‘അനിമൽ’ വിജയത്തിന് പിന്നാലെ തുടർച്ചയായി വയലൻസ് സിനിമകൾ; ബോളിവുഡിനെ വിമർശിച്ച് കരീന കപൂർ

#Movies Desk
അനിമൽ പോസ്റ്റർ, കരീന കപൂർ | Photo: PTI, AFP
അനിമൽ പോസ്റ്റർ, കരീന കപൂർ | Photo: PTI, AFP

ഒരു ചിത്രം വിജയിച്ചാൽ അതിന്റെ വഴിയെ മറ്റ് സംവിധായകരും സഞ്ചരിക്കുന്ന ബോളിവുഡിന്റെ മനോഭാവത്തെ വിമർശിച്ച് നടി കരീന കപൂർ. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത 'ആനിമൽ' എന്ന ചിത്രത്തിന്റെ വൻവിജയത്തിന് പിന്നാലെ കൂടുതൽ അക്രമരംഗങ്ങളുള്ള സിനിമകൾ നിർമിക്കാൻ എല്ലാവരും ധൃതി കൂട്ടിയ കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു കരീനയുടെ പ്രതികരണം.

ഇൻഡസ്ട്രി കരുതുന്നതിനേക്കാൾ ബുദ്ധിയുള്ളവരാണ് ഇന്നത്തെ പ്രേക്ഷകരെന്നും, ഒരു പ്രത്യേക സ്വഭാവത്തിലുള്ള സിനിമയായതുകൊണ്ടു മാത്രം ആളുകൾ അത് കാണാൻ തയ്യാറാവില്ലെന്നും കരീന പറഞ്ഞു. 'നമ്മൾ കരുതുന്നതിലും ബുദ്ധിയുള്ളവരാണ് പ്രേക്ഷകർ. നല്ല സിനിമ ഏതാണെന്ന് അവർക്ക് കൃത്യമായി അറിയാം, അത് കാണാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇപ്പോൾ അക്രമരംഗങ്ങളാണ് തരംഗം, 'ആനിമൽ' വിജയിച്ചു, അതിനാൽ നമുക്കും അക്രമരംഗങ്ങളുള്ള സിനിമകൾ ചെയ്യാം എന്നതെല്ലാം വളരെ പഴയ ചിന്താഗതിയാണ്', കരീന പറഞ്ഞു.

സ്ഥിരം ഫോർമുലകളെ ആശ്രയിച്ച് സിനിമ വിജയിപ്പിക്കാൻ ഇനി സംവിധായകർക്ക് കഴിയില്ലെന്ന് കരീന വ്യക്തമാക്കി. യുവ പ്രേക്ഷകർ തങ്ങൾ കാണുന്നതിനെ ചോദ്യം ചെയ്യാനും വ്യത്യസ്തമായ പ്രമേയങ്ങൾ ആവശ്യപ്പെടാനും തുടങ്ങിയതായും താരം കൂട്ടിച്ചേർത്തു. 'ഇതൊരു കോമഡി ചിത്രമാണ്, അതിനാൽ ആളുകൾ ഉറപ്പായും കാണും' എന്ന് പറഞ്ഞ് ഇനി സിനിമ ചെയ്യാൻ കഴിയില്ല. എല്ലാ ചിത്രങ്ങൾക്കും 200 കോടിയോ 500 കോടിയോ നേടാനാകില്ലെന്നും കരീന അഭിപ്രായപ്പെട്ടു.

സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തിൽ രൺബീർ കപൂറും അനിൽ കപൂറും പ്രധാന വേഷങ്ങളിൽ എത്തി 2023-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ആനിമൽ'. ആഗോളതലത്തിൽ 900 കോടിയിലധികം രൂപ കളക്ഷൻ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ആനിമൽ പാർക്ക്' അണിയറയിൽ ഒരുങ്ങുകയാണ്.

അതേസമയം, മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന 'ദായ്റ' എന്ന ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമയാണ് കരീനയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ എത്തും.

Content Highlights: Kareena Kapoor criticized Bollywood's obsession with producing violence-heavy films following the box office success of Animal. She stated that modern audiences are smarter than the industry assumes and will not blindly accept formulaic content. The actress emphasized that relying solely on trends like action, violence, or comedy no longer guarantees success. Animal, directed by Sandeep Reddy Vanga and starring Ranbir Kapoor, grossed over 900 crore worldwide and has a sequel, Animal Park, in development. Kareena's upcoming investigative drama Daayra, directed by Meghna Gulzar and co-starring Prithviraj Sukumaran, releases on September 18.