ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയി 'കളങ്കാവല്‍'; മമ്മൂട്ടി ചിത്രത്തിന്റെ ആഗോള റിലീസ് വെള്ളിയാഴ്ച

#Movies Desk
ബുക്ക് മൈ ഷോ ബുക്കിങ്, കളങ്കാവല്‍ പോസ്റ്റര്‍
ബുക്ക് മൈ ഷോ ബുക്കിങ്, കളങ്കാവല്‍ പോസ്റ്റര്‍

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച 'കളങ്കാവ'ലിന്റെ കേരളാ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച ആരംഭിച്ചു. രാവിലെ 11.11-നാണ് ചിത്രത്തിലെ ഓള്‍ കേരള ബുക്കിംഗ് ഓപ്പണ്‍ ആയത്. ബുക്കിങ് ആരംഭിച്ച നിമിഷം മുതല്‍ തന്നെ ചിത്രം ബുക്ക് മൈഷോയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. പതിനായിരത്തിനു മുകളില്‍ ടിക്കറ്റുകളാണ് ബുക്കിങ് ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റേതായി ബുക്ക് മൈ ഷോ ആപ്പിലൂടെ വിറ്റു പോയത്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി ബുക്ക് ചെയ്യാവുന്നതാണ്.

ഡിസംബര്‍ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച 'കളങ്കാവല്‍', മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

ചിത്രത്തിന്റെ പ്രീ റിലീസ് ടീസര്‍ തിങ്കളാഴ്ച പുറത്തു വരും. വൈകുന്നേരം ഏഴരക്കാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത്. കൊച്ചിയില്‍ നടക്കുന്ന ടീസര്‍ ലോഞ്ച് ചടങ്ങില്‍ മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ 23 നായികമാരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മലയാള സിനിമയിലെ പ്രമുഖതാരങ്ങളും പങ്കെടുക്കും. ചിത്രത്തിന്റെ രണ്ടാംടീസര്‍ ആണ് പ്രീ റിലീസ് ടീസര്‍ ആയി എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ടീസറിനും ട്രെയ്ലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഗള്‍ഫിലും ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ചിത്രം തമിഴ്‌നാട് വിതരണം ചെയ്യുന്നത് ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ 'ലോക' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തമിഴ്‌നാട് വിതരണം ചെയ്തതും ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആയിരുന്നു. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. എട്ടുമാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും 'കളങ്കാവല്‍' കാത്തിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥയൊരുക്കി ശ്രദ്ധനേടിയ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കളങ്കാവല്‍'. മുജീബ് മജീദ് സംഗീതം നല്‍കിയ തമിഴ് റെട്രോ ശൈലിയിലുള്ള ഗാനങ്ങള്‍ക്ക് വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ അഭിമുഖങ്ങളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലാണ് അഭിമുഖങ്ങള്‍ റിലീസ് ചെയ്തിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, വരികള്‍: വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍: കിഷന്‍ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: എസ്. സന്തോഷ് രാജു, വിഎഫ്എക്‌സ് കോഓര്‍ഡിനേറ്റര്‍: ഡിക്‌സന്‍ പി. ജോ, വിഎഫ്എക്‌സ്: വിശ്വ എഫ്എക്‌സ്, സിങ്ക് സൗണ്ട്: സപ്ത റെക്കോര്‍ഡ്‌സ്, സ്റ്റില്‍സ്: നിദാദ്, ടൈറ്റില്‍ ഡിസൈന്‍: ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Mammootty`s highly anticipated film `Kalamkaval` is trending on BookMyShow with global release on Friday