'ഭീമാകാരമായ ആ ക്രെയിന്‍ വീണതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല, ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം'

-
-

കഴിഞ്ഞ രാത്രിയില്‍ ചെന്നൈയിലെ ഇന്ത്യന്‍ 2 സെറ്റില്‍ വച്ചുണ്ടായ അപകടത്തിന്റെ ഞെട്ടല്‍ മാറാതെ നടി കാജല്‍ അഗര്‍വാള്‍. കമല്‍ഹാസന്‍ സംവിധായകന്‍ ശങ്കര്‍, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ തലനാരിഴയ്ക്കാണ് ക്രെയിന്‍ വീണുണ്ടായി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അപകടത്തില്‍ നിന്നും രക്ഷനേടാനായതില്‍ ദൈവത്തോടു നന്ദി പറയുകയാണ് കാജല്‍. 

'സെറ്റില്‍ കഴിഞ്ഞ രാത്രി, ഭീമാകാരമായ ആ ക്രെയിന്‍ വീണുണ്ടായ അപകടത്തിന്റെ ഞെട്ടലില്‍ നിന്നും ട്രോമയില്‍ നിന്നും വിട്ടുമാറിയിട്ടില്ല. എല്ലാം ഒരു നിമിഷം കൊണ്ടാണ് സംഭവിച്ചത്. ആ നിമിഷം എന്റെ ജീവന്‍ ബാക്കി വച്ചു. അതുകൊണ്ട് എനിക്ക് ഈ ട്വീറ്റ് ചെയ്യാനായി. ദൈവത്തോട് നന്ദി. ജീവിതത്തിന്റെയും സമയത്തിന്റെയും വില എന്നെ പഠിപ്പിച്ചതിന്‌

..'

മരിച്ച സംവിധാന സഹായികളായ മധു, കൃഷ്ണ, നൃത്ത സഹസംവിധായകന്‍ ചന്ദ്രന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടും കാജല്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. മരിച്ച സഹപ്രവര്‍ത്തകരുടെ കുടുംബത്തിന് നഷ്ടം താങ്ങാനുള്ള കരുത്തേകണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. സെറ്റില്‍ ഒരുക്കിയിരുന്ന ടെന്റിന് മേല്‍ ക്രെയിന്‍ വീണു. ക്രെയിനിനടയില്‍പ്പെട്ട മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു.

ടെന്റിനുള്ളില്‍ അവര്‍ക്കൊപ്പം ശങ്കറും ഇരുന്നിരുന്നു. ടെന്റിന് മുകളില്‍ കെട്ടിയിരുന്ന തുണിയുടെ ഭാഗമാണ് ശങ്കറിന് മേല്‍ വീണത്. അദ്ദേഹം ഇരുന്നിടത്ത് നിന്ന് തെന്നിമാറിയത് കൊണ്ട് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ശങ്കറിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 

അപകടത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സംഭവസമയത്ത് നടന്‍ കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

Content Highlights : kajal agarwal tweet about indian 2 movie crane accident kamal hassan shankar

Content Highlights: