ പ്രവർത്തകരുടെ സുരക്ഷിതയാത്രയും താമസസൗകര്യവും നിർമാതാവിന്റെ ഉത്തരവാദിത്വമാണെന്നു നയം വ്യക്തമാക്കുന്നു. വനിതകളുടെയും പട്ടികജാതി-വർഗ വിഭാഗങ്ങളുടെയും സിനിമാ നിർമാണത്തിന് പൊതുസബ്‌സിഡി വിഹിതത്തിന്റെ 20 ശതമാനം നീക്കിവെക്കണം. വിവിധ കമ്മിറ്റികളിൽ കുറഞ്ഞത് 30 ശതമാനം സ്ത്രീപ്രാതിനിധ്യവും ഔദ്യോഗികസ്ഥാനത്തിന് ലിംഗഭേദമില്ലാത്ത പദം ഉപയോഗിക്കുകയും വേണം.
പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തരസമിതി എല്ലാ നിർമാണയൂണിറ്റിലും വേണം. സംസ്ഥാനതലത്തിൽ ട്രിബ്യൂണലും വേണം.
സിനിമാ വ്യവസായത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല കൗൺസിൽ സ്ഥാപിക്കുക, സ്കൂൾ പാഠ്യപദ്ധതിയിൽ ചലച്ചിത്ര പഠനം ഉൾപ്പെടുത്തുക, സിനിമയ്ക്കുള്ള സുരക്ഷാ പ്രോട്ടക്കോൾ വെബ്‌സീരീസുകൾക്കും ടെലിവിഷൻ സീരിയലുകൾക്കും ബാധകമാക്കുക തുടങ്ങിയ ശുപാർശകളും സർക്കാർ അംഗീകരിച്ചു. ജസ്റ്റിസ് ഹേമാ കമ്മിറ്റി നൽകിയ ശുപാർശകളും സിനിമാസംഘടനകളുടെയും ചലച്ചിത്ര കോൺക്ലേവിന്റെയും നിർദേശങ്ങളും പരിഗണിച്ചാണ് നയം അന്തിമമാക്കിയത്.
Content Highlights: Complete removal of entertainment tax on cinema tickets., Mandatory safety and accommodation protocols for women in film production., 20% subsidy reservation for women and SC/ST film producers., Establishment of a high-level council chaired by the Chief Minister., Implementation of POSH Act committees across all production units.