എന്നെ ഉപേക്ഷിച്ച് പോകുകയാണോ?; റോബോ ശങ്കർ എന്റെ ഇളയ സഹോദരൻ- കമൽ ഹാസൻ

കമൽ ഹാസൻ, റോബോ ശങ്കർ | Photo: AFP, Facebook:Stage Performers
കമൽ ഹാസൻ, റോബോ ശങ്കർ | Photo: AFP, Facebook:Stage Performers

ടൻ റോബോ ശങ്കറിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കമൽ ഹാസൻ. ഹൃദയസ്പർശിയായ ഒരു എക്സ് കുറിപ്പിലൂടെയാണ് കമൽ തന്റെ അനുശോചനം രേഖപ്പെടുത്തിയത്. 'റോബോ ശങ്കർ, റോബോ എന്ന് ഒരു വിളിപ്പേര് മാത്രമാണ്. എൻ്റെ നിഘണ്ടുവിൽ നിങ്ങൾ ഒരു മനുഷ്യനാണ്. അതിനാൽ, നീ എന്റെ ഇളയ സഹോദരനാണ്. നീ എന്നെ ഉപേക്ഷിച്ച് പോകുകയാണോ? നിന്റെ ജോലി കഴിഞ്ഞു നീ മടങ്ങി. എന്റേത് ഇനിയും ബാക്കിയുണ്ട് ', കമൽ എക്സിൽ കുറിച്ചു. 

ഞെട്ടലോടെയാണ് തമിഴ് സിനിമാ ലോകം റോബോ ശങ്കറിന്റെ മരണവാർത്തയറിഞ്ഞത്. വ്യാഴാഴ്ച ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കർ രാത്രി ആശുപത്രിയിലാണ് മരിച്ചത്.

മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജിൽ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കർ എന്നപേരു ലഭിച്ചത്. സ്റ്റാർ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. വിജയ് സേതുപതി നായകനായ ‘ഇതർക്കുതനെ അസൈപ്പെട്ടൈ ബാലമുരുക’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷംചെയ്തു. ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു. 

ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കർ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. ടെലിവിഷൻ താരം പ്രിയങ്കയാണ് ഭാര്യ. മകൾ ഇന്ദ്രജ ഏതാനും സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്. 

Content Highlights: Actor Robo Shankar Passes Away: Kamal Haasan Pays Tribute to "Younger Brother"