വിജയിച്ചത് നീതിയും ആ അമ്മയുടെ പോരാട്ടസമാന സ്വഭാവവും; പേരറിവാളന്റെ മോചനത്തിൽ കമൽ ഹാസൻ

കമൽ ഹാസൻ, പേരറിവാളന്റെ അമ്മ അർപ്പുതാമ്മാൾ | ഫോട്ടോ: പി.ടിഐ
കമൽ ഹാസൻ, പേരറിവാളന്റെ അമ്മ അർപ്പുതാമ്മാൾ | ഫോട്ടോ: പി.ടിഐ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷത്തെ ജയിൽ വാസത്തിന് ശേഷം പേരറിവാളൻ മോചിതനായ സംഭവത്തിൽ പ്രതികരണവുമായി നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ. പേരറിവാളൻ മോചിതനായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജീവപര്യന്തത്തേക്കാൾ നീണ്ട 31 വർഷങ്ങൾ. ഇപ്പോഴെങ്കിലും അത് അവസാനിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പേരറിവാളനോട് അനീതി കാണിച്ച് സർക്കാരുകൾ പന്താടിയ അന്തരീക്ഷത്തിൽ, കോടതി തന്നെ സ്വമേധയാ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. വിജയം നേടിയത് നീതിയും പേരറിവാളന്റെ അമ്മ അർപ്പുതാമ്മാളിന്റെ യുദ്ധസമാനമായ സ്വഭാവവുമാണ്. അദ്ദേഹം ട്വീറ്റ് ചെയ്തു.

1991 മേയ് 21-ന് ചെന്നൈയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് പേരറിവാളനെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. കേസിലെ മുഖ്യ ആസൂത്രകനായിരുന്ന ശിവരശന് ബെൽറ്റ് ബോംബ് നിർമിക്കാനുള്ള ഒമ്പത് വോൾട്ടിന്റെ രണ്ട് ബാറ്ററികൾ വാങ്ങി നൽകി എന്നതായിരുന്നു പേരറിവാളനുമേൽ ആരോപിക്കപ്പെട്ട കുറ്റം.

Content Highlights: kamal haasan on perarivalan's release, rajiv gandhi assassination case