നൂറുപേരുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് നടിക്ക് ഭീഷണി, ഭർത്താവിനെ കത്തികൊണ്ട് കുത്തി

ബെംഗളൂരു: കന്നഡ ടെലിവിഷൻ താരം കാവ്യ ഗൗഡയേയും ഭർത്താവ് സോമശേഖറിനേയും വീട്ടിൽക്കയറി ആക്രമിച്ചു. ചൊവ്വാഴ്ച ബംഗളൂരുവിലെ രാമമൂർത്തി നഗറിലുള്ള വസതിയിൽ വെച്ചാണ് സംഭവം. പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി ദമ്പതികളെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സോമശേഖറിന് കത്തികൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. കാവ്യയും ഭർത്താവും ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നടിയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.
ഒരേ വീട്ടിൽ താമസിക്കുന്ന രണ്ട് സഹോദരന്മാരുടെ കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ആക്രമണം, ക്രിമിനൽ ഭീഷണി, ലൈംഗികാതിക്രമം, കൊലപാതകശ്രമം എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രവികുമാർ, പ്രേമ, നന്ദിഷ്, പ്രിയ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മറ്റ് കുടുംബാംഗങ്ങളും പരസ്പര പരാതികൾ നൽകിയിട്ടുണ്ട്.
തനിക്ക് നേരെ അതിക്രൂരമായ ലൈംഗികാതിക്രമ ഭീഷണികളും വധഭീഷണികളും ഉണ്ടായതായി കാവ്യ ഗൗഡ മൊഴി നൽകി. രവികുമാർ എന്നയാൾ തന്റെ കഴുത്തിന് പിടിക്കുകയും നൂറുപേരുടെ മുന്നിൽ വെച്ച് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി അവർ പരാതിയിൽ ആരോപിച്ചു.
കാവ്യയും സോമശേഖറും തങ്ങളുടെ രണ്ടുവയസുള്ള കുഞ്ഞിനൊപ്പമാണ് താമസിക്കുന്നത്. കുട്ടിയെ പരിചരിക്കാൻ സുമ എന്ന വീട്ടുവേലക്കാരിയെ ഏർപ്പാടാക്കിയിരുന്നു. ഈ ജോലിക്കാരിയെ സ്ഥിരമായി മോഷ്ടാവ് എന്ന് ആരോപിച്ച് പ്രേമയും നന്ദിഷ് കുമാറും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അവരെ കുറ്റപ്പെടുത്തുമായിരുന്നുവെന്ന് കാവ്യ പറഞ്ഞു. രണ്ടുദിവസം മുൻപ് പ്രേമ വീട്ടുജോലിക്കാരിയെ മോഷ്ടാവ് എന്ന് വിളിക്കുകയും കാവ്യയുടെ കുട്ടിയുടെ കവിളിൽ അടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത നടിയെ അപമാനകരമായ രീതിയിൽ ബന്ധുക്കൾ അധിക്ഷേപിച്ചെന്നും റിപ്പോർട്ടുണ്ട്.
കാവ്യയെ പ്രിയ മർദിച്ചപ്പോൾ രവികുമാർ സോമശേഖറിനെ ആദ്യം വടി കൊണ്ടും പിന്നീട് കത്തികൊണ്ടും ആക്രമിച്ചു. സംഭവസ്ഥലത്തെത്തിയ നടിയുടെ സഹോദരി ഭവ്യയെയും രവികുമാർ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കാർ ഡ്രൈവറുടെ സഹായത്തോടെ കാവ്യയെയും ഭർത്താവിനെയും കോശിഷ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും നിലവിൽ ചികിത്സയിലാണ്.
ആക്രമണത്തിനുശേഷം നടി കാവ്യ കടുത്ത മാനസിക ആഘാതത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മർദ്ദനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ലൈംഗിക ഭീഷണി, വധശ്രമം എന്നിവയുമായി ബന്ധപ്പെട്ട് രാമമൂർത്തി നഗർ പോലീസ് കേസെടുത്തു. കുടുംബത്തിലെ മറ്റ് അംഗങ്ങളും പരാതികൾ നൽകിയിട്ടുള്ളതിനാൽ രണ്ട് ഭാഗത്തുനിന്നുമുള്ള ആരോപണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Content Highlights: Kannada Actress Kavya Gowda & Husband Allegedly Assaulted in Bengaluru Home Invasion