ബജറ്റിലും ‘100 കോടി ക്ലബ്ബി’ൽ സിനിമാമേഖല; ഫിലിം സിറ്റി വന്നാൽ ഷൂട്ടിങ്ങ് എല്ലാം ഇനി ഒരു കുടക്കീഴിൽ

#സിറാജ് കാസിം
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കൊച്ചി: മലയാള സിനിമയുടെ വികസനസ്വപ്നങ്ങൾ സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷനൽകി ബജറ്റിലും ‘നൂറു കോടി ക്ലബ്ബി’ലെത്തി സിനിമ. 100 കോടിയാണ് സിനിമാമേഖലയുടെ സമഗ്രവികസനത്തിനായി അനുവദിച്ചത്.

കൊച്ചിയിൽ ജെ.സി. ഡാനിയൽ അന്താരാഷ്ട്ര ഫിലിം സിറ്റി വരുന്നതാണ് ഇതിൽ പ്രധാനം. സിനിമയ്ക്ക് വ്യവസായപദവി നൽകുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരംവേദി സ്ഥാപിക്കൽ, സിനിമയുടെ വ്യാജപതിപ്പുകൾ തടയുന്നതിനായി ആന്റി പൈറസി സെല്ലുകൾ രൂപവത്കരിക്കൽ, ദേശീയ-അന്താരാഷ്ട്ര സിനിമാനിർമാണത്തെ ആകർഷിക്കാൻ അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ സമഗ്രസിനിമാ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി.

ഷൂട്ടിങ്ങിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളസിനിമയ്ക്ക് ഇനിയെല്ലാം സ്വന്തംമണ്ണിൽ ഒരു കുടക്കീഴിലാകുന്നതാകും കൊച്ചിയിലെ നിർദിഷ്ട ഫിലിംസിറ്റി.

നികുതി അടക്കമുള്ള ഒരുപാട് പ്രശ്നങ്ങളിൽ നിർണായകമാകുന്നതാകും വ്യവസായപദവി നൽകാനുള്ള നീക്കം.

Content Highlights: 100 crore budget allocation for comprehensive cinema sector development., Establishment of JC Daniel International Film City in Kochi., Official granting of industry status to the Malayalam film sector., Establishment of Anti-Piracy cells to curb illegal distribution., Creation of a permanent venue for international film festivals.