രജനികാന്തിന് ഇഷ്ടപ്പെടുന്ന സിനിമയേ എടുക്കൂ, ഒരുമിച്ച് അഭിനയിക്കാവുന്ന സിനിമയുണ്ടോ എന്ന് അന്വേഷിക്കുന്നു- കമൽഹാസൻ

തലൈവർ 173 എന്ന ചിത്രത്തിൽനിന്ന് സംവിധായകൻ സുന്ദർ സി. പിന്മാറിയ വിഷയത്തിൽ പ്രതികരണവുമായി കമൽഹാസൻ. അദ്ദേഹവുമായി ഒരുമിച്ച് ഇനിയൊരു സിനിമയ്ക്ക് സാധ്യതയില്ല. രജനികാന്തിനുകൂടി ഇഷ്ടപ്പെടുന്ന ഒരു പ്രോജക്റ്റ് വരുന്നതുവരെ കാത്തിരിക്കുമെന്നും കമൽഹാസൻ പറഞ്ഞു. ഒരു വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കമൽഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രമാണ് തലൈവർ 173. ഏറെക്കാലത്തിനുശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ആകർഷണം. സുന്ദർ സി. ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന് ഈ മാസം രണ്ടാം തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഏതാനും ദിവസങ്ങൾക്കുമുൻപ് താൻ ഈ പ്രോജക്റ്റിൽനിന്ന് പിന്മാറുകയാണെന്ന് സുന്ദർ സി. അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും പരക്കുന്ന സാഹചര്യത്തിലാണ് കമൽഹാസൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
'സുന്ദർ സി. തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, ഒരുമിച്ചൊരു സിനിമയ്ക്ക് സാധ്യതയില്ല. ഞാനൊരു നിർമ്മാതാവാണ്. അതുകൊണ്ട് എൻ്റെ താരമായ സൂപ്പർസ്റ്റാർ രജനികാന്തിനെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാണ് എനിക്ക് ചെയ്യേണ്ടത്. അദ്ദേഹത്തിന് തൃപ്തിയാകും വരെ ഞങ്ങൾ തിരക്കഥകൾ കേൾക്കുന്നത് തുടരും. അഭിനേതാക്കളെന്ന നിലയിൽ ഞങ്ങൾ ഒരുമിക്കുന്ന സിനിമയ്ക്കായി മറ്റൊരു കഥ തേടുകയാണ്.' കമൽഹാസന്റെ പ്രതികരണം ഇങ്ങനെ.
ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ കാരണങ്ങളാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കുമായി എഴുതിയ കുറിപ്പിൽ സുന്ദർ സി. പറഞ്ഞത്. ഈ തീരുമാനത്തെ പ്രയാസകരം എന്നാണ് വാർത്താക്കുറിപ്പിൽ സുന്ദർ സി. വിശേഷിപ്പിച്ചത്. 2027-ലെ പൊങ്കൽ റിലീസായി ചിത്രം തീയേറ്ററുകളിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്.
Content Highlights: Kamal Haasan on Rajinikanth Collaboration: "Waiting for a Project We Both Love"