‘തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഖേദമുണ്ട്’; മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരായി കങ്കണ റണൗട്ട്

2020-ല്‍ നടത്തിയ വിവാദ ട്വീറ്റില്‍ മാപ്പ് ചോദിച്ച് അഭിനേതാവും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയായ മൊഹീന്ദര്‍ കൗറിനെ ഷഹീന്‍ ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍ക്കിസ് ബാനുവായി ചിത്രീകരിച്ച ട്വീറ്റാണ് കങ്കണ ഷെയര്‍ ചെയ്തത്. എന്നാല്‍ അത് താന്‍ നിര്‍മ്മിച്ചതല്ലെന്നും പോസ്റ്റ് 'റീട്വീറ്റ്' ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഭട്ടിന്‍ഡ കോടതിയില്‍ എത്തിയ കങ്കണ പറഞ്ഞു.
‘ഇന്ന് ഭട്ടിന്‍ഡയില്‍ എത്തിയപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. നിരവധി ആരാധകര്‍ എന്നെ കാണാന്‍ എത്തിയിരിക്കുന്നു. അമ്മയോടും (മൊഹീന്ദര്‍ കൗര്‍) അവരുടെ ഭര്‍ത്താവിനോടും തെറ്റിദ്ധാരണയെക്കുറിച്ച് സന്ദേശം അയച്ചിരുന്നു. ഇത്തരത്തിലൊരു വിവാദം ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല’. കങ്കണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെറ്റ് സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, കേസ് വിശദമായി പരിശോധിച്ചാല്‍ താന്‍ സ്വന്തമായി ഒന്നും അതില്‍ ചേര്‍ത്തിട്ടില്ല. രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്ന സമയത്ത് പൊതുവായി പങ്കുവെച്ച ഒരു ട്വീറ്റിനോട് ആരോ പ്രതികരിച്ചു. ഇതിനെത്തുടര്‍ന്നാണ് വിവാദം ഉണ്ടായത്. തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദമുണ്ട്. മൊഹിന്ദറിനോടും ഭര്‍ത്താവിനോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട് എന്ന് മറുപടിയാണ് കങ്കണ നല്‍കിയത്.
തനിക്കെതിരെയുള്ള മാനനഷ്ടക്കേസ് തള്ളണമെന്ന ആവശ്യവുമായി കങ്കണ ഇതിനുമുന്‍പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സാധാരണമായ ഒരു ട്വീറ്റല്ല നിങ്ങള്‍ പങ്കുവെച്ചത്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തതെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.
''കങ്കണയ്ക്ക് കോടതിയില്‍ ഹാജരാവാനുള്ള ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്നാണ് അവര്‍ എത്തിയത്. ജാമ്യമെടുക്കുന്നതിനും ജാമ്യ ബോണ്ട് സമര്‍പ്പിക്കുന്നതിനുമായിരുന്നു അത്. കോടതിക്കുള്ളില്‍ വെച്ച്, ഇതൊരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നും അതിനാല്‍ പരാതിക്കാരിയോട് മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മൊഹീന്ദറിന് സുഖമില്ലാത്തതിനാല്‍ അവരുടെ ഭര്‍ത്താവാണ് കോടതിയില്‍ ഹാജരായത്. ഇത് തങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല, കര്‍ഷകരെക്കൂടി ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കിസാന്‍ യൂണിയനുകളുമായും മറ്റുള്ളവരുമായും വിഷയം ചര്‍ച്ച ചെയ്ത ശേഷം മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.' മൊഹീന്ദറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വക്കേറ്റ് രഘുബീര്‍ സിംഗ് ബേനിവാള്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമരം നടത്തിയ ഷഹീന്‍ ബാഗ്ദാദി എന്നറിയപ്പെടുന്ന ബില്‍ക്കിസ് ബാനുവായി തന്നെ ചിത്രീകരിച്ചെന്നാരോപിച്ചാണ് മൊഹീന്ദര്‍ കങ്കണയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്. 100 രൂപയ്ക്ക് ഇവരെ സമരം നടത്താന്‍ ലഭിക്കുമെന്ന ട്വീറ്റാണ് കങ്കണ പങ്കുവെച്ചത്.
താന്‍ വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണെന്നും മറ്റൊരു തൊഴിലും താന്‍ ചെയ്യാറില്ലെന്നും മൊഹീന്ദര്‍ കൗര്‍ വ്യക്തമാക്കിയിരുന്നു. ''ആരാണ് കങ്കണ, എന്നെ മോശക്കാരിയാക്കാന്‍ അവര്‍ ആരാണ്. അവര്‍ ഒരിക്കലും എന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയില്ല. ഞാന്‍ എന്റെ മകനൊപ്പം താമസിക്കുന്നു. എന്റെ അരിവാള്‍ ഉപയോഗിച്ച് വിളവെടുക്കുന്നു. ഞാന്‍ ഇപ്പോഴും പഞ്ഞി കൃഷി ചെയ്യുന്നു. എന്റെ കുടുംബത്തിന് വേണ്ടി പച്ചക്കറികള്‍ നടുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നു.'' സംഭവത്തില്‍ മൊഹീന്ദര്‍ കൗര്‍ ഇങ്ങനെയാണ് പ്രതികരിച്ചത്.
Content Highlights: Actress Kangana Ranaut says she regrets on the 2020 tweet that misrepresented elderly farmer Mohinder Kaur, causing controversy