ഭ്രമയുഗം ഒന്നാന്തരം സിനിമ, പക്ഷേ, എത്രപേർ കണ്ടു?; കേരളം മൊത്തം കണ്ടതുകൊണ്ടല്ല മമ്മൂക്കയ്ക്ക് അവാർഡ്- മന്ത്രി സജി ചെറിയാൻ

കോഴിക്കോട്: പരാതികളില്ലാതെയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കുട്ടികളുടെ സിനിമകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ വിഭാഗത്തില്‍ നാല് സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. രണ്ടു സിനിമകള്‍ അവസാന റൗണ്ടിലുമെത്തി. എന്നാല്‍, അവാര്‍ഡ് നല്‍കാനുള്ള സൃഷ്ടിപരമായ നിലവാരം ഇവയ്ക്കില്ലെന്ന് ജൂറി അഭിപ്രായപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
'പ്രകാശ് രാജ് വിശദീകരിക്കുമ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ മനസിലാക്കിയത്. ജൂറി ആര്‍ക്കാണോ അവാര്‍ഡുകള്‍ തീരുമാനിക്കുന്നത്, അത് മാധ്യമങ്ങള്‍ക്കുമുന്നില്‍വെച്ചാണ് തുറക്കുന്നത്. അത് ഞാന്‍ മന്ത്രിയായപ്പോള്‍ എടുത്ത തീരുമാനമാണ്. ഇന്നലേയും അതുതന്നെയാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പ്രഖ്യാപിച്ച ഒരു അവാര്‍ഡിലും പരാതിയുണ്ടായിട്ടില്ല. പരാതികളില്ലാതെ മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നത്', മന്ത്രി അഭിപ്രായപ്പെട്ടു.
'പ്രകാശ് രാജ് പറഞ്ഞപ്പോള്‍ എനിക്കത് സ്‌ട്രൈക്ക് ചെയ്തു. നമ്മള്‍ ഏറ്റവും കൂടുതല്‍ ഫോക്കസ് ചെയ്യേണ്ടത് കുഞ്ഞുങ്ങളേയാണ്. നാലു സിനിമകള്‍ ഈ വര്‍ഷത്തെ അവാര്‍ഡിനുവേണ്ടി വന്നിരുന്നു. രണ്ട് സിനിമകള്‍ അവസാന ലാപ്പിലേക്ക് എത്തി. ക്രീയേറ്റീവായ സിനിമയായി ജൂറി അവ രണ്ടിനേയും കണ്ടില്ല. അവാര്‍ഡ് കൊടുക്കാന്‍ പാകത്തിലേക്ക് ആ സിനിമകള്‍ എത്തിയില്ല എന്ന് വിലയിരുത്തി', അവാര്‍ഡുകള്‍ പ്രഖ്യാപിക്കാത്തിനെക്കുറിച്ച് മന്ത്രി പറഞ്ഞു.
'എസ്‌സി/ എസ്ടിക്കും സ്ത്രീകള്‍ക്കും പ്രൊമോഷന്‍ കൊടുക്കുന്നതുപോലെ, ക്രിയേറ്റീവായ സിനിമകള്‍ വന്നാല്‍ വേണമെങ്കില്‍ സര്‍ക്കാര്‍ കൂടെ പിന്തുണച്ച് അടുത്തവര്‍ഷം കുട്ടികളുടെ സിനിമകള്‍ക്കും അവാര്‍ഡ് ലഭിക്കുന്നതിലേക്ക് മാറ്റിയെടുക്കാന്‍ കഴിയും. ആ കാര്യത്തില്‍ നിലപാടെടുക്കും. സിനിമാ മേഖലയിലെ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും', സജി ചെറിയാന്‍ വ്യക്തമാക്കി.
'പരിഗണനയ്ക്ക് വന്നത് അവാര്‍ഡ് നല്‍കാന്‍ കഴിയുന്ന സിനിമകളായി ജൂറി കണ്ടില്ല. അതില്‍ അവര്‍ സങ്കടപ്പെടുന്നുണ്ട്. നമ്മുടെ കുറവായി കാണേണ്ട. നമ്മള്‍ അത് പരിഹരിക്കുക. വിമര്‍ശനങ്ങളില്‍ എന്തിനാണ് വിഷമിക്കുന്നത്, അതുവരട്ടെ', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം കുട്ടികള്‍ക്ക് അവാര്‍ഡ് ഉണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 'നൂറുകണക്കിന് സിനിമയാണ് കേരളത്തില്‍ പിറക്കുന്നത്. ചെറിയ കാര്യമല്ല. ഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെടുകയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടിയത് കേരളത്തില്‍ മൊത്തം ആളുകളും കണ്ടതുകൊണ്ടൊന്നുമല്ല. നല്ല ഒന്നാംന്തരം സിനിമയാണ്, പക്ഷേ എത്രപേര്‍ കണ്ടു. പ്രശ്‌നം ഗൗരമായി കാണുന്നുണ്ട്. ആളുകള്‍ക്ക് താത്പര്യമുള്ള സിനിമകള്‍ വരണം. എന്നാല്‍, മൂല്യമുള്ള സിനിമകളും വേണം. എല്ലാംകൂടെ ചേരുന്നതാണല്ലോ സിനിമ', നിര്‍മാതാക്കളെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ സിനിമയുടെ സംവിധായകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി പ്രതികരിച്ചു.
Content Highlights: Saji Cheriyan explains the decision not to award children`s films this year, focusing on creative quality and future support