ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ശിക്ഷിക്കരുത്, 33% സ്ത്രീ സംവരണം ഉടൻ നടപ്പിലാക്കണം -കമൽഹാസൻ

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിൽ സർക്കാർ ഗൗരവമുള്ളവരാണെങ്കിൽ, ഈ സംവരണം ഉടനടി നടപ്പിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ ഉന്നമനത്തിനായി പാർലമെന്റിന്റെ ഒരു പ്രത്യേക സമ്മേളനം കൂടി വിളിച്ചുചേർക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
സ്ത്രീ സംവരണത്തെ മണ്ഡല പുനർനിർണയവുമായി (delimitation) ബന്ധിപ്പിക്കുന്നത് പ്രാദേശിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് കമൽഹാസൻ ആശങ്ക പ്രകടിപ്പിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ജനസംഖ്യാ വ്യത്യാസം നിലനിൽക്കെ, മണ്ഡല പുനർനിർണയം പിൻവാതിലിലൂടെ നടപ്പിലാക്കുന്നത് ഇന്ത്യയുടെ ഫെഡറൽ സന്തുലിതാവസ്ഥയെ തകർക്കുമെന്ന് കമൽ ഹാസൻ മുന്നറിയിപ്പ് നൽകി. സ്ത്രീ കേന്ദ്രീകൃത വികസനത്തിനും ജനസംഖ്യാ നിയന്ത്രണത്തിനും മുൻഗണന നൽകിയ തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ശിക്ഷിക്കരുത്, മറിച്ച് അവരെ മാതൃകകളായി കാണുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഎംകെ എംപി പി. വിൽസൺ അവതരിപ്പിച്ച പുതിയ പ്രൈവറ്റ് മെമ്പർ ബില്ലിനെ കമൽഹാസൻ പൂർണ്ണമായി പിന്തുണച്ചു. "ഡിലിമിറ്റേഷൻ 2051 വരെ മരവിപ്പിക്കാനും, ഇത് വടക്കേന്ത്യൻ സംസ്ഥാനങ്ങൾക്ക് ജനസംഖ്യാ സ്ഥിരത കൈവരിക്കാൻ സമയം നൽകുമെന്നും ബിൽ നിർദ്ദേശിക്കുന്നു. യഥാർത്ഥ സ്ത്രീ ശാക്തീകരണം വഴി ഗുണമേന്മയുള്ള വിദ്യാഭ്യാസം, ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം, തുല്യ തൊഴിൽ അവസരങ്ങൾ എന്നിവയിലൂടെ ഇത് കൈവരിക്കാനാകും." അദ്ദേഹം പറഞ്ഞു.
"സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കുന്നുണ്ടെങ്കിൽ, നിലവിലെ പാർലമെന്റിന്റെ അംഗസംഖ്യയ്ക്കുള്ളിൽ 33% സംവരണം ഉടൻ നടപ്പാക്കണം. സ്ത്രീ കേന്ദ്രീകൃത വികസനത്തിനും ജനസംഖ്യാ സ്ഥിരതയ്ക്കും മുൻഗണന നൽകിയ തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളെ മാതൃകയായി കാണണം, അല്ലാതെ കുറഞ്ഞ രാഷ്ട്രീയ പ്രാതിനിധ്യത്തോടെ ശിക്ഷിക്കരുത്. അസംബ്ലി തിരഞ്ഞെടുപ്പുകൾക്ക് ശേഷം പാർലമെന്റിന്റെ മറ്റൊരു പ്രത്യേക സമ്മേളനം വിളിച്ച് ഈ ബിൽ പാസാക്കണമെന്നോ അല്ലെങ്കിൽ സമാനമായ ഒരു സർക്കാർ നിയമനിർമ്മാണം വൈകാതെ അവതരിപ്പിക്കണമെന്നോ ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു." കമൽഹാസൻ കൂട്ടിച്ചേർത്തു.
സ്ത്രീ സംവരണ ബില്ലിൽ മാറ്റം വരുത്താനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ കഴിഞ്ഞ വെള്ളിയാഴ്ച ലോക്സഭയിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് കമല ഹാസന്റെ ഈ പ്രതികരണം. സർക്കാരിന് പാർലമെന്റിൽ പ്രത്യേക ഭൂരിപക്ഷം നേടാൻ കഴിയാത്തത് വലിയ തിരിച്ചടിയായി. 298 അംഗങ്ങൾ സർക്കാരിനെ അനുകൂലിച്ചപ്പോൾ 230 പ്രതിപക്ഷ അംഗങ്ങൾ നിയമത്തിനെതിരെ വോട്ട് ചെയ്തു.
Content Highlights: Kamal Haasan demands that the 33% reservation be applied within the current strength of Parliament (543 seats) without waiting for a new census or delimitation.