നഴ്സിങ് മേഖലയെ അപകീർത്തിപ്പെടുത്തി, വികൃതമായി ചിത്രീകരിച്ചു; കങ്കണ മാപ്പ് പറയണമെന്ന് കോൺഗ്രസ്

#സ്വന്തം ലേഖകൻ
കങ്കണ റണൗട്ട് | ഫോട്ടോ: എഎൻഐ
കങ്കണ റണൗട്ട് | ഫോട്ടോ: എഎൻഐ

മുംബൈ: ബി.ജെ.പി എം.പി.യും നടിയുമായ കങ്കണ റണൗട്ട് നഴ്സിങ്‌ സമൂഹത്തെക്കുറിച്ചു നടത്തിയ അത്യന്തം അപലപനീയവും അധിക്ഷേപകരവുമായ പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു. നഴ്സിങ് ലോകം മുഴുവൻ ആദരിക്കുന്ന സേവനാധിഷ്ഠിത മേഖലയായിരിക്കെ, അതിനെ ആക്ഷേപിക്കുന്ന വിധത്തിൽ പരമർശം നടത്തിയതു തീർത്തും അപലപനീയമാണ്. കോവിഡ് മഹാമാരിയുടെ ഇരുണ്ടനാളുകളിലും മറ്റു പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം ജീവൻ പോലും പണയംവെച്ചാണു രാജ്യത്തെ നഴ്സുമാർ രോഗികളെ പരിചരിച്ചത്. നഴ്സുമാരുടെ ആ വലിയ ത്യാഗം സമൂഹം ഇന്നും ഏറെ ആദരവോടെയാണു കാണുന്നത്. ഇത്തരം മഹനീയമായ ഒരു തൊഴിൽ മേഖലയെക്കുറിച്ച് ഒരു ജനപ്രതിനിധി തന്നെ ഇത്രയും തരംതാണതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമർശങ്ങൾ നടത്തുന്നത് അത്യന്തം ക്രൂരമാണ്. വിലകുറഞ്ഞ പബ്ലിസിറ്റിക്കുവേണ്ടി നിരന്തരം വിവാദപ്രസ്താവനകൾ നടത്തുന്നതിന്റെ ഭാഗമായാണ് കങ്കണയുടെ ഈ വാക്കുകളെ കാണാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

വാചകമടിയിലൂടെ ജനശ്രദ്ധ നേടുന്നതിനു പകരം, തുച്ഛമായ ശമ്പളവും സുരക്ഷിതത്വമില്ലായ്മയും കാരണം നഴ്സുമാർ രാജ്യം വിടുന്നതിന്റെ യഥാർഥ കാരണങ്ങൾ പഠിച്ച് അതിനു പരിഹാരം കാണുകയാണ് ഒരു ഭരണകക്ഷി എം.പി. ചെയ്യേണ്ടത്. നഴ്സുമാരുടെ അമിതമായ ജോലിഭാരം, ജീവനക്കാരുടെ കുറവ്, ഉയർന്ന മാനസിക സമ്മർദ്ദം എന്നിവയാണ് ഇന്ന് രാജ്യം അടിയന്തരമായി പരിഗണിക്കേണ്ട യഥാർഥ വിഷയങ്ങൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ആശുപത്രികളിൽ പോലും നഴ്സിങ് മേഖല വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഈ നയവൈകല്യങ്ങളെയാണ് കങ്കണ വിമർശിക്കേണ്ടതെന്നും മറിച്ച് നിസ്വാർഥ സേവനം ചെയ്യുന്ന നഴ്സുമാരെ അല്ലെന്നും ജോജോ തോമസ് ഓർമ്മിപ്പിച്ചു.

നഴ്സുമാരെ അപമാനിച്ചതിനു പ്രായശ്ചിത്തമായി, അവർ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്താനാണു ബി.ജെ.പി എം.പി. തയ്യാറാകേണ്ടത്. നഴ്സിങ് സമൂഹത്തെ വികൃതമായി ചിത്രീകരിച്ച പ്രസ്താവന കങ്കണ റണൗട്ട് ഉടനടി പിൻവലിക്കുകയും പരസ്യമായി ക്ഷമാപണം നടത്തുകയും വേണം. അതോടൊപ്പം, ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വേതന വർധനവും സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കാൻ സമഗ്രമായ നിയമനിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Kangana Ranaut criticized for offensive comments regarding the nursing profession. Jojo Thomas demands public apology and retraction of statements. Emphasis on the vital role of nurses during the COVID-19 pandemic. Call for government intervention regarding nursing wages and working conditions. Criticism of using controversy for publicity instead of addressing systemic issues