മെറിൽ സ്ട്രീപ്പിന് എത്ര ദേശീയ, പത്മപുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്? കങ്കണ

Kangana, Meryl Streep
Kangana, Meryl Streep

ലോകസിനിമയിലെ നടിമാരെ വെല്ലുവിളിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ചർച്ചയായിരുന്നു. ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു.

അമേരിക്കൻ താരം മെറിൽ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാൽഗാഡോട്ട് എന്നിവരുമായി തന്റെ പ്രകടനത്തെ താരതമ്യം ചെയ്തായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതിന് പിന്നാലെ ട്വിറ്ററിലുൾപ്പടെ താരത്തിനെതിരേ വിമർശനവും ട്രോളുകളും ശക്തമായിരുന്നു.  

മെറിൽ സ്ട്രീപ്പിനു ലഭിച്ച ഓസ്കർ പുരസ്കാരങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശകർ കങ്കണയെ നേരിട്ടത്. ഇപ്പോഴിതാ ഈ വിമർശനത്തിനും കങ്കണ മറുപടി നൽകിയിരിക്കുകയാണ്.  

"എനിക്ക് എത്ര ഓസ്കർ ലഭിച്ചിട്ടുണ്ടെന്ന് ചോദിക്കുന്നവർ, എത്ര ദേശീയ, പത്മ പുരസ്കാരം മെറിൽ സ്ട്രീപ്പിന് ലഭിച്ചിട്ടുണ്ടെന്നും ചോദിക്കണം. ഒരെണ്ണം പോലുമില്ല. നിങ്ങളുടെ അടിമത്ത മനോഭാവത്തിൽ നിന്ന് പുറത്ത് വരൂ.. ആത്മാഭിമാനവും സ്വന്തം മൂല്യവും കണ്ടെത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു". കങ്കണ ട്വീറ്റ് ചെയ്യുന്നു.

മൂന്ന് തവണ ദേശീയ പുരസ്കാരം സ്വന്തമാക്കിയ നടിയാണ് കങ്കണ. 21 തവണ അക്കാദമി അവാർ‌ഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും മൂന്ന് തവണ ജേതാവുകയും ഒമ്പത് തവണ ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരവും നേടിയിട്ടുള്ള താരമാണ് മെറിൽ സ്ട്രീപ്പ്. 

ആക്ഷൻ രംഗങ്ങളുടെ കാര്യത്തിൽ താൻ ടോം ക്രൂയിസിനേക്കാൾ മികച്ചതാണെന്നും കങ്കണ അവകാശപ്പെട്ടിരുന്നു. ബ്രേവ് ഹാർട്ട് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷൻ സംവിധായകൻ തന്നോട് ഇത് പറഞ്ഞിട്ടുണ്ടെന്നും കങ്കണ കുറിച്ചു.

Content Highlights: Kangana Ranaut Meryl streep comparison trolls kangana tweet

Content Highlights: