ഈ ദുഖം താങ്ങാവുന്നതിലും അപ്പുറം; വികാരാധീനനായി കമല്‍ ഹാസന്‍

ചെന്നൈ: ഇന്ത്യന്‍ സിനിമയുടെ സെറ്റിലുണ്ടായ അപകടത്തില്‍ സഹപ്രവര്‍ത്തകര്‍ മരിച്ചത് അത്യന്തം വേദനാജനകമെന്ന് നടന്‍ കമല്‍ ഹാസന്‍. അവരുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന വേദന താങ്ങാവുന്നതിലും അപ്പുറമാണെന്നും. അവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും കമല്‍ ട്വീറ്റ് ചെയ്തു.
സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവര്‍ അപകടത്തില്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംവിധായകന്‍ ശങ്കറിനും പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു.
അപകടത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സംഭവ സമയത്ത് നടന്‍ കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്‍ വിജയ് അഭിനയിച്ച ബിഗില്‍ സിനിമയുടെ സെറ്റിലും ഇത്തരത്തില്‍ ക്രെയിന്‍ മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്.
Content Highlights: Kamal Haasan mourns the death of his colleague Indian 2 movie set accident Shankar
Content Highlights: