'റോളക്‌സും ദില്ലിയും കണ്ടു മുട്ടുമോയെന്ന് അറിയില്ല'; ആരാധകരെ അമ്പരപ്പിച്ച് കാര്‍ത്തി

ദില്ലിയും റോളക്‌സുമായി കാര്‍ത്തിയും സൂര്യയും| Photo Screen Grab
ദില്ലിയും റോളക്‌സുമായി കാര്‍ത്തിയും സൂര്യയും| Photo Screen Grab

പൊന്നിയിന്‍ സെല്‍വന്റെ വിജയത്തിനുപിന്നാലെ കാര്‍ത്തി നായകനായെത്തുന്ന സര്‍ദാര്‍ റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി തിരക്കിലാണ് താരം. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ സര്‍ദാറിന്റെ തെലുങ്ക് പതിപ്പിന്റെ പ്രീ റിലീസില്‍ മാധ്യമങ്ങളോട് സംവദിക്കുകയായിരുന്നു താരം.

ചടങ്ങില്‍ വിക്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ദില്ലിയും റോളക്‌സും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ദില്ലിയും റോളക്‌സും കണ്ടുമുട്ടുമോയെന്ന് തനിക്കും അറിയില്ലെന്നും ലോകേഷ് കനകരാജിനു മാത്രമേ അതിനുത്തരം നല്‍കാനാകൂ എന്നായിരുന്നു കാര്‍ത്തിയുടെ മറുപടി. പക്ഷേ എന്തായാലും കൈതിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം തുടങ്ങുമെന്നും കാര്‍ത്തി പറഞ്ഞു. 

2019 ല്‍ കാര്‍ത്തി ദില്ലി എന്ന നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രമാണ് കൈതി. ലോകേഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രമായ വിക്രമില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രമാണ് റോളക്‌സ്. രണ്ടു കഥാപാത്രങ്ങളും ഒട്ടേറെ ആരാധകരെയാണ് സമ്പാദിച്ചത്. ഈ രണ്ട്‌ചിത്രങ്ങളിലൂടെയും ലോകേഷ് കനകരാജ് തന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ചുവെന്നാണ് ആരാധകരുടെ അഭിപ്രായം. വിക്രം സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഇരു കഥാപാത്രങ്ങളും ഒന്നിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. 

കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് ഒക്ടോബര്‍ 12 ന് റിലീസിനൊരുങ്ങുന്ന സര്‍ദാര്‍. ഒരു സ്പൈ ആയിട്ടാണ് കാര്‍ത്തി ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന കാര്‍ത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ. പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന, മലയാളി താരം രജിഷ വിജയന്‍ എന്നിവരാണ് നായികമാര്‍. 

Content Highlights: karthi, suriya, vikram, kaithi, lokesh kanagaraj